തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ ഓഫീസിലെ തീപിടിത്തത്തിൽ ദുരൂഹത തുടരുന്നു. തീ പിടിച്ച മുറിക്ക് സമീപത്തു നിന്നും രണ്ട് മദ്യകുപ്പികൾ കണ്ടെടുത്തു. ഇതിലെ മദ്യം ഉപയോഗിച്ചാണോ തീ കത്തിച്ചയെതന്ന സംശയം സജീവമാണ്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഫോറൻസിക് പരിശോധനയിൽ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നും കണ്ടെത്തിയിട്ടില്ല. ഇതോടെ സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്ക് ബംഗളൂരുവിലോ ഡൽഹിയിലോ അയയ്ക്കാനാണ് തീരുമാനം. മുറിയിലെ ഫാൻ തീപിടിച്ച് ഉരുകിയതിന് തെളിവ് കിട്ടുകയും ചെയ്തു.

സെക്രട്ടറിയേറ്റിനുള്ളിൽ മദ്യകുപ്പി എത്തിയെന്നതാണ് ഇതിൽ ഏറ്റവും നിർണ്ണായകം. മുറിയിലെ സാന്നിട്ടൈസർ പോലും തീ കത്താതെ ഫയലുകൾ മാത്രമാണ് നശിച്ചതെന്ന് നേരത്തെ ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്ന സർക്കാർ നിയോഗിച്ച അന്വേഷണ സമിതിയുടെ കണ്ടെത്തലുകളെയാണ് ഫോറൻസിക് പരോക്ഷമായി തള്ളിക്കളയുന്നത്. തീ വയ്ക്കാനുള്ള സാധ്യതകളിലെ ചർച്ച സജീവമായി നിലനിർത്തുന്നതാണ് ഫോറൻസികിന്റെ കണ്ടെത്തൽ. തീപിടുത്തത്തിൽ കത്തിനശിച്ചത് ഫയലുകൾ മാത്രമാണെന്നും സാനിറ്റൈസർ ഉൾപ്പെടെയുള്ള വസ്തുക്കൾ കത്തിയിട്ടില്ലെന്നും ഫോറൻസിക് റിപ്പോർട്ടിലുണ്ട്.

ഷോർട്ട് സർക്യൂട്ടിന് തെളിവ് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അന്തിമ ഫോറൻസിക് റിപ്പോർട്ട്. ഫാൻ ഉരുകിയെങ്കിലും കാരണം വ്യക്തമല്ല. തീപിടിത്തം നടന്ന സ്ഥലത്തുനിന്ന് കുറച്ച് മാറി രണ്ട് മദ്യക്കുപ്പികൾ കണ്ടെത്തിയതായും സ്ഥിരീകരണമുണ്ട്. തീപിടിത്തമുണ്ടായ പ്രോട്ടോക്കോൾ വിഭാഗത്തിൽനിന്നു രണ്ട് മദ്യക്കുപ്പികൾ കണ്ടെടുത്തതായും രണ്ടിലും മദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായും ഫൊറൻസിക് റിപ്പോർട്ട് വിശദീകരിക്കുന്നു. കത്തിയ ഫാനിന്റെ ഭാഗങ്ങൾ, ഉരുകിയ ഭാഗം, മോട്ടർ എന്നിവ പരിശോധിച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമാകാത്തതിനാൽ വിദഗ്ദ്ധ ഫോറൻസിക് പരിശോധന വീണ്ടും നടത്താൻ ആലോചിക്കുന്നുണ്ട്. കൊച്ചിയിലോ ബെംഗളൂരുവിലോ പരിശോധനയ്ക്ക് സാമ്പിൾ അയക്കാനാണ് ആലോചിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് 25-നാണ് സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിനുകീഴിലെ പ്രോട്ടാകോൾ വിഭാഗത്തിൽ തീപിടിത്തമുണ്ടായത്. ഇവിടെ സൂക്ഷിച്ചിരുന്ന ചില ഫയലുകൾ കത്തിനശിച്ചിരുന്നു. സ്വർണക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു തീപിടിത്തം. സെക്രട്ടറിയേറ്റ് പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടുത്തമുണ്ടായി ഫയലുകൾ കത്തിനശിച്ചത് ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്നായിരുന്നു സർക്കാരിന്റേയും അന്വേഷണസമിതികളുടേയും വിശദീകരണം. തീപിടുത്തത്തിൽ നയതന്ത്രരേഖകൾ കത്തിനശിച്ചു എന്ന് ചില മാധ്യമങ്ങൾ തെറ്റായ വാർത്ത നൽകിയെന്ന് ചൂണ്ടിക്കാട്ടി സർക്കാർ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് പരാതി സമർപ്പിച്ചിരുന്നു

ജിഐഎ പൊളിറ്റിക്കൽ ഓഫീസിലാണ് തീപിടുത്തം ഉണ്ടായത്. സെക്രട്ടറിയേറ്റിൽ ഫയർഫോഴ്‌സ് എത്തുമ്പോൾ പുക നിറഞ്ഞ സ്ഥിതി ആയിരുന്നു. ഒട്ടേറെ ഫയലുകൾ കത്തി നശിച്ചു. തീപിടിത്തം ആസൂത്രിതമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു. സ്വർണ്ണ കടത്തിലെ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന ഭയമാണിതിന് പിന്നിലെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു. മന്ത്രി ജലീലുമായി ബന്ധപ്പെട്ട വിവരങ്ങൾ നശിപ്പിക്കാനുള്ള ശ്രമമാണ് തീപിടുത്തത്തിന് പിന്നിലെന്നും ഇടിമിന്നലിൽ സിസിടിവിക്ക് കേടുവന്നുവെന്ന് നേരത്തെ പറഞ്ഞതും അട്ടിമറി ശ്രമമാണെന്നും സുരേന്ദ്രൻ ആരോപിച്ചു. അതുകൊണ്ട് തന്നെ ഏറെ രാഷ്ട്രീയ മാനങ്ങൾ ഈ തീപിടിത്തത്തിന് കൈവന്നിരുന്നു.

സംസ്ഥാന സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടുത്തം സംബന്ധിച്ച ഫോറൻസിക് റിപ്പോർട്ട് സർക്കാരിനെ ഭയപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചിരുന്നു. തങ്ങൾക്ക് അനുകൂലമായ രീതിയിൽ റിപ്പോർട്ട് ലഭ്യമാക്കാൻ വേണ്ടിയുള്ള നീക്കങ്ങൾ ലക്ഷ്യമിട്ട് സ്ഥാപനത്തിന്റെ തലപ്പത്ത് അഴിച്ചു പണിക്കുള്ള നീക്കം തുടങ്ങിയെന്നും ചെന്നിത്തല വിശദീകരിച്ചിരുന്നു. പ്രോട്ടോക്കോൾ വിഭാഗത്തിലെ തീപിടുത്തം ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്നുള്ള ഫോറൻസിക് റിപ്പോർട്ടിന്റെ പേരിൽ സംസ്ഥാനത്തെ ഒരു ഐജി ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.