ന്യൂഡൽഹി: സുപ്രീം കോടതി നടപടികൾ വൈകാതെ ജനങ്ങൾക്ക് തത്സമയം കാണാനുള്ള അവസരം ഒരുങ്ങുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ. ലൈവ് സ്ട്രീമിങ്ങിനുള്ള നടപടിക്രമങ്ങൾ തുടങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് ഹൈക്കോടതി നടപടികൾ തത്സമയം കാണുന്നതിനുള്ള സംവിധാനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്.

നിലവിൽ മാധ്യമങ്ങളിലൂടെയാണ് കോടതി നടപടികൾ സംബന്ധിച്ച വിവരങ്ങൾ ജനങ്ങൾ അറിയുന്നത്. ബഞ്ചിന്റെ നിരീക്ഷണങ്ങളും ഉന്നയിക്കുന്ന ചോദ്യങ്ങളും അടക്കം ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നു. ഇത്തരം കാര്യങ്ങൾ പലപ്പോഴും കോടതിക്ക് അപകീർത്തിയുണ്ടാക്കുന്നു. ജനങ്ങൾക്ക് കോടതി നടപടികൾ നേരിട്ട് കാണാൻ കഴിയാത്തതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണം.

ലൈവ് സ്ട്രീമിങ്ങ് ഏർപ്പെടുത്തുന്നതോടെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. കോടതി നടപടികൾ ജനങ്ങൾക്ക് നേരിട്ട് കാണാൻ കഴിഞ്ഞാൽ അവയെക്കുറിച്ചും ജഡ്ജിമാർ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളെക്കുറിച്ചും അവർക്ക് നേരിട്ട് വിവരം ലഭിക്കും. എന്നാൽ അതീവ ജാഗ്രതയോടെ വേണം ഈ നടപടി സ്വീകരിക്കാൻ.

പലപ്പോഴും തത്സമയ സംപ്രേഷണം ഇരുതല മൂർച്ചയുള്ള വാളായി മാറാനും സാധ്യതയുണ്ട്. ന്യായാധിപന്മാരെ അത് കടുത്ത സമ്മർദ്ദത്തിലാക്കാം. പൊതുജന മധ്യത്തിലുണ്ടാകുന്ന സംവാദങ്ങൾ സ്വാധീനിക്കപ്പെടാതിരിക്കാൻ ജഡ്ജിമാർ ശ്രദ്ധിക്കണം.

അതേസമയം അഭിഭാഷകർ കക്ഷികളുടെ താത്പര്യം സംരക്ഷിക്കുന്നതിന് കൂടുതൽ പ്രാധാന്യം നൽകുന്ന സ്ഥിതിവിശേഷം ഇതുമൂലം ഉണ്ടാകാം. കോടതി നടപടികളുടെ തത്സമയ സംപ്രേഷണം സുതാര്യത വർധിപ്പിക്കുമെന്ന് ചടങ്ങിൽ സംബന്ധിച്ച ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അഭിപ്രായപ്പെട്ടു.