കണ്ണൂർ: കണ്ണൂർ ജില്ലയിൽ സി.പി. എം നേതാവിനെതിരെ ഡി.വൈ. എഫ്. ഐ വനിതാ നേതാവിന്റെ പരാതിയിൽ പാർട്ടിതല അന്വേഷണമാരംഭിച്ചു. സി.പി. എം ലോക്കൽ സെക്രട്ടറിയും ഏരിയാകമ്മിറ്റി അംഗവുമായ യുവനേതാവിനെതിരെയാണ് പീഡന പരാതിയുയർന്നത്. ഡി.വൈ. എഫ്. ഐ മുൻജില്ലാനേതാവ് കൂടിയായിരുന്ന ഇയാൾ മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി.

കഴിഞ്ഞ ഏപ്രിൽ 22നാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. കണ്ണൂരിൽ നടന്ന ഡി.വൈ.എഫ്. ഐ ജില്ലാ സമ്മേളനത്തിൽ ഇരുവരും പ്രതിനിധികളായിരുന്നു. അതിരാവിലെ കണ്ണൂരിലേക്ക് വരുന്നതിനായി നേതാവ് പ്രവർത്തിക്കുന്ന പാർട്ടി ഓഫീസിലേക്ക് ഇയാൾ യുവതിയോട് എത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അവിടെ നിന്ന് ഒരുമിച്ചു പോകാമെന്ന് പറയുകയുമായിരുന്നു.

ഇതു പ്രകാരം അതിരാവിലെ തന്നെ അവിടെയെത്തിയ യുവതിയോട് സെൽഫി എടുക്കാമെന്ന് പറഞ്ഞ് യുവനേതാവ് മോശമായി പെരുമാറി.തുടർന്ന് പാർട്ടി ഏരിയാകമ്മിറ്റി ഓഫീസിലുള്ള മീഡിയാ റൂമിലേക്ക് ഇയാൾ വലിച്ചിഴച്ചു കൊണ്ടുപോവുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇതു ചെറുത്തു നിന്ന യുവതി അവിടെ നിന്നും ബഹളം വെച്ചു രക്ഷപ്പെട്ടു.

പിന്നീട് യുവനേതാവിനെതിരെ ഏരിയാനേതൃത്വത്തിനും ജില്ലാകമ്മിറ്റിക്കും പരാതി നൽകുകയുമായിരുന്നു. ഡി.വൈ. എഫ്. ഐ സംസ്ഥാന നേതൃത്വത്തിനും ഇവർ പരാതി നൽകിയിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാൽ വിഷയം പാർട്ടിതലത്തിൽ ഒതുക്കി തീർക്കാനാണ് സി.പി. എം ശ്രമിക്കുന്നത്. ഇതിനായി ജില്ലാ നേതൃത്വം ഇന്ന് അടിയന്തര ഏരിയാകമ്മിറ്റിയോഗം വിളിച്ചു ചേർക്കുകയും വിഷയം ചർച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്. പാർട്ടി നിർദ്ദേശ പ്രകാരം യുവതി പൊലിസിൽ പരാതി നൽകിയിട്ടില്ല.

ഏപ്രിൽ 22 നാണ് പരാതിക്കാധാരമായ സംഭവം. ഇന്നലെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗം പരാതിയിൽ അടിയന്തര നടപടി എടുക്കാൻ ഏരിയ കമ്മിറ്റിയെ ചുമതലപ്പെടുത്തി. തുടർന്ന് ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ സാന്നിധ്യത്തിൽ ഇന്ന് ഏരിയ കമ്മിറ്റി യോഗം ചേരുകയായിരുന്നു. ദേശാഭിമാനി ലേഖകൻ കൂടിയായ ആരോപണ വിധേയനെതിരെ പാർട്ടി കടുത്ത നടപടി എടുക്കുമെന്നാണ് സൂചന.