റിയാദ്: സൗദിയിൽ വീണ്ടും ഹൂതി വിമതരുടെ ആക്രമണം ലക്ഷ്യത്തിൽ എത്തും മുമ്പ് തകർത്ത് സഖ്യസേന. സൗദി അറേബ്യയിലെ അബഹ വിമാനത്താവളം ലക്ഷ്യമിട്ടായിരുന്നു ഇക്കുറി ഹൂതികളുടെ വ്യോമാക്രമണം. ചൊവ്വാഴ്‌ച്ച പുലർച്ചെയായിരുന്നു യമനിൽ നിന്നും ആക്രമണം ഉണ്ടായത്. എന്നാൽ, ഡ്രോണുകൾ ഖമീസ് മുശൈത്തിൽ വെച്ച് സൗദി സഖ്യസേന തകർക്കുകയായിരുന്നു.

ആക്രമണത്തിൽ ആളപായമോ പരിക്കുകളോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. ചൊവ്വാഴ്ച പുലർച്ചെയാണ് സ്‌ഫോടക വസ്തുക്കൾ നിറച്ച ആളില്ലാത്ത വിമാനം ഉപയോഗിച്ച് ആക്രമണം. എന്നാൽ, ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പേ അറബ് സഖ്യസേന ഡ്രോൺ പ്രതിരോധിച്ചു. ആകാശത്ത് വെച്ച് തന്നെ ഇവ തകർത്തു. അബഹ വിമാനത്താവളത്തിന്റെ പരിസരങ്ങളിൽ ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ചു. ആർക്കും പരിക്കില്ല. വിമാന സർവീസുകളേയും ബാധിച്ചിട്ടില്ല.

സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ഹൂതികളുടെ നീക്കമെന്ന് സൗദി പ്രസ് ഏജൻസി അറിയിച്ചു. ഇറാന്റെ പിന്തുണയോടെ യെമനിലെ സനായിൽ നിന്നാണ് ഡ്രോൺ വിക്ഷേപിച്ചതെന്ന് ഔദ്യോഗിക ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരി പത്തിന് അബഹ വിമാനത്താവളത്തിൽ ഹൂതികൾ നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് ഒരു വിമാനത്തിന് തീപിടിച്ചിരുന്നു. തുടർന്ന് എല്ലാ ദിവസവും ആക്രമണ ശ്രമം നടക്കുന്നുണ്ട്.

മേഖലയുടെ സുരക്ഷയ്ക്കും രാജ്യാന്തര സമാധാനത്തിനും ഹൂതികൾ സൃഷ്ടിക്കുന്ന ഭീഷണി അവസാനിപ്പിക്കാൻ യുഎൻ രക്ഷാ സമിതി ഇടപെടണമെന്നാണ് സൗദി ആവശ്യപ്പെടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സൗദി അറേബ്യ നേരത്തേ ഐക്യരാഷ്ട്രസഭയ്ക്കു കത്തയച്ചിരുന്നു. രാജ്യാന്തര നിയമങ്ങളും യു.എൻ തീരുമാനങ്ങളും ലംഘിച്ച് ഇറാൻ പിന്തുണയോടെയാണ് ഹൂതികളുടെ ആക്രമണമെന്ന് ഐക്യരാഷ്ട്ര സഭയിലെ സൗദി സ്ഥിരം പ്രതിനിധി അംബാസഡർ അബ്ദുല്ല അൽമുഅല്ലി ആരോപിച്ചു.