കവരത്തി: ലക്ഷ്യദ്വീപിന്റെ മനോഹാരിത ആസ്വദിച്ച് കടലിൽ സ്‌നോർകെല്ലിങ് നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്ദർശനത്തിനിടെ കടലിന്റെ അത്ഭുത കാഴ്ചകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന സ്‌നോർകലിങും അദ്ദേഹം ആസ്വദിക്കുകയായിരുന്നു. ലക്ഷ്യദ്വീപ് സന്ദർശനത്തിലെ ആസ്വാദ്യകരമായ നിമിഷങ്ങൾ പ്രധാനമന്ത്രി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു.

സാഹസികത ഇഷ്ടപ്പെടുന്നവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട സ്ഥലമാണ് ലക്ഷ്യദ്വീപെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. മനോഹാരിതയ്ക്ക് അപ്പുറം ലക്ഷ്യദ്വീപിന്റെ ശാന്തതയും മാസ്മരികമാണ്. 140 കോടി ഇന്ത്യക്കാരുടെ ക്ഷേമത്തിന് വേണ്ടി കൂടുതൽ കഠിനമായി അധ്വാനിക്കേണ്ടതിനെക്കുറിച്ച് ചിന്തിക്കാൻ മനോഹരമായ പരിസ്ഥിതി തനിക്ക് അവസരമൊരുക്കിയെന്നും മോദി എക്‌സ് പോസ്റ്റിൽ കുറിച്ചു.

ഞാൻ അവിടെ തങ്ങിയപ്പോൾ സ്‌നോർകെല്ലിങ് നടത്തി. വളരെ ആനന്ദം നൽകുന്ന അനുഭവം ആയിരുന്നു അതെന്നും അദ്ദേഹം കുറിച്ചു. മറ്റൊരു പോസ്റ്റിൽ കടൽത്തീരത്ത് ഇരിക്കുന്ന ചിത്രവും പങ്കുവച്ചു. പോസ്റ്റിൽ ലക്ഷദ്വീപിന്റ ശാന്തത മാസ്മരികതയുള്ളതാണെന്ന് അദ്ദേഹം കുറിച്ചു. .

സ്‌നോർകൽ എന്ന് വിളിക്കുന്ന, ശ്വാസമെടുക്കുന്നതിനുള്ള ട്യൂബ് ഘടിപ്പിച്ച ശേഷം ജലോപരിതലത്തിന് അൽപം താഴെ നീന്തുന്നതാണ് സ്‌നോർകലിങ് എന്ന വിനോദം. മുകളിൽ നിന്നുള്ള കടലിന്റെ മനോഹരമായ കാഴ്ച ഇതിൽ ആസ്വദിക്കാനാവും. സ്‌കൂബാ ഡൈവിങ് പോലെ കൂടുതൽ ആഴത്തിലേക്ക് പോവുകയുമില്ല.