കാൺപൂർ: വിവാഹം ജീവിതചര്യയാക്കിയ സ്വയം പ്രഖ്യാപിത ആൾദൈവം ഒടുവിൽ പൊലീസ് പിടിയിൽ. ഉത്തർപ്രദേശ് ഷാജഹാൻപുർ സ്വദേശിയായ അനുജ് ചേതൻ കത്തേരിയയെയാണ് കിദ്വായി നഗർ പൊലീസ് അറസ്റ്റ് ചെയ്തത്.നിലവിൽ അഞ്ച് ഭാര്യമാരുള്ള ഈയാൾ ഇവരുമായുള്ള വിവാഹബന്ധം വേർപെടുത്താതെ ആറാമത്തെ വിവാഹത്തിനൊരുങ്ങവേയാണ് പൊലീസിന്റെ പിടിയിലായത്. സംഭവം ചൂണ്ടിക്കാട്ടി ആദ്യ ഭാര്യമാരിലൊരാൾ നൽകിയ പരാതിയിലാണ് പൊലീസ് നടപടി.അറസ്റ്റിലായതോടെ വിവാഹത്തട്ടിപ്പിന് പുറമെ ഇയാൾക്കെതിരെ ലൈംഗിക പീഡനാരോപണങ്ങളും ഉയർന്നിട്ടുണ്ട്.2016-ൽ സഹോദരന്റെ ഭാര്യയെ ബലാത്സംഗം ചെയ്തതിന് നേരത്തെ പിടിയിലായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

2005-ൽ മെയിൻപുരി സ്വദേശിയായ യുവതിയെയാണ് ഇയാൾ ആദ്യം വിവാഹം കഴിച്ചത്. ഇവരുടെ വിവാഹമോചന കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്. പിന്നീട് 2010-ൽ ബരേയ്‌ലി സ്വദേശിയായ യുവതിയെ വിവാഹം ചെയ്തു. ഇവരും പിന്നീട് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചു. 2014-ൽ ആയിരുന്നു മൂന്നാംവിവാഹം. ഔരയ്യ സ്വദേശിയായ യുവതിയായിരുന്നു മൂന്നാമത്തെ വധു. പിന്നീട് ഈ യുവതിയുടെ ബന്ധുവിനെയും ഇയാൾ വിവാഹം കഴിച്ചു. അനുജിന്റെ മുൻവിവാഹങ്ങളെക്കുറിച്ച് അറിഞ്ഞതോടെ ഈ യുവതി ജീവനൊടുക്കി.

ഇതിനുശേഷമാണ് 2019-ൽ പരാതിക്കാരിയെ വിവാഹം കഴിച്ചത്. എന്നാൽ വിവാഹശേഷം ഉപദ്രവം പതിവായതോടെ യുവതി ആദ്യം ചകേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതോടെ അനുജ് അവിടെനിന്ന് മുങ്ങുകയും കിദ്വായ് നഗർ സ്റ്റേഷൻ പരിധിയിൽ താമസം ആരംഭിക്കുകയുമായിരുന്നു. ഇക്കാര്യമറിഞ്ഞ യുവതി കഴിഞ്ഞമാസം കിദ്വായ് നഗർ പൊലീസ് സ്റ്റേഷനിൽ വീണ്ടും പരാതി നൽകി. ഇതോടെയാണ് പ്രതിയെ പിടികൂടിയത്.

മാട്രിമോണിയൽ സൈറ്റിലെ ലക്കിപാണ്ഡെ

വിവാഹത്തട്ടിപ്പിന് പുറമേ അനുജ് നിരവധി യുവതികളെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നും ഹണിട്രാപ്പിൽ ഉൾപ്പെടെ ഇയാൾക്ക് പങ്കുണ്ടെന്നുമാണ് പൊലീസ് നൽകുന്നവിവരം. മാട്രിമോണിയൽ വെബ്‌സൈറ്റ് വഴി പരിചയപ്പെടുന്ന യുവതികളെയാണ് ഇയാൾ കെണിയിൽവീഴ്‌ത്തി ചൂഷണം ചെയ്തിരുന്നത്.

ലക്കി പാണ്ഡെ എന്ന പേരിലായിരുന്നു ഇയാൾ മാട്രിമോണിയൽ വെബ്‌സൈറ്റുകളിൽ പേര് രജിസ്റ്റർ ചെയ്തിരുന്നത്. ചിലരോട് സർക്കാർ അദ്ധ്യാപകനാണെന്നും മറ്റുചിലരോട് വ്യവസായിയാണെന്നും പരിചയപ്പെടുത്തി. ബി.എസ്.സി. ബിരുദധാരിയാണെന്ന് അവകാശപ്പെട്ടിരുന്ന പ്രതി ആത്മീയഗുരുവാണെന്ന് പറഞ്ഞും യുവതികളുമായി പ്രതി അടുപ്പം സ്ഥാപിച്ചിരുന്നു. ഇങ്ങനെ പരിചയപ്പെടുന്ന യുവതികളെ പിന്നീട് തന്റെ ആശ്രമത്തിലേക്ക് ക്ഷണിച്ചാണ് ചൂഷണത്തിന് വിധേയമാക്കിയിരുന്നത്.

ഇതിനുപുറമേ ആശ്രമത്തിൽ പ്രശ്‌നപരിഹാരത്തിനെത്തുന്ന സ്ത്രീകളെയും ഇയാൾ ചൂഷണം ചെയ്തിരുന്നു. പൊലീസ് പ്രാഥമികമായി നടത്തിയ അന്വേഷണത്തിൽ ഏകദേശം 32-ഓളം യുവതികളുമായി ഇയാൾക്ക് ഇത്തരത്തിൽ ബന്ധമുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.