കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട വിവാദത്തിൽ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർക്കെതിരെ പ്രതിഷേധവുമായി എസ്ഡിപിഐ. കൊച്ചിയിലെ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസിന് മുന്നിലാണ് എസ്ഡിപിഐയുടെ കൊച്ചി മേഖല മുദ്രവാക്യവുമായി പ്രതിഷേധം അറിയിച്ചത്. രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള സമാധാനപരമായ ദ്വീപ് സമൂഹങ്ങളെ മറ്റൊരു കശ്മീർ ആക്കി മാറ്റാനുള്ള ബിജെപി അജണ്ടയെ ചെറുത്തുതോൽപ്പിക്കണമെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

'ദ്വീപ് ലക്ഷദ്വീപ് നിവാസികൾക്ക് തിരിച്ച് നൽകുക. ലക്ഷദ്വീപ് ജനങ്ങളെ ഇല്ലാതാക്കുന്ന ശ്രമങ്ങൾ അവസാനിപ്പിക്കുക. പ്രഫുൽ പട്ടേലിനെ തിരിച്ച് വിളിക്കുക.' എന്നിങ്ങനെയാണ് പ്രതിഷേധക്കാർ മുദ്രാവാക്യം വിളിക്കുന്നത്. ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെ കൊടുംക്രിമിനൽ എന്നാണ് എസ് ഡി പി ഐയുടെ പ്രതിഷേധക്കാർ അഭിസബോധന ചെയ്യുന്നത്.

മദ്യ നിയന്ത്രണം ഇല്ലാതാക്കി മദ്യപാനത്തിന് അനുമതി നൽകുക, ഗുണ്ടാ അക്ട് നടപ്പിലാക്കുക, ലക്ഷദ്വീപിലേക്ക് ചരക്ക് ഗതാഗതത്തിനുള്ള പോർട്ട് കേരളത്തിലെ ബേപ്പൂരിൽ നിന്ന് കർണാടകയിലെ മംഗലാപുരത്തേക്ക് മാറ്റുക, ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന താൽക്കാലിക ജീവനക്കാരെയും സ്‌കൂളുകളിലെ പാചക തൊഴിലാളികളെയും പിരിച്ചുവിടുക, കശാപ്പ് നിരോധിക്കുക തുടങ്ങിയ ദ്വീപിന്റെ നാശത്തിന് തന്നെ ഇടയാക്കുന്ന നടപടികളാണ് അധികൃതർ അവിടെ നടപ്പാക്കുന്നതെന്ന് എസ്ഡിപിഐ ആരോപിക്കുന്നു.