മലപ്പുറം: ആസന്നമായ മലപ്പുറം ലോകസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് നേരത്തെ തുടക്കം കുറിച്ച് എസ്.ഡി.പി.ഐയുടെ തിരഞ്ഞെടുപ്പ് കൺവൻഷൻ നടന്നു. മലപ്പുറം ലോകസഭാ മണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാർത്ഥി ഡോ. തസ്ലീം റഹ്്മാനിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് തുടക്കം കുറിച്ച് നടന്ന കൺവൻഷനിൽ നൂറുകണക്ക് പേർ പങ്കെടുത്തു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് നിരവധി വാഹങ്ങളുടെ അകമ്പടിയോടെയാണ് സ്ഥാനാർത്ഥിയെ കൺവൻഷൻ നടന്ന വേങ്ങരയിലേക്ക് ആനയിച്ചത്.

തുടർന്ന് നടന്ന തിരഞ്ഞെടുപ്പ് കൺവൻഷൻ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽമജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഫാസിസം താണ്ഡവമാടുന്ന ഇന്ത്യയിൽ ന്യൂനപക്ഷ സംരക്ഷണം അവകാശപ്പെടുന്നവർ പോരാട്ടഭൂമിയിൽ നിന്ന് പിന്തിരിഞ്ഞോടുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്ന് അ്‌ദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ സ്‌നേഹിക്കുന്നവർ, ഇന്ത്യയുടെ പൈതൃകം നിലനിൽക്കണമെന്നാഗ്രഹിക്കുന്നവർ യഥാർത്ഥ ബദലായി എസ്.ഡി.പി.ഐ സ്വീകരിക്കുന്ന കാഴ്ചയാണ് രാജ്യമൊട്ടുക്കും കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂനപക്ഷ വിരുദ്ധ നിലപാടുമായി രാജ്യം ഭരിച്ചിരുന്നവർ രംഗത്തു വന്നിരുന്ന സന്ദർഭങ്ങളിൽ അവക്കെതിരെ ശക്തമായി നിലകൊണ്ടിരുന്നവർ മലപ്പുറം ജനതയുടെ പ്രതിനിധികളായിരുന്നുവെന്ന് തുടർന്ന് സംസാരിച്ച എസ്.ഡി.പി.ഐ മലപ്പുറം ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി ഡോ. തസ്ലിംറഹ്്മാനി അഭിപ്രായപ്പെട്ടു.

ഖാഇദെ മില്ലത്തും സേട്ടുസാഹിബും ബനാത്ത് വാലയുമൊക്കെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾക്കെതിരെ പാർലമെന്റിൽ ഉയർത്തിയ എതിർപ്പുകൾ കാരണം സർക്കാറുകൾ അത്തരം നീക്കങ്ങളിൽ നിന്ന് പിന്തിരിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ മലപ്പുറത്തെ പ്രതിനിധീകരിക്കുന്നവർ ഭരണകൂട ഭീകരതക്കു മുമ്പിൽ പത്തിമടക്കി കീഴടങ്ങുകയാണ്. അതിന്റെ ഫലമാണ് മലപ്പുറം ഉപതിരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർ.എസ്.എസിനോട് സന്ധിയില്ല, ജയിക്കണം എസ്.ഡി.പി.ഐ എന്ന തിരഞ്ഞെടുപ്പ് മുദ്യാവാക്യം എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി തുളസീധരൻ പള്ളിക്കൽ പ്രകാശനം ചെയ്തു. വിവിധ മണ്ഡലം കമ്മിറ്റി പ്രതിനിധികളും പുതുതലമുറ വോട്ടർമാരും തൊഴിലാളി പ്രതിനിധികളും സ്ഥാനാർത്ഥിക്ക് ഹാരാർപ്പണം ചെയ്തു.ഡോ . തസ്ലിം റഹ്മാനിയുടെ പ്രഭാക്ഷണം കെ പി ഫാത്തിമ ഷെറിൻ മൊഴിമാറ്റം നടത്തി.

ജില്ലാ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ വി ടി ഇക്‌റാമുൽ ഹഖ് അധ്യക്ഷത വഹിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി തുളസീധരൻ പള്ളിക്കൽ, പോപുലർ ഫ്രണ്ട് ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം, ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ മുസ്തഫ പാമങ്ങാടൻ, വേങ്ങര മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എ ബീരാൻകുട്ടി സംസാരിച്ചു.