തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപ്പിടിത്തത്തിൽ അന്വേഷണം നടത്തുന്നത് യാതൊരു ആരോപണങ്ങൾക്കും ഇടനൽകാത്ത രീതിയിൽ. സെക്രട്ടേറിയറ്റ് തീപ്പിടിത്തത്തിൽ കത്തിയ ഫയലുകളുടെ പരിശോധന തുടരുകയാണ്. പിന്നീട് ഉണ്ടായേക്കാവുന്ന ആരോപണങ്ങളെ ഭയന്ന് കത്തിയ ഫയലുകളുടെ പരിശോധനയുടെ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുന്നുമുണ്ട്. തീപ്പിടിത്തത്തിൽ ഭാഗികമായി കത്തിയ ഫയലുകൾ സ്‌കാൻ ചെയ്ത് സൂക്ഷിക്കാനാണ് തീരുമാനം. തീപ്പിടിത്തമുണ്ടായ പ്രോട്ടോക്കോൾ വിഭാഗത്തിലെ മുഴുവൻ ഫയലുകളും പരിശോധിക്കും.

പരിശോധന പൂർത്തിയാക്കുന്ന ഫയലുകൾ സ്‌ട്രോങ് റൂമിലേക്ക് മാറ്റും. ഈ നടപടികൾ എല്ലാം ക്യാമറയിൽ ഷൂട്ട് ചെയ്യുന്നുണ്ട്. എന്തെങ്കിലും തരത്തിലുള്ള ആരോപണങ്ങൾ പിന്നീട് ഉയരാതിരിക്കാനാണ് ഈ നടപടി. പരിശോധന പൂർത്തിയാകാതെ പുതിയ ഫയലുകൾ ഇവിടേക്ക് കൊണ്ടുവരില്ല. അതേസമയം തീപ്പിടിത്തത്തിന് കാരണം ഫാനിന്റെ തകരാറാണെന്ന നിഗമനത്തിലേക്കാണ് പൊലീസ് എത്തിച്ചേരുന്നത്. എന്നാൽ ഫോറസൻസിക് റിപ്പോർട്ട് വന്നാൽ മാത്രമേ അന്തിമ റിപ്പോർട്ട് അന്വേഷണ സംഘങ്ങൾ സർക്കാരിന് കൈമാറുകയുള്ളു. സംഭവത്തിൽ ഉദ്യോഗസ്ഥർ നൽകിയ മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരും ഫാനിന്റെ തകരാർ ചൂണ്ടിക്കാണിച്ചിരുന്നു. ഫയലുകളുടെ പ്രാഥമിക പരിശോധനയിൽ പ്രധാനപ്പെട്ടവയൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘങ്ങൾ.

25 ഫയലുകൾ ഭാഗികമായി കത്തിയതായാണ് വിവരം. അതിഥി മന്ദിരങ്ങളിലെ മുറികൾ അനുവദിച്ച ഉത്തരവുകളുമാണ് കത്തിയത്. അന്വേഷണ സംഘങ്ങളുടെ സംയുക്ത പരിശോധന തുടരുകയാണ്. അപകടത്തിന്റെ ഗ്രാഫിക്സ് വീഡിയോ അന്വേഷണ സംഘം തയ്യാറാക്കുന്നുണ്ട്. തീ പടർന്നതിന്റെ കാരണം വ്യക്തമാക്കാനാണ് വീഡിയോ തയ്യാറാക്കുന്നത്. ഫോറൻസിക് അന്വേഷണ റിപോർട്ട് കിട്ടിയാൽ വീഡിയോ പൂർത്തിയാക്കും. കത്തിയ ഫയലുകൾ സ്കാൻ ചെയ്തു മാറ്റി.രാവിലെയും ഉച്ചക്കും പ്രോട്ടോകോൾ ഓഫിസിൽ കയറിയത് ശുചീകരണ തൊഴിലാളികളാണ്. സിസിടിവി ദൃശ്യങ്ങളിലും അസ്വാഭാവികത ഇല്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു.

രണ്ടു തരത്തിലുള്ള അന്വേഷണം നടത്തുന്നതിനാണ് നിർദ്ദേശിച്ചിട്ടുള്ളത് എന്ന് നേരത്തേ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘവും ദുരന്ത നിവാരണ സമിതി കമ്മീഷണർ എ കൗശിക്കിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് അന്വേഷണം നടത്തുന്നത്. തീപ്പിടിത്തത്തിന്റെ കാരണം, നാശനഷ്ടങ്ങൾ, എന്തെല്ലാം ഫയലുകൾ നഷ്ടപ്പെട്ടു എന്നിവയെല്ലാം അന്വേഷിക്കും. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ എന്തൊക്കെ ചെയ്യണം എന്നതുസംബന്ധിച്ച നിർദ്ദേശങ്ങളും അന്വേഷണ സംഘം നൽകും. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് രണ്ട് സംഘങ്ങളോടും നിർദ്ദേശിച്ചിട്ടുള്ളത്.

സെക്രട്ടേറിയറ്റിലുണ്ടായ തീപ്പിടിത്തം ചെറുതായിരുന്നെങ്കിലും അതിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ ഇതിനായി ചുമതലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.കത്തിയെന്ന് പറയുന്നതിൽ സുപ്രധാന ഫയലുകൾ ഒന്നുമില്ല. ഭാഗങ്ങൾ മാത്രമാണ് കത്തിപ്പോയത്. എൻഐഎ ആവശ്യപ്പെട്ട എല്ലാ ഫയലുകളും നൽകാൻ തയ്യാറാണെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അതിന് ഒരു പ്രശ്‌നവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.