കോവിഡ് കാലത്ത് ആസന്ന മരണം കാത്ത് ഭീതിയിലിരിക്കുന്ന മലയാള സിനിമക്ക് ഫഹദ് ഫാസിലിന്റെയും കൂട്ടരുടെയും വാക്സിനേഷൻ! ആമസോൺ പ്രൈം വഴി റിലീസ് ചെയ്ത, ടേക്ക് ഓഫ് എന്ന ചിത്രത്തിലുടെ നമ്മെ വിസ്മയിപ്പിച്ച സംവിധായകൻ മഹേഷ് നാരായണന്റെ പുതിയ ചലച്ചിത്രം C U SOON ( സീ യു സൂൺ) അക്ഷരാർഥത്തിൽ മലയാള സിനിമയിൽ ഒരു നാഴികക്കല്ലാണ്. സിനിമയുടെ പ്രമേയത്തിലേക്കാളുപരി അതിന്റെ അവതരണ സാങ്കേതിക വിദ്യയാണ് ചരിത്രമാവുന്നത്.

പുർണ്ണമായും ഐ ഫോണിൽ ചിത്രീകരിച്ച ഈ സിനിമ, കോവിഡ് കാലത്ത് മലയാളത്തിന്റെ അതിജീവന സാധ്യതകൂടിയാണ് വ്യക്തമാക്കുന്നത്. തീയേറ്ററുകൾ അടച്ചിടുകയും, ഷൂട്ടിങ്ങിന് നിയന്ത്രണങ്ങൾ വരികയും, മാസ്‌ക്കും സാമൂഹിക അകലവും പാലിക്കാതെ ഒരു കാര്യവും ചെയ്യാൻ പറ്റാത്ത കാലം വരികയും ചെയ്തിട്ടും പ്രതിഭയുണ്ടെങ്കിൽ നിങ്ങൾക്ക് ഒന്നാന്തരം സിനിമ കുറഞ്ഞ മുടക്കുമുതലിൽ എടുക്കാം. അതിന്റെ തെളിവാണ് ഈ ചിത്രം.

സത്യത്തിൽ കോവിഡ് വാക്സിൻ കണ്ടുപിടിച്ചാൽ ഉണ്ടാകുന്ന ആശ്വാസമാണ് ഇത് നല്ല സിനിമയെ സ്നേഹിക്കുന്ന ചലച്ചിത്ര പ്രേമികൾക്ക് നൽകുന്നത്. ഏത് മഹാമാരിക്കലത്തും നമുക്ക് നല്ല ചിത്രങ്ങൾ എടുക്കാൻ കഴിയും എന്ന വലിയ ആത്മവിശ്വാസം ഈ പടം നൽകുന്നുണ്ട്.

ഐ ഫോണിൽ എടുത്ത വിസ്മയം

ഐ ഫോണിൽ എടുത്ത ഒരു ത്രില്ലർ എന്നത് മുമ്പൊക്കെ സങ്കൽപ്പിക്കാൻ കഴിയുമായിരുന്നോ. ഒരു വീഡിയോ കോളിന്റെ രൂപത്തിലാണ് ചിത്രം ഭൂരിഭാഗം സമയവും മുന്നോട്ടുപോകുന്നത്. ഹാങ്ങ് ഔട്ട് ചാറ്റിങ്ങും, ഫേസ്‌ബുക്ക് മെസഞ്ചറിലൂടെയും വാട്സാപ്പിലൂടെയുമൊക്കെയായി ആധുനിക കാലത്തിന്റെ എല്ലാ ഡിജിറ്റൽ കമ്മ്യുണിക്കേഷനുകളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. അങ്ങനെ ചെയ്തിട്ടും ഒരിടത്തും ബോറടിപ്പിക്കാതെ ഒരു ചിത്രം ഒരുക്കാൻ കഴിഞ്ഞു എന്നിടത്താണ്, എഡിറ്ററും തിരക്കഥാകൃത്തുമായ സംവിധായകൻ മഹേഷ് നാരായണന്റെ വിജയം.

