ബെംഗളൂരു: കർണാടകയിൽ കഴിഞ്ഞ ദിവസമുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ എസ്ഡിപിഐയെ നിരോധിക്കുമെന്ന് കർണ്ണാടക സർക്കാർ പറയുന്നുണ്ടെങ്കിലും തീരുമാനം എടുക്കുന്നത് കേന്ദ്ര നിലപാട് കൂടി മനസ്സിലാക്കിയ ശേഷം മാത്രം. നിരോധിച്ചാൽ അതിനെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ നിയമോപദേശം തേടി മാത്രമേ ഇക്കാര്യത്തിൽ കർണ്ണാടക സർക്കാര തീരുമാനം എടുക്കൂ.

ബംഗളൂരു അക്രമത്തിൽ പങ്കെടുത്തവരുടെ സ്വത്തുവകകൾ കണ്ടുകെട്ടുന്ന കാര്യവും എസ്ഡിപിഐയെ നിരോധിക്കുന്ന കാര്യവും ഓഗസ്റ്റ് 20ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുമെന്ന് പഞ്ചായത്ത് രാജ് മന്ത്രി കെ.എസ് ഇശ്വരപ്പയും റവന്യൂ മന്ത്രി ആർ. അശോകയും പറഞ്ഞിരുന്നു. ഇതിന് മുന്നോടിയായുള്ള കൂടിയാലോചനകൾ നടക്കുകയാണ്. സർക്കാരിന്റെ നിരോധനത്തെ കോടതി എതിർത്താൽ അത് തിരിച്ചടിയാകും. ഈ സാഹചര്യത്തിലാണ് കരുതലെടുക്കൽ.

സംഘടനയെ നിരോധിക്കുന്ന കാര്യം പരിഗണനയിലാണെന്ന് ഉപമുഖ്യമന്ത്രി സി.എൻ. അശ്വത് നാരായണും പറഞ്ഞിരുന്നു. പോപ്പുലർ ഫ്രണ്ടും നിരോധിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. സിമി എന്ന തീവ്രവാദ സംഘടനയുടെ തുടർച്ചയാണ് എസ് ഡി പി ഐയും പോപ്പുലർ ഫ്രണ്ട എന്നുമാണ് വിലയിരുത്തൽ. അക്രമത്തിന്റെ വിഡിയോ പരിശോധിച്ചതിൽനിന്ന് എസ്ഡിപിഐയുടെ പങ്ക് വ്യക്തമായെന്ന് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. എസ്ഡിപിഐയുടെ മുതിർന്ന ജില്ലാ നേതാക്കളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയാണ്. ജില്ലാ സെക്രട്ടറി മുസമിൽ പാഷയാണു പ്രധാന പ്രതിയെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ മുസ്ലിംകൾ ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ ശാക്തീകരണം ലക്ഷ്യമാക്കി ദേശീയ തലത്തിൽ രൂപവത്കരിക്കപ്പെട്ട രാഷ്ട്രീയപാർട്ടിയാണ് സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ. 2009 ജൂൺ 21ന് ഡൽഹി പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രഥമ പ്രസിഡന്റ് കൂടിയായ ഇ. അബൂബക്കർ ആണ് പാർട്ടി പ്രഖ്യാപിച്ചത്. കേരളത്തിൽ നിന്നുള്ള എം.കെ ഫൈസിയാണ് നിലവിൽ പാർട്ടിയുടെ ദേശീയ പ്രസിഡന്റ്. എന്നാൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരവും മറ്റും ആളി കത്തിച്ചത് ഈ സംഘടനയാണെന്ന ആരോപണം ബിജെപി ഉയർത്തിയിരുന്നു. ദേശീയ തലത്തിൽ നിരോധനത്തിനും പദ്ധിയിട്ടു. എന്നാൽ തീരുമാനം എടുത്തില്ല. ഈ വിഷയമാണ് കർണ്ണാടക സർക്കാർ പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ കേന്ദ്ര സർക്കാരിന്റെ നിലപാടും കർണ്ണാടക സർക്കാർ മനസ്സിലാക്കും. അതിന് ശേഷമാകും തീരുമാനം.

ഓഗസ്റ്റ് 11ന് നടന്ന അക്രമവുമായി ബന്ധപ്പെട്ട് നിരവധി എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിലായിരുന്നു. കോൺഗ്രസ് എംഎൽഎ ശ്രീനിവാസ മൂർത്തിയുടെ ബന്ധുവിന്റെ സമൂഹമാധ്യമ പോസ്റ്റിനെ ചൊല്ലിയാണ് വ്യാപകമായ അക്രമം ഉണ്ടായത്. മൂർത്തിയുടെ വീടും പൊലീസ് സ്റ്റേഷനും ജനക്കൂട്ടം ആക്രമിച്ചു. എസ്ഡിപിഐ നേതാക്കളായ ഫിറോസ്, അഫ്റസ് പാഷ, ഷയിഖ് അദിൽ എന്നിവരുൾപ്പെടെ 206 പേരാണ് ഇതുവരെ അറസ്റ്റിലായത്. ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) നഗ്വാര അംഗമായ ഇർഷാദ് ബീഗത്തിന്റെ ഭർത്താവ് കലീം പാഷയും പിടിയിലായി. നാല് പ്രത്യേക പൊലീസ് സംഘങ്ങളാണ് അന്വേഷണം നടത്തുന്നത്.

കോൺഗ്രസ് എംഎൽഎമാരും എസ്ഡിപിഐ കോർപ്പറേഷൻ അംഗങ്ങളും തമ്മിലുള്ള ചേരിപ്പോരാണ് അക്രമത്തിനു കാരണമെന്ന് കർണ്ണാടക സർക്കാർ പറയുന്നത്. ഇത്തരമൊരു പ്രശ്‌നത്തിന്റെ പേരിൽ എങ്ങനെ എസ് ഡി പി ഐയെ നിരോധിക്കുമെന്ന ചർച്ചയും സജീവമാണ്. സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്, 2010 ഏപ്രിൽ 13 മുതൽ നിലവിൽ വന്ന രീതിയിലുള്ള രജിസ്‌ട്രേഷനാണുള്ളത്. അതുകൊണ്ട് തന്നെ കരുതലോടെ മാത്രമേ തീരുമാനം ഉണ്ടാകൂ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായവും തേടും.

2009 ഫെബ്രുവരിയിൽ കോഴിക്കോട്ട് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ ദേശീയ രാഷ്ട്രീയ സമ്മേളനത്തിൽ നടന്ന ചർച്ചകളുടെ സാക്ഷാത്കാരമായാണ് പിന്നാക്ക ജനവിഭാഗങ്ങളുടെ ശാക്തീകരണം ലക് ഷ്യമാക്കി പുതിയ രാഷ്ട്രീയ പാർട്ടി രൂപം കൊണ്ടത്.ഇന്ത്യയിൽ ഇരുപത്തിരണ്ട് സംസ്ഥാനങ്ങളിൽ പാർട്ടി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ കേരളത്തിലും കർണ്ണാടകയിലുമാണ് അതിശക്തമായ വേരുകൾ സംഘടനയ്ക്കുള്ളത്.