ആലപ്പുഴ: അദ്ധ്യാപകനോടുള്ള വിരോധത്തിൽ സ്‌ക്കൂളിൽ നിന്നും പുറത്താക്കാൻ സ്‌ക്കൂൾ മോനേജർ കെട്ടിച്ചമച്ച പോക്സോ കേസിൽ അദ്ധ്യാപകൻ കുറ്റക്കാരനല്ല എന്ന് കണ്ടെത്തിയിട്ടും സർവ്വീസിൽ തിരിച്ചെടുക്കാത്ത നടപടിക്കെതിരെ ഹൈക്കോടതി. അദ്ധ്യാപകനെ മൂന്ന് മാസത്തിനുള്ളിൽ സർവ്വീസിൽ തിരിച്ചെടുക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ആലപ്പുഴ എസ്.ഡി.വി ഗേൾസ് ഹൈസ്‌കൂളിലെ സംസ്‌കൃത അദ്ധ്യാപകനായ എസ്. വേണുവിനെയാണ് കോടതി ഉത്തരവും സർക്കാർ ഉത്തരവും ഉണ്ടായിട്ടും മാനേജ്മെന്റ് തിരിച്ചെടുക്കാത്തതിനെ തുടർന്ന് ഹൈക്കോടതി ഇടപെട്ടത്.

ഹെഡ് മാസ്റ്റർ പദവിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് അദ്ധ്യാപകനെതിരെ പോക്‌സോ കേസ് ഭീഷണിയിൽ എത്തിച്ചത്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായ ആരോപണമാണ് സ്‌കൂൾ മാനേജ്മെന്റ് അദ്ധ്യാപകനെതിരെ ഉയർത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സസ്പെന്റ് ചെയ്യുകയായിരുന്നു. ആദ്യം വിരണ്ടുപോയെങ്കിലും പിന്നീട് നീതിതേടി അദ്ധ്യാപകൻ കോടതിയെ സമീപിച്ചതോടെ സ്‌കൂൾ മാനേജ്മെന്റിന്റെ നീക്കം പാളുകയായിരുന്നു. 2018 ജൂലൈ 1 നാണ് അദ്ധ്യാപകനെ മാനസികമായി തകർത്ത സംഭവങ്ങളുടെ തുടക്കം.

അന്നേ ദിവസം മാനേജർ നീലകണ്ഠന്റെ ഫോണിൽ നിന്ന് വേണുവിന്റെ ഫോണിലേക്ക് കോൾ വരുന്നു. സാറിന്റെ പേരിൽ ഒരു പരാതി കിട്ടിയിട്ടുണ്ട്. ഒരു രക്ഷിതാവ് നേരിട്ടു എന്റെ വീട്ടിൽ കൊണ്ടു തന്ന പരാതിയാണിത്. അഞ്ചാം ക്ലാസിലെ ഒരു കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നുള്ള പരാതി കിട്ടിയിട്ടുണ്ട്. ഞെട്ടലോടെ വിശദാംശങ്ങൾ ചോദിച്ചപ്പോൾ പിറ്റേന്ന് രാവിലെ 10.30 ന് ആർ.കൃഷണൻ എന്ന സ്‌കൂൾ മാനേജരുടെ വീട്ടിൽ എത്തണമെന്നും നിർദ്ദേശിച്ചു.

അടുത്ത ദിവസം വേണു മാനേജർ ആർ.കൃഷ്ണന്റെ വീട്ടിൽ പോയി. സ്‌കൂൾ മാനേജർ നീലകണ്ഠൻ അവിടെയുണ്ട്. കോളേജിന്റെ മാനേജർ ആയ കൃഷ്ണകുമാർ തുടങ്ങിയവർ അവിടെയുണ്ട്. ഒരു കുട്ടിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ടു പരാതി വന്നിട്ടുണ്ട്. 113 വർഷത്തെ പാരമ്പര്യമുള്ള സ്‌കൂളിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു സംഭവം. അതുകൊണ്ട് ലീവെടുക്കണം എന്നായിരുന്നു ആവിശ്യം. തെറ്റ് ചെയ്യാത്ത താൻ എന്തിനു ലീവ് എടുക്കണമെന്ന് വേണു ചോദിച്ചു. സ്‌ക്കൂളിലേക്ക് വന്നാൽ രക്ഷിതാക്കൾ ബഹളമുണ്ടാക്കുമെന്നും അതിനാൽ തൽക്കാലം മൂന്നു ദിവസത്തേക്ക് ലീവ് എടുക്കണമെന്നും അവർ പറഞ്ഞു. ഇതോടെ രക്ഷിതാവ് നൽകിയ പരാതി കാണിക്കാനോ വായിച്ചു കേൾപ്പിക്കാനോ ആവിശ്യപ്പെട്ടപ്പോൾ അവർ തയ്യാറായില്ല. തുടർന്ന് അവരുടെ നിർദ്ദേശ പ്രകാരം മൂന്ന് ദിവസത്തേക്ക് അവധിയിൽ പ്രവേശിച്ചു. പിന്നീട് തിരികെയെത്തിയെങ്കിലും സ്‌ക്കൂളിൽ ജോലിയിൽ പ്രവേശിക്കാൻ മാനേജ്മെന്റ് തയ്യാറായില്ല.

