ഭോപ്പാൽ: ഭർത്താവ് വീട്ടിൽ ഇല്ലാത്ത സമയത്ത് മരുമകളെ ഭർതൃപിതവ് ബലാത്സംഗം ചെയ്തതായി പരാതി. മധ്യപ്രദേശിലെ ഗുണ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. പ്ലസ് ടു വിദ്യാർത്ഥിയായ ഭർത്താവ് സ്‌കൂളിൽ പോയതിനു ശേഷം വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് ഭർതൃപിതാവ് യുവതിയെ പീഡിപ്പിച്ചത്.

മലയാള ചലച്ചിത്രമായ മീനത്തിൽ താലികെട്ടിലേത് പോലെ പ്ലസ്ടു വിദ്യാർത്ഥിയായ ഇരുപത്തിരണ്ടുകാരൻ ഇരുപത്തൊന്നുകാരിയെ പ്രണയിച്ച് വിവാഹം കഴിച്ച് വീട്ടിൽ കൊണ്ടു വന്നു. വിവാഹ ശേഷവും സ്‌കൂളിൽ പഠനം തുടർന്ന യുവാവിന് പക്ഷേ ഭാര്യയെ സ്വന്തം പിതാവിൽ നിന്നും സംരക്ഷിക്കാൻ കഴിഞ്ഞില്ല.

മകൻ സ്‌കൂളിൽ പോയ സമയത്താണ് മരുമകളെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ പൊലീസ് ഇപ്പോൾ പ്ലസ്ടു വിദ്യാർത്ഥിയുടെ പിതാവിനെതിരെ കേസെടുത്തിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഭർത്താവ് സ്‌കൂളിൽ പോയ സമയത്ത് ഭാര്യാപിതാവ് തന്നെ ബലാത്സംഗം ചെയ്തുവെന്നും, വിവരം പുറത്ത് പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്.

രാജസ്ഥാൻ സ്വദേശിയാണ് യുവതി. ഭാര്യയ്ക്കൊപ്പം പിതാവിനെതിരെ പരാതി നൽകാൻ യുവാവും എത്തിയിരുന്നു. കുടുംബത്തിലെ മറ്റ് സ്ത്രീകളെയും ഇയാൾ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു. എന്നാൽ കള്ളപരാതിയാണെന്നും, കുടുംബത്തിലെ സ്വത്ത് തർക്കമാണ് പരാതിക്ക് അടിസ്ഥാനമെന്നാണ് പ്രതിയുടെ വാദം.

ഭർതൃപിതാവ് നിരവധി അനധികൃത ആയുധങ്ങൾ കൈവശം വെച്ചിട്ടുണ്ടെന്നും ഇതു കാണിച്ച് കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നതായും പരാതിയിൽ പറയുന്നുണ്ട്. കുറച്ച് മാസം മുൻപാണ് പ്ലസ്ടു വിദ്യാർത്ഥിയായ ഇരുപത്തിരണ്ട് കാരൻ ഇരുപത്തൊന്ന് കാരിയെ പ്രണയിച്ച് വിവാഹം കഴിച്ച് വീട്ടിൽ കൊണ്ടു വന്നത്.