തിരുവനന്തപുരം: സംവരണം 50 ശതമാനം കടക്കരുതെന്ന ഇന്ദിര സാഹ്നി കേസ് വിധി പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്ന് സുപ്രീംകോടതി വിധി കേരളത്തിന് നിർണായകമാകും. സംസ്ഥാനത്ത് മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള 10% സംവരണത്തെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.

സംവരണം 50 ശതമാനത്തിൽ അധികം ആകുന്നത് ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചത്. മറാഠ സംവരണ നിയമം സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു.

പിന്നാക്ക വിഭാഗ പട്ടിക നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിനെന്നും സംസ്ഥാനങ്ങൾക്ക് വേറെ പട്ടിക തയാറാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പിന്നാക്ക പട്ടിക രാഷ്ട്രപതിയുടെ അധികാര പരിധിയിലാണ്. പട്ടിക തയാറാക്കാൻ നിയമസഭയ്ക്ക് അധികാരം വേണമെന്ന് കേരളം വാദിച്ചിരുന്നു.

സംവരണം 50 ശതമാനം കടക്കാമെന്നായിരുന്നു കേരളത്തിന്റെ നിലപാട്. മുന്നാക്കക്കാരിലെ സാമ്പത്തികമായി ദുർബല വിഭാഗത്തിനുവേണ്ടിയായിരുന്നു കേരളം വാദിച്ചത്. എന്നാൽ സുപ്രീംകോടതി വിധിയോടെ കേരളത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗക്കാർക്ക് പത്ത് ശതമാനം സംവരണം ഒരുക്കാൻ സർക്കാർ മറ്റ് മാർഗങ്ങൾ തേടേണ്ടി വരും.

നിലവിലുള്ള സമുദായ സംവരണത്തെ ഒരു വിധത്തിലും ബാധിക്കാത്ത വിധത്തിൽ 10% സാമ്പത്തിക സംവരണം കൂടി നടപ്പാക്കണമെന്നു ഭരണഘടനാ ഭേദഗതി കൊണ്ടു വരികയാണ് ഇതു മറികടക്കാനുള്ള പോംവഴിയെന്നാണ് നിയമ മന്ത്രിയായ എ.കെ. ബാലന്റെ പ്രതികരണം.

കേരളത്തിൽ നിലവിൽ 50% ജനസംഖ്യാനുപാതിക സമുദായ സംവരണമുണ്ട്. ശേഷിക്കുന്ന 50% വരുന്ന പൊതു വിഭാഗത്തിൽ നിന്നാണു നമ്മൾ 10% സാമ്പത്തിക സംവരണം നടപ്പാക്കിയത്. ഭരണഘടനാ ഭേദഗതിയുടെ പിൻബലത്തിലാണ് ഇതു കൊണ്ടു വന്നത്. എന്നാൽ നിലവിലുള്ള ഭരണഘടനാ ഭേദഗതി ഈ സാമ്പത്തിക സംവരണം സംരക്ഷിക്കുന്നതിന് അപര്യാപ്തമാണ്.

നിലവിലുള്ള 50% സാമുദായിക സംവരണത്തെ ഒരു വിധത്തിലും നമുക്കു തൊടാനാവില്ല. ഒപ്പം 10% സാമ്പത്തിക സംവരണം കൂടി നൽകാൻ സാധിക്കുകയും വേണം. സുപ്രീം കോടതി വിധി വന്നതിനാൽ സാമ്പത്തിക സംവണത്തിനായി നമ്മൾ എടുത്ത നടപടികൾ ഇനി നിലനിൽക്കില്ല.

സംവരണത്തിന് അർഹമായ പിന്നാക്ക വിഭാഗങ്ങളെ തീരുമാനിക്കുന്നതു രാഷ്ട്രപതിയുടെ അധികാരത്തിൽപ്പെട്ട കാര്യമാണെന്നും സുപ്രീം കോടതി പറയുന്നു. സംസ്ഥാനത്തു പിന്നാക്ക വിഭാഗ കമ്മിഷനാണ് ഇതു തീരുമാനിച്ചിരുന്നത്. എസ്‌ഐയുസി ഇതര ക്രിസ്ത്യൻ നാടാർ വിഭാഗത്തിനു സംവരണം നൽകാൻ തീരുമാനിച്ചതു കമ്മിഷൻ ശുപാർശയുടെ അടിസ്ഥാനത്തിൽ സംസ്ഥാന മന്ത്രിസഭ ആയിരുന്നു. ഇനി മുതൽ ഇങ്ങനെ സംവരണം നൽകണമെങ്കിൽ രാഷ്ട്രപതിയുടെ അനുമതിക്കു വിടണം.

നിലവിലുള്ള സമുദായ സംവരണത്തെ ബാധിക്കാത്ത വിധത്തിൽ 10% സാമ്പത്തിക സംവരണം കൂടി നടപ്പാക്കാമെന്നു ഭരണഘടനാ ഭേദഗതി കൊണ്ടു വന്നില്ലെങ്കിൽ ഇവിടെ സാമ്പത്തിക സംവരണം ബുദ്ധിമുട്ടാകും. സംസ്ഥാനത്തു നമ്മൾ സാമ്പത്തിക സംവരണം നടപ്പാക്കി തുടങ്ങിയ ഘട്ടത്തിലാണ് ഇത്തരമൊരു തടസ്സം ഉണ്ടായിരിക്കുന്നതെന്നും ബാലൻ ചൂണ്ടിക്കാട്ടി.

നിലവിലെ സാഹചര്യത്തിൽ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തകമായി ബുദ്ധിമുട്ടുന്ന വിഭാഗത്തിന് സംവരണം ഏർപ്പെടുത്തുക എന്നത് തുടർഭരണത്തിൽ പിണറായി സർക്കാരിന് കടുത്ത വെല്ലുവിളിയാകും. സംവരണം നടപ്പാക്കുമെന്ന വാഗ്ദാനം പാലിക്കുവാൻ ഭരണഘടന ഭേദഗതിക്ക് തയ്യാറാകേണ്ടിവരും.