മെൽബൺ: ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റിൽ മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ പിടിമുറുക്കുന്നു. രണ്ടാം ഇന്നിങ്ങ്‌സ് ബാറ്റിങ്ങ് ആരംഭിച്ച ഓസീസിന് 2 റൺസ് ലീഡാണുള്ളത്. കളിനിർത്തുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. 17 റൺസു മായി കാമറൂൺ ഗ്രീനും 15 റൺസുമായി പാറ്റ് കമ്മിൻസുമാണ് ക്രീസിൽ. 137 പന്തുകൾ നേരിട്ട് 40 റൺസെടുത്ത ഓപ്പണർ മാത്യു വെയ്ഡാണ് രണ്ടാം ഇന്നിങ്ങ്‌സിലെ ടോപ്‌സ്‌കോറർ. മാർനസ് ലബു ഷെയ്ൻ 28 ഉം ട്രാവിസ് ഹെഡ് 17 ഉം റൺസ് നേടി. മൂന്ന് താരങ്ങൾ രണ്ടക്കം കടക്കാതെ പുറത്താ യി. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ രണ്ടും, ബുമ്ര, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, ആർ. അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.

മൂന്നാം ദിവസം അഞ്ചിന് 277 എന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ ഇന്ത്യ ശേഷിക്കുന്ന അഞ്ച് വിക്കറ്റ് 49 റൺസിനിടെ നഷ്ടമായി.326 റൺസിന് എല്ലാവരും പുറത്തായി.അജിൻക്യ രഹാനെ 112 റൺസിൽ പുറത്തായി. രവീന്ദ്ര ജഡേജ അർധസെഞ്ചുറി തികച്ചു. 159 പന്തിൽ 57 റൺസെടുത്താ ണു ജഡേജ മടങ്ങിയത്. ഇന്ത്യൻ ടീമിന്റെ വാലറ്റത്തിന് കാര്യമായ ബാറ്റിങ് പ്രകടനം പുറത്തെടു ക്കാൻ സാധിച്ചില്ല. ആർ. അശ്വിൻ 14 ഉം ഉമേഷ് യാദവ് ഒൻപതും റൺസെടുത്തു.

രഹാനെയുടെ 12ാം ടെസ്റ്റ് സെഞ്ചുറിയാണ് ഇന്ത്യൻ ഇന്നിങ്‌സിന്റെ നട്ടെല്ലായത്. 2014ലെ ഓസീസ് പര്യടനത്തിലും രഹാനെ ഇവിടെ സെഞ്ചുറി നേടിയിരുന്നു.ഉറച്ച പ്രതിരോധത്തിനൊപ്പം മനോ ഹരമായ കട്ടും ഡ്രൈവും പുള്ളും രഹാനെയുടെ ബാറ്റിൽ നിന്നു വന്നതോടെ ഇന്ത്യ ആധിപത്യം കൈവിട്ടില്ല. ആദ്യ സെഷനിൽ 54 റൺസ് നേടിയ ഇന്ത്യ 2ാം സെഷനിൽ 99 റൺസ് നേടി. വ്യക്തി ഗത സ്‌കോർ 73ൽ നിൽക്കെ രഹാനെയുടെ ക്യാച്ച് സ്മിത്ത് കൈവിട്ടു. രണ്ടാമത്തെ ന്യൂബോളിൽ ഒരു വിക്കറ്റ് എന്ന ഓസീസ് മോഹത്തിന് അതോടെ തിരിച്ചടിയേറ്റു. സെഞ്ചുറി നേടിയതിനു ശേ ഷം , ട്രാവിസ് ഹെഡും രഹാനെയെ 'കൈവിട്ടു' സഹായിച്ചു. മൂന്നാം ദിനം 112 റൺസ് നേടിയാണ് രഹാനെ ഒടുവിൽ മടങ്ങിയത്. ഇടയ്ക്കു 2 വട്ടം മഴ കളി തടസ്സപ്പെടുത്തിയെങ്കിലും അധികം ഓവറുകൾ നഷ്ടമായില്ല.

നാലാം ദിനം ഓസീസിന്റെ ശേഷിക്കുന്ന വിക്കറ്റുകൾ എളുപ്പം വീഴ്‌ത്തി ജയം പിടിക്കാനാകും ഇന്ത്യയുടെ ശ്രമം. അതിനിടെ പേസർ ഉമേഷ് യാദവിന് പരിക്കേറ്റത് ഇന്ത്യക്ക് തിരിച്ചടിയായി. കഴിഞ്ഞ ടെസ്റ്റിൽ ഷമി പരിക്കേറ്റ് പുറത്തായിരുന്നു.