കോഴിക്കോട്: കോവിഡ് കാലത്ത് രാപ്പകലില്ലാതെ ജോലിയെടുത്തിട്ടും ശമ്പളം നൽകുന്നില്ലെന്ന പരാതിയുമായി ഒരു കൂട്ടം തൊഴിലാളികൾ. കോഴിക്കോട് എസ്ഐഎസ് സെക്യൂരിറ്റി ആൻഡ് ഇന്റലിജൻസ് സർവ്വീസ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയിലെ തൊഴിലാളികൾക്കാണ് മാസങ്ങളായി ശമ്പളം മുടങ്ങിയിരിക്കുന്നത്. പ്രമുഖ സ്ഥാപനങ്ങളിൽ സെക്യൂരിറ്റി, ഡ്രൈവിങ് ജീവനക്കാരെ സപ്ലൈ ചെയ്യുന്ന കമ്പനിയാണ് ഐഎസ്എസ് സെക്യൂരിറ്റീസ്.

സെക്യൂരിറ്റി ജീവനക്കാർക്കും ഡ്രൈവർമാർക്കുമാണ് മാസങ്ങളായി ശമ്പളം മുടങ്ങിയിരിക്കുന്നത്. കോവിഡ് കാലത്ത് തൊഴിലാളികെ കുറച്ചിരുന്നെങ്കിലും ജോലിക്കെത്തിയവർക്ക് പോലും ശമ്പളം നൽകിയിരുന്നില്ല. ചില മാസങ്ങളിൽ പകുതി ശമ്പളമാണ് നൽകിയിരുന്നത്. കഴിഞ്ഞ രണ്ട് മാസങ്ങളായി ശമ്പളം പൂർണ്ണമായും നിലിച്ചിരിക്കുകയാണ്. കരിപ്പൂർ എയർപോർട്ടിൽ നിന്ന് വിമാനങ്ങളിലെ ജീവനക്കാരെ കോഴിക്കോട്ടെ ഹോട്ടലുകളിലേക്ക് എത്തിക്കുന്ന ജീവനക്കാർ അടക്കമുള്ളവർക്കാണ് ശമ്പളം മുടങ്ങിയത്. കോവിഡ് പകരാൻ ഏറ്റവും അധികം സാധ്യതകളുള്ള എയർപോർട്ടിൽ അർദ്ധരാത്രിയിലും ജോലി ചെയ്യാൻ തങ്ങൾ തയ്യാറായത് കുടുംബം പട്ടിണിയാകരുതെന്ന് കരുതിയട്ടാണെന്ന് തൊഴിലാളികളിലൊരാൾ മറുനാടൻ മലയാളിയോട് പറഞ്ഞു.

രാപ്പകലില്ലാതെ ഞങ്ങൾ ജോലി ചെയ്ത് വരുന്നുണ്ട്. കോവിഡ് കാരണം പകുതി ശമ്പളം മാത്രമാണ് തുടക്കത്തിൽ തന്നിരുന്നത്. വരുമാനം കുറവാണെന്ന് മനസ്സിലായതു കൊണ്ട അത് സഹിക്കുകയായിരുന്നു. അപ്പോഴൊന്നും ഞങ്ങൾ പരാതി പറഞ്ഞിരുന്നില്ല. എസ്ഐഎസ് കമ്പനിയാണ് ഇവർക്ക് ശമ്പളം നൽകേണ്ടത്. ഹോട്ടലുകളിൽ നിന്നും എസ്ഐഎസ് കമ്പനി പണം പിരിച്ചെടുത്തിട്ടും അവിടെ ജോലി ചെയ്ത ജീവനക്കാർക്ക് നൽകുന്നില്ലെന്നാണ് ആക്ഷേപം.

കഴിഞ്ഞ രണ്ട് മാസമായി യാതൊരു വരുമാനവുമില്ല. കടം വാങ്ങിയ പൈസകൊണ്ട് ബൈക്കിൽ പെട്രോളടിച്ചാണ് ജോലിക്കെത്തുന്നത്. ബൈക്കിൽ പെട്രോളില്ലാതെ രാത്രിയിൽ വഴിയിൽ പെട്ടുപോയ അവസ്ഥപോലുമുണ്ടായിട്ടുണ്ട്. ലോണെടുത്ത ബാങ്കുകളിൽ നിന്ന് ആളുകൾ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു. അവരോട് നമുക്ക് ശമ്പളം കിട്ടിയില്ലെന്ന കാരണം പറഞ്ഞാൽ അവർ തിരിച്ചുപോകില്ലല്ലോ. ഇന്നലെ രാവിലെ ചോദിച്ചപ്പോൽ വൈകീട്ട് അഞ്ച് മണിക്കുള്ളിൽ ശമ്പളം ലഭിക്കുമെന്നാണ് പറഞ്ഞത്. ഇന്ന് ഇത്ര നേരമായിട്ടും ആർക്കും ശമ്പളം ലഭിച്ചിട്ടില്ല. ഫോൺവിളിച്ചാൽ ഓഫീസിലുള്ളവർ മറുപടി തരില്ല. ഞങ്ങളെ ജോലിക്കെടുത്തത് എസ്ഐഎസാണ്. ഞങ്ങൾക്ക് ശമ്പളം നൽകേണ്ട ബാധ്യത അവർക്കാണ്.

ശമ്പളം നിഷേധിക്കപ്പെട്ട ഏഴ് ജീവനക്കാർ ഇന്ന് രാവിലെ മുതൽ കോഴിക്കോട് നടക്കാവിലുള്ള എസ്ഐഎസ് സെക്യൂരിറ്റി ആൻഡ് ഇന്റലിജൻസ് സർവ്വീസ് ഇന്ത്യ ലിമിറ്റഡിന്റെ ഓഫീസിലെത്തി ചർച്ച നടത്തിയെങ്കിലും ഇതുവരെയും ശമ്പളം നൽകാൻ തയ്യാറായിട്ടില്ല. ഇന്ന് രാവിലെ 10 മണിയോടെ ഓഫീസിലെത്തിയ തൊഴിലാളികൾ ഭക്ഷണം പോലും കഴിക്കാതെ നടക്കാവിലുള്ള ഓഫീസിൽ കുത്തിയിരിക്കുകയാണ്.