തിരുവനന്തപുരം: സംയുക്തസേന മേധാവിയെ സമൂഹമാധ്യമങ്ങളിൽ അപമാനിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന ബിജെപി നേതാവ് കെ. സുരേന്ദ്രന്റെ പ്രസ്താവന പിടിക്കപ്പെടുമെന്ന് വ്യക്തമാകുമ്പോൾ കള്ളൻ പ്രകടിപ്പിക്കുന്ന അവസാന അടവ് മാത്രമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഉസ്മാൻ.

സൈനിക മേധാവിയെ മോശമായി അവഹേളിച്ചത് ബിജെപി വക്താവ് സന്ദീപ് വചസ്പദിയായിരുന്നു. മോദിയെയും വിപിൻ റാവത്തിനെയും ചേർത്ത് 'കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി' എന്നായിരുന്നു സന്ദീപ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. സംഘ്പരിവാർ പ്രവർത്തകർതന്നെ അതിനെതിരെ രംഗത്തുവന്നിരുന്നു.

മുസ്ലിം പേരുകളിൽ വ്യാജ പ്രൊഫൈൽ ഉപയോഗിച്ച് വ്യാപകമായി അക്കൗണ്ടുകൾ സൃഷ്ടിച്ച് വിദ്വേഷ പ്രചാരണം നടത്തുന്നതിനെതിരെ നിയമനടപടി സ്വീകരിക്കാനും വാർത്തകൾ പ്രസിദ്ധീകരിക്കാനും നീക്കം നടത്തുന്നതിനിടെയാണ് സുരേന്ദ്രൻ ഒരുമുഴം മുന്നേ എറിഞ്ഞ് രംഗത്തുവന്നിരിക്കുന്നത്.

ഈരാറ്റുപേട്ട സ്വദേശിയെന്ന് പറയപ്പെടുന്ന വ്യാജ പേരുകാരന്റെ ഐഡിയിൽ ഫ്രണ്ട് ലിസ്റ്റിൽ ഒരാൾ പോലുമില്ല. ഇത്തരത്തിൽ നിരവധി വ്യാജ അക്കൗണ്ടുകളാണ് ബിജെപിയും ആർ.എസ്.എസും സൃഷ്ടിച്ചിട്ടുള്ളത്. വ്യാജ പ്രൊഫൈൽ നിർമ്മിച്ച് സാമൂഹിക ധ്രുവീകരണവും പരസ്പരം ശത്രുതയും വളർത്തുന്ന സംഘ്പരിവാര പ്രവർത്തകരെ അറസ്റ്റുചെയ്യാൻ സർക്കാറും പൊലീസും തയാറാകണമെന്നും ഉസ്മാൻ ആവശ്യപ്പെട്ടു.