മഞ്ചേരി: കോട്ടക്കലിൽ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ആഭരണം കവർന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്. കോട്ടക്കൽ ചുടലപ്പാറ പുതുപറമ്പ് സ്വദേശിയായ പാലപ്പുറ വീട്ടിൽ അബ്ദുൽ സലാമിനെയാണ് (38) ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ശിക്ഷിച്ചത്.

2013 ഒക്ടോബർ 15നാണ് കേസിനാസ്പദമായ സംഭവം. പുതുപറമ്പ് കൊട്ടംപറമ്പ് വീട്ടിൽ കറപ്പന്റെ ഭാര്യ സീത (80) ആണ് മോഷണ ശ്രമത്തിനിടെ കൊലപ്പെട്ടത്. ഇവർ തനിച്ച് താമസിക്കുന്ന വീടിന്റെ ജനലിന്റെ അഴികൾ മുറിച്ചുമാറ്റി അകത്തുകയറിയ പ്രതി കഴുത്തിൽ മുണ്ട് മുറുക്കി കൊന്നതിന് ശേഷം മുക്കുത്തിയും തോടയും കവർച്ച നടത്തുകയായിരുന്നു.

കോട്ടക്കൽ പൊലീസായിരുന്നു ആദ്യം കേസ് അന്വേഷിച്ചിരുന്നത്. പ്രതിയെ കണ്ടെത്താൻ കഴിയാതിരുന്നതിനെ തുടർന്ന് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. സംഭവ ശേഷം കടന്നു കളഞ്ഞ പ്രതിയെ തമിഴ്‌നാട്ടിൽ വച്ചാണ് അറസ്റ്റു ചെയ്തത്. 2015ൽ ഈറോഡ് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പ്രതിയെ കോഴിക്കോട് ക്രൈംബ്രാഞ്ച് പിടികൂടിയത്. മോഷ്ടിച്ച സ്വർണം തൊട്ടടുത്ത ദിവസം തന്നെ ഈറോഡിലെ ഒരു സ്വർണക്കടയിൽ 1,800 രൂപക്ക് ഇയാൾ വിറ്റതായും പൊലീസ് കണ്ടെത്തിയിരുന്നു.

കൊലപാതകം, കവർച്ച, ഭവനഭേദനം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്. കേസിൽ 54 സാക്ഷികളിൽ 42 പേരെ വിസ്തരിച്ചു. 39 രേഖകളും ഒമ്പത് തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സി.വാസു ഹാജരായി.