തിരുവനന്തപുരം: സ്വന്തം ഇഷ്ടപ്രകാരം വിവാഹത്തിനായി എത്തിയ വധുവിനെ പൊലീസ് ബലമായി പിടിച്ചുകൊണ്ടുപോയ സംഭവം വിവാദമായിരിക്കുകയാണ്. കായംകുളം സ്വദേശിനി ആൽഫിയയെ ആണ്, ബന്ധുക്കളുടെ പരാതിയെ തുടർന്ന് പൊലീസ് വിവാഹ വേദിയിൽനിന്ന് ബലം പ്രയോഗിച്ച് കൊണ്ടുപോയത്. കോവളം കെഎസ് റോഡ് സ്വദേശിയായ അഖിലുമായി ആൽഫിയ പ്രണയത്തിലായിരുന്നു. ഈ മാസം 16ന് വിവാഹത്തിനായി വീടുവിട്ട് ഇറങ്ങുകയായിരുന്നു. കായംകുളത്തെത്തിച്ച ആൽഫിയയെ മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കി. അഖിലിനൊപ്പം പോകണമെന്ന് അൽഫിയ ആവശ്യപ്പെട്ടതിനെ തുടർന്ന്, ഇഷ്ടാനുസരണം വരനോടൊപ്പം പോകാൻ അനുവദിക്കുകയായിരുന്നു. ഈ സംഭവത്തിൽ പൊലീസ് ക്വട്ടേഷൻ എടുത്തത് പോലെയാണ് പ്രവർത്തിച്ചതെന്ന് വിമർശിക്കുന്നു എഴുത്തുകാരനായ പ്രമോദ് പുഴങ്കര.

പ്രമോദിന്റെ കുറിപ്പ് വായിക്കാം:

പ്രായപൂർത്തിയായ ഒരു സ്ത്രീയും പുരുഷനും പരസ്പരസമ്മതത്തോടെ ഒരുമിച്ചു ജീവിക്കാനോ വിവാഹിതരാകാനോ തീരുമാനിച്ചാൽ അതിൽ പൊലീസിനിടപെടാനുള്ള ഒരധികാരവുമില്ല. പ്രായപൂർത്തിയായ പൗരന്മാർക്ക് മുകളിൽ അവരുടെ കുടുംബത്തിന് സവിശേഷമായ നിയമപരമായ യാതൊരു നിയന്ത്രണധികാരവുമില്ല.

എന്നിട്ടും നേരത്തെത്തന്നെ ഇരു വ്യക്തികളും തങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചതെന്ന് പൊലീസിന് മുമ്പിൽത്തന്നെ പറഞ്ഞതിനുശേഷവും ആ സ്ത്രീയെ അവരുടെ വിവാഹവേദിയിൽ നിന്നും പിടിച്ചുവലിച്ച്, അവിടെക്കൂടിയവരെയും ആ സ്ത്രീയെയും ഭീഷണിപ്പെടുത്തി, ചീത്തവിളിച്ചു പിടിച്ചുകൊണ്ടുപോകുന്നത് എന്തുതരം നീതി, നിയമനിർവ്വഹണമാണ്? ഇങ്ങനെയാണെങ്കിൽ കേരള പൊലീസിന്റെ മുൻകൂർ അനുമതിയുണ്ടെങ്കിൽ മാത്രമേ ആളുകൾക്ക് ഈ നാട്ടിൽ പരസ്പരം ഇഷ്ടപ്പെട്ട് വിവാഹം കഴിക്കാനാകൂ എന്ന് വരുമല്ലോ!

ആ സ്ത്രീയെ അവരുടെ വിവാഹവേദിയിൽ നിന്നും പിടിച്ചുവലിച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങളിൽ എത്രമാത്രം മോശം ഭാഷയിലും ഭീഷണിയിലുമാണ് പൊലീസുകാർ അവരോട് സംസാരിക്കുന്നത് എന്ന് കാണാം. വീട്ടുകാർ നടത്തിക്കൊടുക്കുന്ന വിവാഹവും അല്ലാത്ത വിവാഹങ്ങളും എന്ന വേർതിരിവൊന്നും നിയമത്തിലില്ല.

അതിൽ പ്രായപൂർത്തിയായ സ്ത്രീ പുരുഷന്മാരുടെ വിവാഹത്തെക്കുറിച്ചു മാത്രമാണ് പറയുന്നത്. അത് ഏതു പൗരന്റെയും മൗലികാവകാശമാണ്. പൗരന്മാരുടെ സ്വകാര്യതയിലേക്കും പൗരാവകാശങ്ങളിലേക്കും യാതൊരു മടിയുമില്ലാതെ കടന്നുകയറുകയാണ് പൊലീസ്.

രണ്ടു മനുഷ്യരുടെ ജീവിതത്തിൽ അവർക്ക് വളരെ വിലപ്പെട്ടതെന്ന് തോന്നുന്ന ഒരു ദിവസത്തെ ഇത്രയും ഭീകരാവസ്ഥ സൃഷ്ടിച്ചുകൊണ്ട് ഒരുതരം ഗുണ്ടാസംഘത്തെപ്പോലെ കയ്യേറുന്ന പൊലീസ് എന്ത് നിയമവാഴ്ചയാണ് ഉറപ്പുവരുത്തുന്നത് ? പ്രായപൂർത്തിയായ പൗരന്മാരായ അവരുടെ വിവാഹത്തിന് മറ്റെന്തെങ്കിലും ഭീഷണിയുണ്ടെങ്കിൽ അതിൽനിന്നും അവർക്ക് സംരക്ഷണം നൽകേണ്ടതിന് പകരം ഒരു സ്ത്രീയെ അവരുടെ വിവാഹവേഷത്തിൽ ബലംപ്രയോഗിച്ചു കടത്തിക്കൊണ്ടുപോവുകയാണ് പൊലീസ് ചെയ്തത്. ആ വിവാഹം അങ്ങനെ നടത്താതിരിക്കാനുള്ള ഒരു quotation പൊലീസ് വാങ്ങിയെന്നുവേണം അനുമാനിക്കാൻ.

സ്വാതന്ത്ര്യവും പൗരാവകാശവും കേരളത്തിൽ അതിവേഗം വിലകെട്ട വാക്കുകളാവുകയാണ്. മനുഷ്യരുടെ സകല പൗരാവകാശങ്ങളെയും ചവിട്ടിമെതിക്കുന്ന പൊലീസ് സാമാന്യമായ നാട്ടുമര്യാദകൾപ്പോലും പാലിക്കാത്ത ഒരുതരം rogue force ആയി മാറുകയാണ്. ജനാധിപത്യവ്യവസ്ഥ ദുർബ്ബലമാകുന്നുവെന്ന് ആദ്യം തിരിച്ചറിയുക അവിടുത്തെ പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥ സംവിധാനമാണ്. കേരളത്തിൽ അത് തിരിച്ചറിയുകയും ഭരണാധികാരികളുടെ ദുരധികാര വാസനകളെ ജനങ്ങളുടെ പൗരാവകാശധ്വംസനത്തിനായി ഉപയോഗിക്കുകയുമാണ് പൊലീസ്. പിടിപാടുള്ളവർക്കു മാത്രം ലഭിക്കുന്നതാണ് പൗരാവകാശങ്ങൾ എന്നത് ഇതെന്ത് തരം കേരളമാണ് എന്ന് നമ്മെക്കൊണ്ട് വീണ്ടും ചോദിപ്പിക്കുന്നു.