കണ്ണൂർ: പാനൂർ മൻസൂർ കൊലക്കേസിലെ രണ്ടാം പ്രതി മരിച്ച നിലയിൽ. വോട്ടെടുപ്പ് ദിവസം മുസ്ലിംലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി രതീഷ് കൂലോത്തിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് ഉച്ചയ്ക്കാണ് സംഭവം. വളയം പൊലീസ് സ്റ്റേഷൻ പരിധിയിൽ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊക്ലി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോഴാണ് ഇത് പാനൂർ മൻസൂർ വധക്കേസിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞത്.

വോട്ടെടുപ്പ് ദിവസം ഉണ്ടായ കൊലപാതകത്തിന് പിന്നാലെ രതീഷ് ഒളിവിലായിരുന്നു. രതീഷിനെ പിടികൂടാൻ പൊലീസ് നാടുമുഴുവൻ തെരയുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.കൊല്ലപ്പെട്ട മൻസൂറിന്റെ അയൽവാസി കൂടിയാണ് രതീഷ് കൂലോത്ത്. ഡിവൈഎസ്‌പി അടക്കമുള്ളവർ സ്ഥലത്തേക്ക് പുറപ്പെട്ടു.

അതേസമയം മൻസൂറിന്റെ കൊലപാതകത്തിനായി അക്രമികൾ ഗൂഢാലോചന നടത്തിയത് വാട്‌സാപ്പിലൂടെയെന്ന് പൊലസ് കണ്ടെത്തി. റിമാൻഡിലായ പ്രതി ഷിനോസിന്റെ ഫോണിൽ നിന്നാണ് നിർണായക വിവരങ്ങൾ പൊലീസിന് കിട്ടിയത്. കൊലപാതകം നടന്ന സമയത്ത് നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ച ഷിനോസിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ഗൂഢാലോചന തെളിയിക്കുന്ന നിർണായക വിവരങ്ങൾ കിട്ടിയത്.

കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരൻ മുഹ്‌സിനെ ആക്രമിക്കാമെന്ന തരത്തിലുള്ള വാട്‌സാപ്പ് സന്ദേശങ്ങൾ ഫോണിലുണ്ടായിരുന്നു. ബോംബും വടിവാളുകളും ശേഖരിച്ചതും വാട്‌സാപ്പ് വഴിയെന്നാണ് പൊലീസിന്റെ നിഗമനം. ഫോണിൽ നിന്ന് നീക്കം ചെയ്ത മെസേജുകൾ തിരിച്ചെടുക്കാനായി സൈബർ സെല്ലിന് കൈമാറി. കേസിലെ മുഖ്യപ്രതികളായ സുഹൈലിനെയും ശ്രീരാഗിനെയും ഈ ഫോണിൽ നിന്ന് വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്.