കൊല്ലം: സിനിമ-സീരിയൽ താരം ശരൺ വേണു അന്തരിച്ചു.49 വയസ്സായിരുന്നു. കൊല്ലം കടയ്ക്കലിൽ വച്ചായിരുന്നു അന്ത്യം. കടുത്ത പനിയെത്തുടർന്ന് രണ്ടുദിവസമായി ചികിത്സയിലായിരുന്ന ശരൺ കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തിരുവനന്തപുരം സ്വദേശിയായ ശരൺ, ഭാര്യക്കും കുട്ടികൾക്കും ഒപ്പം കടക്കൽ ചിതറയിലായിരുന്നു താമസം.

മോഹൻലാലും പ്രിയദർശനും ഒന്നിച്ച ചിത്രം സിനിമയിലൂടെയാണ് ശരൺ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലിന്റെ കഥാപാത്രത്തെ തട്ടിപ്പിന് സഹായിക്കുന്ന സുഹൃത്തായാണ് ശരൺ എത്തിയത്. ചിത്രം കൂടാതെ അനന്തവൃത്താന്തം,ഒരുതരം രണ്ടു തരം മൂന്നു തരം,32-ാം അദ്ധ്യായം 23-ാം വാക്യം തുടങ്ങിയ സിനിമകളിലും സീരിയലിലും അഭിനയിച്ചു.

ശരണിന്റെ അച്ഛൻ എസ്.വേണു ദൂരദർശനിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. അമ്മ പഴയകാല ചലച്ചിത്ര നടി രാജകുമാരി വേണു. ശരണിന്റെ സഹോദരി മീനാ നെവിൽ അറിയപ്പെടുന്ന ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ്.ശരണിന് മോഹൻലാലും നടൻ മനോജ് കെ.ജയനും ആദരാഞ്ജലികൾ അർപ്പിച്ചു.

അഭിനയജീവിതം തുടങ്ങിയ കാലം മുതൽ അറിയുന്ന വ്യക്തിയായിരുന്നു ശരണെന്ന് മനോജ് കെ.ജയൻ അനുസ്മരിച്ചു. ചിത്രത്തിൽ അഭിനയിച്ചതിനാൽ തന്നെ 1989-ൽ 'കുമിളകൾ' എന്ന സീരിയലിൽ അഭിനയിക്കുമ്പോൾ ശരണിന് ഒരു സിനിമാഗ്ലാമറും ഉണ്ടായിരുന്നുവെന്ന് മനോജ് കെ.ജയൻ ഓർത്തെടുത്തു.