അങ്ങനെയാണ് വേണു പരാതിയുമായി കോടതിയിൽ പോയത്. അതേ സമയം വേണുവിനെ പോക്സോ കേസിൽ കുടുക്കുകയായിരുന്നെന്ന് മാതൃകാ സംസ്‌കൃത പഠന കേന്ദ്രത്തിലെ ഒരു വിഭാഗം പൂർവവിദ്യാർത്ഥികളും എസ്.ഡി.വി ഗേൾസ് സ്‌കൂളിലെ സംസ്‌കൃത വിഭാഗം കുട്ടികളുടെ ഏതാനും രക്ഷിതാക്കളും ആരോപിച്ചിരുന്നു. പ്രതിയാക്കിശേഷം അദ്ദേഹത്തെ സ്‌കൂളിൽ നിന്ന് സസ്പെന്റ് ചെയ്തു. കേസിൽ ജാമ്യം അനുവദിച്ച ഹൈക്കോടതി എസ്.ഡി.വി ഗേൾസ് സ്‌ക്കൂളിൽ നിന്നും ബോയ്സ് സ്‌കൂളിലേക്ക് അദ്ദേഹത്തെ മാറ്റി നിയമിക്കാനും ഉത്തരവിട്ടിരുന്നു. കൂടാതെ സംസ്ഥാന സർക്കാരും അദ്ധ്യാപകനെ തിരിച്ചെടുത്തശേഷം റിപ്പോർട്ട് നൽകാൻ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. പരമാവധി ആറുമാസം വരെ മാത്രമേ ഒരു അദ്ധ്യാപകനെ ഇങ്ങനെ പുറത്ത് നിർത്താൻ പാടുള്ളൂ എന്ന സർവീസ് ചട്ടവും മാനേജ്മെന്റ് ലംഘിച്ചതായി ഇവർ കുറ്റപ്പെടുത്തുന്നു. ഈ ന്യായം പറഞ്ഞാണ് ശ്രീറാം വെങ്കിട്ടരാമനെ സർവ്വീസിൽ തിരിച്ചെടുത്തത്. എന്നാൽ ഇത് പോലും എസ്.ഡി.വി ഗേൾസ് സ്‌കൂൾ അറിഞ്ഞ മട്ട് കാണിക്കുന്നില്ല.

സ്‌കൂളിൽ പ്രവർത്തിക്കുന്ന കാലടി സംസ്‌കൃത സർവകലാശാലയുടെ ആഭിമുഖ്യത്തിലുള്ള മാതൃകാ സംസ്‌കൃത പഠനകേന്ദ്രത്തിലാണ് അദ്ദേഹം ജോലി ചെയ്തുകൊണ്ടിരുന്നത്. എന്നാൽ വേണുവിനെ മാറ്റിയതോടൊപ്പം ആ കോഴ്സും സ്‌കൂളിൽ നിന്ന് മാറ്റുവാൻ ശ്രമിച്ചു. രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് പിന്നീട് ഈ കോഴ്സ് ബോയ്സ് സ്‌കൂളിലേക്ക് മാനേജ്മെന്റ് മാറ്റി. പിന്നീട് വേണുവിന്റെ സസ്പെൻഷൻ റദ്ദു ചെയ്യാൻ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങുകയും ചെയ്തു.

അദ്ധ്യാപകർ, രക്ഷകർത്താക്കൾ, പരാതിയിൽ പറയുന്ന വിദ്യാർത്ഥികൾ എന്നിവരിൽനിന്ന് മൊഴിയെടുത്തെങ്കിലും കൗൺസിലിങ് സമയത്ത് അദ്ധ്യാപകരോട് വിദ്യാർത്ഥികൾ പറഞ്ഞിട്ടുള്ളത് ശരിയാണെന്ന് അന്വേഷണ സംഘത്തെ ബോധ്യപ്പെടുത്താൻ സാധിച്ചിട്ടില്ല. 2018ന് ശേഷം അദ്ധ്യാപകനിൽ ആരോപിക്കപ്പെട്ട കുറ്റം ഒരിക്കൽ പോലും ആവർത്തിച്ചിട്ടില്ലെന്ന് രക്ഷകർത്താക്കൾ അന്വേഷണ സംഘത്തിന് മൊഴി നൽകി. ആലപ്പുഴ ഡി.ഇ.ഒ നടത്തിയ സമഗ്രമായ അന്വേഷണത്തിൽ ആരോപണ വിധേയനായ അദ്ധ്യാപകൻ എസ്. വേണുവിൽ ആരോപിക്കപ്പെട്ട കുറ്റങ്ങളെല്ലാം വ്യാജമെന്ന് ബോധ്യപ്പെട്ടതിനാൽ സസ്പെൻഷൻ റദ്ദുചെയ്യാനും മാർച്ച് 31ന് മുമ്പ് ജോലിയിൽ പ്രവേശിപ്പിക്കാനും ജില്ലാ വിദ്യാഭ്യാസ ഓഫീസർ മാർച്ച് 27 ന് ഇറക്കിയ ഉത്തരവിൽ മാനേജ്മെന്റിനോട് വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ ഇതിന് മാനേജ്മെന്റ് തയ്യാറാവാതിരുന്നതോടെ വേണു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.