പത്തനംതിട്ട: സ്‌കൂളിലേക്ക് കാറോടിച്ചു പോകുന്നതിനിടെ പ്രധാനാധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു. റാന്നി പെരുനാട് ഗവ. ഹൈസ്‌കൂളിലെ പ്രധാനാധ്യാപിക എസ്. ലേഖ(50)യാണ് മരിച്ചത്. ഇന്ന് രാവിലെ പത്തുമണിയോടെ പെരുനാട് കൊച്ചുപാലം ജങ്ഷനിലാണ് സംഭവം. വീട്ടിൽ നിന്ന് ഇറങ്ങി കഷ്ടിച്ച് 200 മീറ്റർ പിന്നിടുമ്പോൾ ലേഖ സഞ്ചരിച്ചിരുന്ന കാർ സമീപത്തെ മതിലിൽ തട്ടി നിൽക്കുകയായിരുന്നു.

നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും കാർ ഓഫായിരുന്നു. കാറിന് സെൻട്രൽ ലോക്ക് ഉള്ളതു കാരണം പുറത്തു നിന്ന് തുറക്കാൻ കഴിയുമായിരുന്നില്ല. ചില്ലു തകർത്ത് ലേഖയെ നാട്ടുകാർ പുറത്തെടുത്തപ്പോഴേക്കും മരിച്ചു. മൃതദേഹം പെരുനാട് ഗവ. ആശുപത്രിയിലേക്കും അവിടെ നിന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കും കൊണ്ടുപോയി. വീട്ടിൽ നിന്നും സ്വയം കാർ ഡ്രൈവ് ചെയ്താണ് ലേഖ പതിവായി സ്‌കൂളിലേക്ക് പോയിരുന്നത്.

ഇന്ന് രാവിലെ കൊച്ചുപാലം ജങ്ഷനിലെത്തിയപ്പോഴാകാം അസ്വസ്ഥത തോന്നിയതെന്ന് കരുതുന്നു. അപ്പോൾ കാർ നിയന്ത്രണം വിടാതിരിക്കാൻ മതിലിൽ ഇടിച്ചു നിർത്തുകയായിരുന്നു.