ന്യൂഡൽഹി: ചാറ്റിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് വീണ്ടും നിശ്ചലം. ലോകത്തിന്റെ വിവിധ കോണുകളിലുള്ള വാട്സ് ആപ്പ് ഉപയോക്താക്കൾക്ക് മെസേജുകൾ അയക്കാനും സ്വീകരിക്കാനും സാധിക്കാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ലക്ഷക്കണക്കിന് ഉപയോക്താക്കളെ സാങ്കേതിക തകരാർ ബാധിച്ചിരിക്കയാണ്.

ലോകത്തുള്ള ആയിരക്കണക്കിന് ഉപഭോക്താക്കളാണ് വാട്സ് ആപ്പ് സന്ദേശങ്ങൾ അയക്കാനും സ്വീകരിക്കാനും പറ്റാതെ പരിഭ്രാന്തരായത്. ഇതോടെ ഫേസ്‌ബുക്കിലും മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലും ആളുകൾ വാട്സ് ആപ്പിന് എന്തു സംഭവിച്ചു എന്ന ചോദ്യങ്ങൾ ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്. എന്താണ് വാട്സ് ആപ്പിന് സംഭവിച്ചത് എന്ന കാര്യത്തിൽ ഇതുസംബന്ധിച്ച് വാട്‌സാപ്പ് പ്രതികരിച്ചിട്ടില്ല.

ഇന്ന് ഉച്ചക്ക് 12.30ഓടുകൂടിയാണ് വാട്‌സ്ആപ്പ് സേവനങ്ങൾക്ക് തടസം നേരിട്ടത്. വാട്‌സ്ആപ്പ് സ്റ്റോറികളും ലോഡാവുന്നില്ല. വാട്‌സ്ആപ്പിന്റെ സമൂഹമാധ്യമ ഹാൻഡിലുകളിൽ ഇതുസംബന്ധിച്ച് വിശദീകരണമൊന്നും നൽകിയിട്ടില്ല.

പ്രതിമാസം 200 കോടിയോളം സജീവ ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ ചാറ്റ് പ്ലാറ്റ്ഫോമാണ് വാട്‌സ്ആപ്പ്. ഫേസ്‌ബുക്കിനും യൂട്യൂബിനും ശേഷം മൂന്നാമത്തെ വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുമാണ്.