ന്യൂഡൽഹി: ബംഗളൂരൂ സ്ഫോടന കേസിൽ പ്രതിയായ പിഡിപി നേതാവ് അബ്ദുൽ നാസർ മദനി അപകടകാരിയായ ആളെന്ന് സുപ്രീം കോടതി. മദനി ഗുരുതര കുറ്റകൃത്യങ്ങളിൽ പങ്കാളിയായിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ പരാമർശിച്ചു.

ചികിത്സയും സാമ്പത്തിക ബുദ്ധിമുട്ടും ഉൾപ്പെടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേരളത്തിലേക്കു പോകാൻ അനുവദിക്കണമെന്ന മദനിയുടെ ഹർജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റസിന്റെ പരാമർശം. ഹർജി കോടതി അടുത്തയാഴ്ചയിലേക്കു മാറ്റി. ബംഗളൂരു നഗരത്തിന് പുറത്തുപോകാൻ പാടില്ലെന്ന ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്നും, കേരളത്തിലെ വീട്ടിലേക്ക് പോകാൻ അനുവദിക്കണമെന്നുമാണ് അബ്ദുൾ നാസർ മഅദ്നിയുടെ ഹർജിയിലെ ആവശ്യങ്ങൾ.

ഒച്ചിഴയുന്ന വേഗതയിലാണ് വിചാരണയുടെ പോക്ക്. ബംഗളൂരുവിലെ വിചാരണക്കോടതിയിൽ ജഡ്ജിയും ഇല്ല. ആരോഗ്യ അവസ്ഥയും ബംഗളൂരുവിൽ തുടരുന്നതിലെ സാമ്പത്തിക ബുദ്ധിമുട്ടും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 2014 ജൂലൈയിലാണ് സുപ്രിംകോടതി അബ്ദുൾ നാസർ മഅദ്‌നിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എന്നാൽ ബെംഗളൂരുവിൽ തന്നെ തുടരണം എന്ന വ്യവസ്ഥ കോടതി അന്ന് പുറപ്പെടുവിച്ചിരുന്നു.

കോടതിയുടെ ജാമ്യ വ്യവസ്ഥ ഒരു ഘട്ടത്തിലും മദനി ലംഘിച്ചിട്ടില്ല എന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകർ ജയന്ത് ഭൂഷൺ, ഹാരിസ് ബീരാൻ എന്നിവർ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ മദനിയും ആയി ബന്ധപ്പെട്ട ഒരു കേസ് മദ്രാസ് ഹൈക്കോടതി ജഡ്ജി ആയിരുന്ന കാലയളവിൽ താൻ പരിഗണിച്ചിരുന്നോ എന്ന് സംശയം ഉള്ളതായി ഇന്ന് ചീഫ് ജസ്റ്റിസ് ബോബ്‌ഡെയെക്ക് ഒപ്പം കേസ് പരിഗണിച്ചിരുന്ന ബെഞ്ചിലെ അംഗം ആയ ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം ചൂണ്ടിക്കാട്ടി. ഇതേ തുടർന്ന് ആണ് മദനിയുടെ അപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റിയത്.

ബെംഗളൂരുവിൽ കോവിഡ് കേസ്സുകളുടെ എണ്ണം കൂടുന്നതിനാൽ ആവശ്യമായ ചികത്സ ലഭിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ആണ് ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി മദനി സുപ്രീം കോടതിയെ സമീപിച്ചത്. പിതാവിന്റെ ആരോഗ്യ സ്ഥിതിയും മോശമാണെന്ന് മദനി തന്റെ അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.