കോഴിക്കോട്: സ്ത്രീകളെ പിന്തുടർന്ന് സ്‌കൂട്ടറുകൾ മോഷ്ടിക്കുന്നത് പതിവാക്കിയ കുരുവട്ടൂർ മുതുവനപ്പറമ്പിൽ ഷനീദ് അറഫാത്ത് (30) ചേവായൂർ പൊലീസിന്റെ പിടിയിൽ. കഴിഞ്ഞ നാലു വർഷത്തിനിടെ കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ അൻപതോളം സ്‌കൂട്ടറുകളാണ് ഇയാൾ മോഷ്ടിച്ചത്. മോഷ്ടിച്ച 11 സ്‌കൂട്ടറുകൾ പൊലീസ് കണ്ടെടുത്തു.

വെള്ളിയാഴ്ച മല്ലിശ്ശേരിത്താഴത്തിനു സമീപം വാഹന പരിശോധനയ്ക്കിടെയാണ് ഷനീദിനെ പൊലീസ് പിടികൂടിയത്. മോഷ്ടിച്ച സ്‌കൂട്ടറിൽ പോകവേ സംശയിച്ചു ചോദ്യം ചെയ്തപ്പോഴാണു സ്ഥിരം മോഷ്ടാവാണെന്നു വ്യക്തമായത്. നാലു വർഷമായി മോഷണം നടത്തുന്നുണ്ടെങ്കിലും ആദ്യമായാണു പിടിയിലാകുന്നത്.

ഷനീദ് അറഫാത്ത് മോഷ്ടിച്ചത് ഏറെയും പുതിയ സ്‌കൂട്ടറുകളാണ്. ഇത്തരം സ്‌കൂട്ടറുമായി പോകുന്ന സ്ത്രീകളെ ഷനീദ് ബൈക്കിലോ സ്‌കൂട്ടറിലോ പിന്തുടരും. അവർ എവിടെയൈങ്കിലും സ്‌കൂട്ടർ നിർത്തി താക്കോൽ അതിനു മുകളിൽ വച്ചാൽ ഉടനെ ഷനീദ് വന്ന ഇരുചക്രവാഹനം മറ്റൊരിടത്ത് നിർത്തിയിടും. എന്നിട്ടു മെല്ലെവന്നു സ്‌കൂട്ടറുമായി പോകുകയാണ് ചെയ്യുന്നത്.

സ്ത്രീകൾ ഉപയോഗിക്കുന്ന വാഹനത്തിന്റെ അസ്സൽ രേഖകൾ അതിലുണ്ടാകുമെന്നതിനാൽ ഉടനെ ആർക്കെങ്കിലും പണയം വയ്ക്കുകയാണു ചെയ്യുന്നതെന്നു ഷനീദ് പൊലീസിനോട് പറഞ്ഞു. ഷനീദ് വാഹനം മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ നേരത്തേ പല സിസിടിവികളിലും പതിഞ്ഞിരുന്നെങ്കിലും ആളെ തിരിച്ചറിഞ്ഞിരുന്നില്ല.

നേരത്തേ ആശാരിപ്പണി ചെയ്തിരുന്ന ഷനീദ് അറഫാത്ത് പിന്നീടു ചീട്ടുകളിക്കാരനായി മാറുകയായിരുന്നു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വൻ ചീട്ടുകളിക്കാരനായി മാറി. വൻ ചീട്ടുകളിയിൽ കുരുവട്ടൂരാൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.

മോഷ്ടിക്കുന്ന സ്‌കൂട്ടർ പണയപ്പെടുത്തി ലഭിക്കുന്ന പണം കൂടുതലായും ചീട്ടുകളിക്കാനാണ് ഉപയോഗിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. ഇതിനിടെ ചില സ്ഥലത്തു നിന്ന് മോഷ്ടിക്കുന്ന സ്‌കൂട്ടറുകൾ അതിൽ അസ്സൽ രേഖകൾ ഇല്ലാത്തതിനാൽ ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞു തിരികെ കൊണ്ടുവച്ച സംഭവമുണ്ട്.

കൂടുതൽ സ്‌കൂട്ടറുകൾ കണ്ടെടുക്കാനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് കേസ് അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ കെ,സുദർശൻ പറഞ്ഞു.

വെള്ളിയാഴ്ച മല്ലിശ്ശേരിത്താഴത്തിനു സമീപം വാഹന പരിശോധന നടത്തുന്നതിനിടെ ഷനീദ് പൊലീസിന്റെ വലയിൽ കുരുങ്ങുകയായിരുന്നു. ഇൻസ്പെക്ടർ പി.ചന്ദ്രമോഹൻ, എസ്‌ഐമാരായ എം.ആഭിജിത്ത്, എസ്.എസ്.ഷാൻ എന്നിവരുടെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്.

എസ്‌ഐ സുന്ദരൻ, സീനിയർ സിപിഒ രാജീവ് കുമാർ പാലത്ത്, സിപിഒമാരായ വിനീത്, എസ്.റോഷ്നി, കെ.വിജി, ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ എഎസ്ഐമാരായ എം.മുഹമ്മദ് ഷാഫി, എം.സജി, സീനിയർ സിപിഒമാരായ കെ.അഖിലേഷ്, കെ.എ.ജോമോൻ, ജിനേഷ് ചൂലൂർ എന്നിവരാണുണ്ടായിരുന്നത്.