ഇത് മലയാള സിനിമയുടെ ഒരു പുതിയ ട്രാക്കാണ്. ലക്ഷങ്ങൾ വിലയുള്ള ക്യാമറെയൊന്നുവേണ്ട, വല്ലഭന് പുല്ലും ആയുധം എന്ന് പറയുന്നതുപോലെ മൊബൈൽ ഫോൺ ഉണ്ടെങ്കിലും നിങ്ങൾക്ക് ചിത്രം എടുക്കാം. തീയേറ്റുകൾ അടഞ്ഞു കിടന്നാലും അത് പ്രേക്ഷകരിൽ എത്തിക്കാനും ലാഭം ഉണ്ടാക്കാനും കഴിയും. ഒ ടി ടി പ്ലാറ്റ്ഫോമുകൾ ഒന്നും തന്നെ പുറം തിരഞ്ഞു നിൽക്കേണ്ട ഒന്നല്ലെന്നും, കിട്ടാവുന്ന എല്ലാ വരുമാന സാധ്യതയും സ്വരൂപിക്കയാണ് വേണ്ടതെന്നും മലയാളത്തിലെ പ്രൊഡ്യൂസർമാരും മനസ്സിലാക്കണം.

ആധുനിക കാലത്തോടും സാങ്കേതിക വിദ്യയോടും നിഷേധാത്മക സമീപനം പുലർത്തി, പഴയ കമ്പ്യൂട്ടർ സമരത്തിലെ നായകരുടെ മനസ്ഥിതിയുള്ള കുറേ ആളുകളെയാണ് നമുക്ക് മലയാള ചലച്ചിത്രലോകത്ത് കാണാൻ കഴിയുക. അവിടെയാണ് ഈ സിനിമ ചരിത്രമാവുന്നതും. ആദ്യത്തെ കളർ ചിത്രം വന്നതുപോലെ, ആദ്യത്തെ സിനിമാ സ്‌കോപ്പ് ചിത്രം വന്നതുപോലെ, ആദ്യ ത്രീഡി ചിത്രം പോലെ, മലയാള സിനിമയുടെ നിർമ്മാണ- വിതരണ മേഖലകളെ ബാധിക്കുന്ന വലിയൊരു മാറ്റത്തിന് തുടക്കം കുറിച്ചിരിക്കയാണ് ഈ ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ ഫഹദ് ഫാസിലും ടീമും. രാജേഷ് പിള്ളയുടെ ട്രാഫിക്ക് മലയാളത്തിൽ ന്യൂ ജനറേഷൻ തരംഗം കൊണ്ടുവന്നതുപോലെ, സീ യു സൂൺ, മലയാള സാങ്കേതിക വിദ്യാരംഗത്തും തരംഗം തീർക്കട്ടെ. കമ്പ്യൂട്ടർ സ്‌ക്രീൻ ബേസ്ഡ് സിനിമ എന്ന കൺസെപ്റ്റിൽ ഒരുക്കിയ ചിത്രങ്ങൾ കൂടുതൽ കൂടുതൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. അത് തന്നെയാണ് കാലം ആവശ്യപ്പെടുന്നതും.

ഒരു വിഡിയോ കോൾ ചെയ്യുന്നതു പോലെ കാണാൻ കഴിയുന്ന സിനിമ. പക്ഷേ ഒന്നരമണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രം അറിയപ്പെടുക സാങ്കേതികയുടെ പേരിൽ മാത്രമല്ല. ആദ്യ ചിത്രമായ ടേക്ക് ഓഫിൽ ഇറാഖിലെ ഐഎസിന്റെ ക്യാമ്പുകളും യുദ്ധവുമൊക്കെ , ഹോളിവുഡ് സിനിമകളെ അമ്പരപ്പിക്കുന്ന രീതിയിൽ സെറ്റിട്ട് ചിത്രീകരിച്ച വ്യക്തിയാണ് മഹേഷ് നാരായണന് ഇതൊക്കെയെന്ത്?

ഒരു പാൻ വേൾഡ് ചിത്രം

ഈ ഐഫോൺ ത്രില്ലറിൽ ഒരു കൊമോഴ്സ്യൽ സിനിമക്കുവേണ്ട എല്ലാ ചേരുവകളും ഉണ്ട്. പ്രണയമുണ്ട്, വിരഹമുണ്ട്, വൈകാരികതകളുണ്ട്. ഒരു സമാന്തര സിനിമയെന്നോ, പരീക്ഷണ ചിത്രമൊന്നോ ചാപ്പയടിച്ചു കഴിഞ്ഞാൽ സാധാരണ പ്രേക്ഷകരിൽ ഭൂരിഭാഗവും മാറിനിൽക്കുമെന്ന് അറിയുന്നതുകൊണ്ടാണ്, അങ്ങനെ മാത്രമല്ലെന്ന് എടുത്തു പറയുന്നത്.

പ്രാധാനമായും വെറും മൂന്നേ മൂന്ന് കഥാപാത്രങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് നീങ്ങുന്നത്. ദുബായ് ബാങ്കിങ് മേഖലയിൽ പ്രവർത്തിക്കുന്ന ജിമ്മി കുര്യൻ ( റോഷൻ മാത്യു), അമേരിക്കയിലെ ഐടി പ്രഫഷണൽ കെവിൻ തോമസ് ( ഫഹദ് ഫാസിൽ), അനു സെബാസ്റ്റ്യൻ ( ദർശന രാജേന്ദ്രൻ) എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ദുബൈയിലും അമേരിക്കയിലും നാട്ടിലുമായാണ് കഥ നടക്കുന്നത്. അവർ ബന്ധപ്പെടുന്നത് വീഡിയോ കോളിലും. ആ അർഥത്തിൽ ഇതൊരു പാൻ വേൾഡ് ചിത്രമാണ്. ഭൂഖണ്ഡങ്ങളെ തമ്മിൽ എത്ര എളുപ്പത്തിൽ ആധുനിക സാങ്കേതിക വിദ്യകൾ യോജിപ്പിക്കുന്നുവെന്ന് നോക്കുക. മുനുഷ്യന്റെ സ്വകാര്യതയും ഡാറ്റചോർച്ചയുമായ ബന്ധപ്പെട്ട ഗൗരവമാർന്ന രാഷ്ട്രീയവും ചിത്രം പറയാതെ പറയുന്നുണ്ട്.

ഓൺലൈൻ ഡേറ്റിങ് ആപ്പിലൂടെ ദുബൈയിൽവെച്ച് ജിമ്മി അനുവിനെ പരിചയപ്പെടുകയും തുടർന്ന് ഇരുവരും പ്രണയത്തിലാകുകയും ചെയ്യുന്നു. തങ്ങളുടെ പ്രണയവിവരം ജിമ്മി അമേരിക്കയിൽ താമസിക്കുന്ന അമ്മയോടും (മാലാ പാർവതി) മറ്റ് കുടുംബാംഗങ്ങളെയും അറിയിക്കുന്നു. അനുവിനെ കുറിച്ച് ബന്ധുവായ കെവിൻ തോമസ് വഴി കൂടുതൽ അന്വേഷണം നടത്തിയ ശേഷം അമ്മ ഇവരുടെ ബന്ധത്തിന് സമ്മതം മൂളുന്നു. പിന്നാലെ ആകസ്മികമായുണ്ടാകുന്ന സംഭവങ്ങളെ തുടർന്ന് അനുവിനെ ജിമ്മി വിവാഹത്തിന് മുമ്പേ ഫ്ളാറ്റിലേക്ക് കൊണ്ടുവരികയും ഒന്നിച്ച് താമസിക്കേണ്ടിയും വരുന്നു. സന്തോഷകരമായ അവരുടെ ദിവസങ്ങളിലൊന്നിൽ അനു അപ്രത്യക്ഷയാകുന്നു. പിന്നാലെ ജിമ്മിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നു. എന്താണ് അനുവിന് സംഭവിച്ചതെന്നറിയാനും നിസ്സാഹയനായ ജിമ്മിയെ സഹായിക്കാനും കെവിൻ നടത്തുന്ന അന്വേഷണത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.

അനുവിന് വാട്സാപ്പുണ്ട്, ഫേസ്‌ബുക്ക് ഉണ്ട്, ജിമെയിൽ അക്കൗണ്ട് ഉണ്ട്. പക്ഷേ സിം കാർഡ് മാത്രമില്ല! എവിടേക്കാണ് അവൾ അപ്രത്യക്ഷമായത്. തുടർന്നങ്ങോട്ട് ഒരു സസ്പെൻസ് ത്രില്ലറായി ചിത്രം പറക്കുകയാണ്.

ദർശന രാജേന്ദ്രന്റെ കരിയർ ബെസ്റ്റ്

'മായാനദി'യിലടക്കം സഹനടിയുടെ വേഷം ചെയ്ത് ശ്രദ്ധേയയായ ദർശന രാജേന്ദ്രൻ തന്റെ കരിയറിലെ അദ്യ മുഴുനീള നായികാവേഷം മനോഹരമായി അവതരിപ്പിച്ചു. അനുവിന്റെ ഹർഷ സംഘർഷങ്ങളെ ഈ യുവ നടി സുന്ദരമായി പകർന്നാടുന്നു. മലയാള സിനിമക്ക് ഭാവിയിലെ മുതൽക്കൂട്ടാവും ദർശനയെന്ന കാര്യത്തിൽ സംശയമില്ല. 'കപ്പേളയിലെ' വില്ലനിൽനിന്ന് ഈ പടത്തിലെ കാമുകിലേക്കുള്ള റോഷൻ മാത്യുവിന്റെ വേഷപ്പകർച്ചയും നന്നായിട്ടുണ്ട്.

ഫഹദ് എന്ന യുവ നടൻ മലയാളത്തിന്റെ മിനിമം ഗ്യാരണ്ടിയുടെ രൂപമാണ്. ഈ നടനെ സംബന്ധിച്ച് കെവിൻ എന്ന കഥാപാത്രം ഒരു വെല്ലുവിളിയെ അല്ലായിരുന്നു. പക്ഷേ ഫഹദ് എന്ന നിർമ്മാതാവിനെ സംബന്ധിച്ച് സീ യു സൂൺ എന്ന ചിത്രം ഒരു വലിയ വെല്ലുവിളിയായിരുന്നു. അത് അദ്ദേഹം മറികടന്നുവെന്ന് ചിത്രത്തിന് ലഭിക്കുന്ന സ്വീകരണം വ്യക്തമാക്കുന്നു. കണ്ണുകൾകൊണ്ടും പുരികം കൊണ്ടും അഭിനയിക്കുന്ന നടൻ എന്ന പേര് അന്വർഥമാക്കുന്ന രീതിയിലാണ് ഈ ചിത്രത്തിലും ഫഹദിന്റെ പ്രകടനം. ഭൂരിഭാഗം സമയത്തും ഇൻഡോറിൽ ഒരു വെബ് ക്യാമിനുമുന്നിൽ ഇരിക്കുന്ന രീതിയിലാണ് ഫഹദിന്റെ കഥാപാത്രം. ആ ഇരിപ്പ് ഇരുന്ന് സിനിമയുടെ മൊത്തം വികാരങ്ങളും സ്വാശീകരിക്കയാണ് ഈ നടൻ ചെയ്യുന്നത്. അൽപ്പം എക്സസെൻട്രിക്കായ ഒരു പക്ക ഐടി പ്രൊഫഷണലിന്റെ രൂപഭാവങ്ങളിലേക്കും തുടർന്ന് ഒരു പച്ചയായ മനുഷ്യനിലേക്കും ഫഹദ് അനായാസം രൂപംമാറുന്നുണ്ട്. പതിവുപോലെ. ഒട്ടും കൂടുതലില്ല. കുറവും.

അടൂർ ഗോപാലകൃഷ്ണൻ പറയുന്നതുപോലെ സിനിമ സംവിധായകന്റെ തന്നെ കലയാണെന്ന് ഈ ചിത്രം കണ്ടാൽ മനസ്സിലാവും. മാത്രമല്ല തിരക്കഥാകൃത്തും എഡിറ്ററും സംവിധായകൻ തന്നെയാണെന്നും ഓർക്കണം. മുമ്പ് കണ്ടിട്ടുള്ള പല മൊബൈൽ ചലച്ചിത്രങ്ങളുടെയും പ്രധാന പരിമതി അതിൽ പൂർണമായും വികാരങ്ങളെ സമ്മേളിപ്പിക്കാൻ കഴിയാതെ ഒരു ഡോക്യുഫിക്ഷൻ സ്വഭാവം വരുന്നു എന്നതായിരുന്നു. എന്നാൽ ഇവിടെ ജിമ്മിയും അനുവും വീഡിയോ കോളിലൂടെ ചുംബിക്കുന്ന ഒരു രംഗത്തൊക്കെ യഥാർഥ ഫീൽ പ്രേക്ഷകന് കിട്ടുന്നു. അതുപോലെ അനുവിന്റെ ദുരിത ജീവിതം കെവിൻ മനസ്സിലാക്കുന്നിടത്തൊക്കെ സങ്കടത്തിര പ്രേക്ഷകനിൽ അലയടിക്കത്തക്ക രീതിയിലാണ് മഹേഷ് ചിത്രം മുന്നോട്ടു കൊണ്ടുപോകുന്നത്. കമ്പ്യൂട്ടറും വാട്സാപ്പുമൊക്കെ മനുഷ്യന്റെ വികാരങ്ങളെ യാത്രികമാക്കുമെന്ന് പറയുന്ന വലിയൊരു വിഭാഗം ഈ ചിത്രം കാണണം. ഫോർമാറ്റേ മാറുന്നുള്ളൂ. മനുഷ്യവികാരം എവിടെയും അടിസ്ഥാനപരമായി ഒന്നുതന്നെ.

സബിന്റെ ഛായാഗ്രഹണവും ഗോപി സുന്ദറിന്റെ സംഗീതവുമൊക്കെ സിനിമയെ കൂടുതൽ മനോഹരമാക്കുന്നതായി. ഇനി കാത്തിരിക്കാം. മഹേഷ് നാരായണൻ- ഫഹദ് ഫാസിൽ ടീമിന്റെ മൂന്നാം വരവായ മാലിക്കിനായി.

വാൽക്കഷ്ണം: എന്തിനാണ് നമ്മുടെ നിർമ്മാതക്കൾ ഒ ടി ടി പ്ലാറ്റ്ഫോമിനെയൊക്കെ ഭയക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. ലോകത്തിലെ ഏറ്റവും വരുമാനുള്ള അഭിനേതാക്കളുടെ ആദ്യ പത്തിൽ എത്തിയ ഏക ഇന്ത്യൻ നടനായി അക്ഷയ് കുമാർ ഉയർന്നത് ആമസോൺ പ്രൈമിലൂടെയാണ്. തീയേറ്ററുകളിലൂടെ ചിത്രത്തിന് കിട്ടുന്നതിന്റെ പത്തിരിട്ടി ഇത്തരം പ്ലാറ്റ്ഫോമുകൾക്ക് ചെയ്യാൻ കഴിയും. എക്കാലവും കിണറ്റിയെ തവളകളെപ്പോലെ തീയേറ്റർ നൊസ്റ്റാൾജിയുമായി ജീവിക്കുകയാണെങ്കിൽ, മലയാള ചലച്ചിത്ര വ്യവസായത്തെ ആർക്കു രക്ഷിക്കാൻ കഴിയില്ല. അസാധാരണമായ കാലത്ത് അസാധാരണമായ നടപടികളും ഉണ്ടാവട്ടെ.