ജിദ്ദ: ജനിതകമാറ്റം വന്ന കോവിഡ് കണ്ടെത്തിയ പശ്ചാത്തലത്തിൽ സൗദി അറേബ്യ ഏർപ്പെടുത്തിയ പ്രവേശന നിരോധനം പിൻവലിച്ചു. ഇന്നാണ് പ്രവേശന വിലക്ക് നീക്കിക്കൊണ്ടുള്ള തീരുമാനം വന്നത്. രാജ്യത്തേക്കുള്ള കര, കടൽ അതിർത്തികൾ ഉൾപ്പെടെ തുറക്കമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തേക്കുള്ള വിമാന സർവിസുകളുടെ വിലക്കുകളും നീക്കിയിട്ടുണ്ട്.

വിവിധ രാജ്യങ്ങളിൽ കോവിഡിന്റെ ജനിതകമാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ രണ്ടാഴ്ച മുമ്പാണ് മുൻകരുതൽ നടപടികളുടെ ഭാഗമായി സൗദിയിലേക്കുള്ള എല്ലാ പ്രവേശന മാർഗങ്ങളും അടച്ചിരുന്നത്. സൗദിയിൽ ഇതുവരെ പുതിയ വൈറസ് കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ല.

ഇന്ന് മുതൽ വിദേശികൾക്കും സ്വദേശികൾക്കും രാജ്യത്തേക്ക് മടങ്ങാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. അതേസമയം, പുതിയ കോവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളിൽനിന്നും വരുന്നവർ രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് സൗദിക്ക് പുറത്തുള്ള മറ്റേതെങ്കിലും രാജ്യങ്ങളിൽ 14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കണം. തുടർന്ന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ രാജ്യത്ത് പ്രവേശിക്കാനാവൂ.

പുതിയ കോവിഡ് വൈറസ് കണ്ടെത്താത്ത രാജ്യങ്ങളിൽനിന്നും വരുന്നവർക്ക് നേരത്തെ രാജ്യത്ത് നിലവിലുണ്ടായിരുന്ന നടപടിക്രമങ്ങൾ തന്നെ തുടരും. അവർ സൗദിയിലെത്തി ഏഴ് ദിവസം ക്വാറന്റീനിൽ തുടരുകയോ മൂന്ന് ദിവസത്തിന് ശേഷം പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് ഉറപ്പു വരുത്തുകയോ വേണം.

ഇന്ത്യയിൽനിന്നും നേരിട്ടുള്ള വിമാന സർവിസുകൾക്ക് നേരത്തെയുണ്ടായിരുന്ന വിലക്കിനെസംബന്ധിച്ച അവ്യക്തത തുടരുകയാണ്. എന്നാൽ, മറ്റു രാജ്യങ്ങളിൽ 14 ദിവസം താമസിച്ച് വരുന്ന ഇന്ത്യക്കാർക്ക് സൗദിയിൽ പ്രവേശിക്കാം. ദുബായിലും മറ്റുമായി കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാർക്ക് ഇതോടെ സൗദിയിൽ എത്താനുള്ള വഴിതുറക്കും.