തിരുവനന്തപുരം: പേരിനൊപ്പം നായർ ചേർക്കുന്നതിനെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടിയുമായി ടെലിവിഷൻ സിനിമാ താരം സീമ ജി നായർ. പേരിനൊപ്പം നായർ ചേർക്കുന്നതിനെച്ചൊല്ലിയായിരുന്നു സോഷ്യൽ മീഡിയയിൽ വാഗ്വാദം.നിങ്ങളെപ്പോലെ ഉള്ളവർ പേരിനൊപ്പം ജാതിപ്പേര് ചേർക്കുന്നത് ആത്മവിശ്വാസക്കുറവ് കൊണ്ടാണോ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്ന ചോദ്യം.സമാനരീതിയിൽ നിരവധി പേർ വിമർശനവുമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണു സീമയുടെ മറുപടി.

ഇത്രയും കാലം ഈ പേരിലൂടെ ജീവിച്ചുവെന്നും ഇനി മരിക്കുന്നതുവരെ അത് അങ്ങനെ തന്നെയാകുമെന്നും അച്ഛനെ മാറ്റി പ്രതിഷ്ഠിക്കാൻ കഴിയില്ലല്ലോയെന്നും സീമ ചോദിച്ചു. പേരു കൂടെയുള്ളത് ആത്മവിശ്വാസമാണെന്നും സീമ പറയുന്നു.

'കുറച്ചു പേർ കമന്റ് ഇടുന്നുണ്ട്. സീമ ജി. നായർ എന്നു പറഞ്ഞു കൊണ്ടിരിക്കുന്നത് ആത്മവിശ്വാസം ഇല്ലാത്തതു കൊണ്ടാണോ, നായർ നായർ എന്നു പറയേണ്ട കാര്യം എന്താണെന്നു. അങ്ങനെ പറയുന്നവരോട് ഒന്നേ പറയാൻ ഉള്ളു... ഇത്രയും കാലം ഈ പേരിലൂടെ അറിഞ്ഞു, ജീവിച്ചു, മരിക്കുന്നതുവരെ അത് അങ്ങനെ തന്നെ ആവും,' സീമ പറയുന്നു.

ആരേലും പറഞ്ഞതുകൊണ്ടു സ്വന്തം 'അച്ഛനെ മാറ്റി പ്രതിഷ്ഠിക്കാൻ പറ്റില്ലല്ലോയെന്നും ആ 'നായർ ' കൂടെ ഉള്ളപ്പോൾ ഈ ഭൂമിയിൽ നിന്നു പോയിട്ടു 34 വർഷം കഴിഞ്ഞെങ്കിലും എന്റെ അച്ഛൻ എന്റെ കൂടെ തന്നെ ഉണ്ടെന്നുള്ള ആത്മവിശ്വാസ കൂടുതൽ കൊണ്ടാണു നായർ അവിടെ കിടക്കുന്നത്.