തലശേരി: ചൊക്‌ളിയിൽ സ്വകാര്യ ഓൺലൈൻ വ്യാപാര സ്ഥാപനത്തിന്റെ ഓഫിസിന് മുൻപിൽ നിർത്തിയിട്ട ജീവനക്കാരന്റെ സ്‌കൂട്ടർ മോഷ്ടിച്ച കേസിൽ രണ്ടു പേർ പിടിയിൽ. കർണാടകയിലെ വീരാജ് പേട്ട സ്വദേശി ഹാലു ഗുണ്ടകിഴക്കും മൊട്ട വീട്ടിൽ കെ.ആർ.അബ്ദുൽ റൗഫ് (31) തലശേരി വടക്കുമ്പാട് ത്രീ നാരായണ സ്‌കുളിനടുത്തെ ആലിന്റവിട പി.ഷംസീർ(29) എന്നിവരെയാണ് ചൊക്‌ളി എസ്‌ഐ ബി എസ് സൂരജ് ഭാസ്‌ക്കറും സംഘവും അറസ്റ്റു ചെയ്തത്.


തിങ്കളാഴ്‌ച്ച ഉച്ചയ്ക്ക് ഒരു മണിയോടെ കവിയൂർ മിന്നത്ത് പീടികയ്ക്കടുത്തു വെച്ച് പള്ളൂർ സ്വദേശി പ്രജിൻ ലാലിന്റെ സ്‌കുട്ടറാണ് പ്രതികൾ തട്ടിയെടുത്തത്. താക്കോലെടുത്തു മാറ്റാതെ നിർത്തിയിട്ട സ്‌കൂട്ടർ രണ്ടു പേർ തള്ളി നീക്കി കൊണ്ടു പോകുന്നത് സി.സി. ടി.വി ക്യാമറയിൽ പതിഞ്ഞിരുന്നു. തുടർന്ന് പൊലിസ് നടത്തിയ പരിശോധനയിൽ രാത്രിയിൽ ഒളവിലം ഭാഗത്തു നിന്നും സ്‌കൂട്ടർ കണ്ടെത്തുകയായിരുന്നു.