തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിൽ ഭരണം നിലനിർത്തുന്നത് എസ്ഡിപിഐ പിന്തുണയോടെ.ഇ പിന്തുണയുടെ കാര്യത്തിൽ എൽഡിഎഫ് യുഡിഎഫ് വേർതിരിവ് ഇല്ലെന്നാണ് വസ്തുത.ഏറ്റവും കുടുതൽ നീക്കുപോക്ക് എൽഡിഎഫുമായാണെങ്കിലും യുഡിഎഫും പിന്തുണയുടെ നേടുന്ന കാര്യത്തിൽ പിന്നിൽ അല്ല.ആറ് സ്ഥലങ്ങളിൽ എൽഡിഎഫ് പിന്തുണ വരുമ്പോൾ രണ്ടിടങ്ങളിലാണ് യുഡുഎഫിന് പിന്തുണ

എൽഡിഎഫിന് പിന്തുണ

കോട്ടാങ്ങൽ പഞ്ചായത്ത് (പത്തനംതിട്ട ജില്ല):

തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം ഈ പഞ്ചായത്തിൽ 3 തവണ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു നടന്നു. എസ്ഡിപിഐ അംഗം പിന്തുണച്ചതിന്റെ പേരിൽ ആദ്യ 2 തവണ സിപിഎം അംഗങ്ങൾ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ രാജിവച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം പക്ഷേ, തിരഞ്ഞെടുക്കപ്പെട്ട സിപിഎം അംഗങ്ങൾ രാജിവച്ചില്ല. നിലവിൽ എസ്ഡിപിഐ പിന്തുണയോടെ ഭരണം തുടരുന്നു.

പത്തനംതിട്ട നഗരസഭ:

എസ്ഡിപിഐ പിന്തുണയിൽ ജയിച്ച വനിത കൗൺസിലറാണ് നഗരസഭാ ഉപാധ്യക്ഷ. ഒരു സ്ഥിരം സമിതി അധ്യക്ഷ സ്ഥാനവും എസ്ഡിപിഐക്ക് നൽകിയിട്ടുണ്ട്.

ഈരാറ്റുപേട്ട നഗരസഭ (കോട്ടയം ജില്ല):

എസ്ഡിപിഐ ഇടതുപക്ഷത്തിന് ഒപ്പം ചേർന്നതോടെയാണ് അവിശ്വാസം പാസായത്. 28 അംഗ കൗൺസിലിൽ കോൺഗ്രസ് അംഗം കൂറുമാറിയപ്പോഴാണ് അവിശ്വാസം വന്നത്. ചെയർപഴ്‌സൻ തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് 14, എൽഡിഎഫ് 9, എസ്ഡിപിഐ 5 എന്നതായിരുന്നു കക്ഷിനില. യുഡിഎഫ് അംഗം കൂറുമാറിയതോടെ യുഡിഎഫ് 13, എൽഡിഎഫ് 10, എസ്ഡിപിഐ 5 എന്നിങ്ങനെയായി നില. വോട്ടെടുപ്പിൽ എസ്ഡിപിഐ ഇടതുപക്ഷത്തിന് ഒപ്പം ചേർന്നതോടെ അവിശ്വാസം പാസായി.

പായിപ്പാട് പഞ്ചായത്ത് (കോട്ടയം ജില്ല):

16 അംഗ പഞ്ചായത്തിൽ എൽഡിഎഫ് 7, യുഡിഎഫ് 5, ബിജെപി 2, എസ്ഡിപിഐ 1, സ്വതന്ത്രൻ 1 എന്നതാണു കക്ഷിനില. ബിജെപി, എസ്ഡിപിഐ, സ്വതന്ത്രാംഗങ്ങൾ വിട്ടു നിന്നതോടെ എൽഡിഎഫ് ഭരണം പിടിച്ചു.

ഇരിട്ടി നഗരസഭ (കണ്ണൂർ ജില്ല):

33 അംഗ ഭരണ സമിതിയിൽ എൽഡിഎഫ് 14, യുഡിഎഫ് 11, എൻഡിഎ 5, എസ്ഡിപിഐ 3 എന്നിങ്ങനെയാണ് സീറ്റു നില. അധ്യക്ഷ - ഉപാധ്യക്ഷ തിരഞ്ഞെടുപ്പുകളിൽ ബിജെപി സ്വന്തം സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുകയും എസ്ഡിപിഐ വിട്ടുനിൽക്കുകയും ചെയ്തപ്പോൾ എൽഡിഎഫിന് ഭരണം ലഭിച്ചു.

മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് (കണ്ണൂർ ജില്ല):

15 സീറ്റിൽ എൽഡിഎഫ്6, യുഡിഎഫ്5, എസ്ഡിപിഐ4 എന്നിങ്ങനെയാണു കക്ഷിനില. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ യുഡിഎഫും എൽഡിഎഫും മത്സരിച്ചപ്പോൾ എസ്ഡിപിഐ വിട്ടു നിന്നു. എൽഡിഎഫ് ഭരണം പിടിച്ചു.

യുഡിഎഫിന് പിന്തുണ

പോരുവഴി ഗ്രാമപഞ്ചായത്ത് (കൊല്ലം ജില്ല):

യുഡിഎഫ്, എൽഡിഎഫ്, ബിജെപി എന്നിവർക്ക് 5 വീതം സീറ്റുകളാണുള്ളത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്നു പുറത്താക്കാനാണു യുഡിഎഫിനെ പിന്തുണച്ചതെന്ന് എസ്ഡിപിഐ പറയുന്നു. എസ്ഡിപിഐ വോട്ടുകളുടെ ബലത്തിൽ കോൺഗ്രസ് പ്രതിനിധി പ്രസിഡന്റും മുസ്ലിംലീഗ് പ്രതിനിധി വൈസ് പ്രസിഡന്റും ആയി. കോൺഗ്രസ് പ്രതിനിധിയെ പാർട്ടി പുറത്താക്കി.

കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് (എറണാകുളം ജില്ല):

ആകെ 21 അംഗങ്ങൾ. യുഡിഎഫ് 8, എൽഡിഎഫ് 8, ബിജെപി 3, എസ്ഡിപിഐ 2 എന്നിങ്ങനെയാണു കക്ഷിനില. നറുക്കെടുപ്പിലൂടെ കോൺഗ്രസിനു പ്രസിഡന്റ് സ്ഥാനം കിട്ടി. സിപിഐയ്ക്കു വൈസ് പ്രസിഡന്റ് സ്ഥാനവും. ബിജെപിയും എസ്ഡിപിഐയും വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു.