കൽപ്പറ്റ: കേരളത്തിലെ കാമ്പസിൽ വീണ്ടും രാഷ്ട്രീയ കൊല. ഇടുക്കിയിലെ എഞ്ചിനിയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. കണ്ണൂർ സ്വദേശി ധീരജാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കേരള സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ഇന്ന് യൂണിയൻ തെരഞ്ഞെടുപ്പ് നടക്കുകയാണ്. അതിനിടെയുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്.

കെഎസ്‌യു - യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കൊലയ്ക്ക് പിന്നിലെന്ന് എസ്എഫ്ഐ ആരോപിച്ചു. ധീരജിനെ കുത്തിയവർ ഓടി രക്ഷപ്പെട്ടു. രണ്ടു പേർക്കാണ് കുത്തേറ്റത്. രണ്ടുപേരെയും ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഒരു വിദ്യാർത്ഥി മരിച്ചു.

പൈനാവിലെ കോളേജിൽ പുറത്തു നിന്നെത്തിയവരാണ് കൊല നടത്തിയതെന്ന് എസ്എഫ്ഐ നേതാക്കൾ പറഞ്ഞു. തെരഞ്ഞെടുപ്പിലെ പരാജയഭയമാണ് ഇതിന് കാരണമെന്നും അവർ കൂട്ടിച്ചേർത്തു. പൈനാവിൽ കുത്തേറ്റ രണ്ടാമത്തെ വിദ്യാർത്ഥിയുടെ നിലയും ഗുരുതരമാണ്. യാതൊരു പ്രശ്‌നവും കാമ്പസിൽ ഉണ്ടായിരുന്നില്ലെന്നും തെരഞ്ഞെടുപ്പ് ദിവസം പുറത്തു നിന്നവർ ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നുവെന്നും എസ്എഫ്ഐ ആരോപിക്കുന്നു.

കോളേജിൽ നിന്ന് പുറത്തേക്ക് വന്ന എസ്എഫ്ഐക്കാരെ കാത്തു നിന്ന യൂത്ത് കോൺഗ്രസുകാർ ആക്രമിച്ചുവെന്നാണ് ഉയരുന്ന ആരോപണം. ഇതിനു ശേഷം അവർ രക്ഷപ്പെടുകയും ചെയ്തു.

മരിച്ച ധീരജിന്റെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളെജിൽ സുക്ഷിച്ചിരിക്കുകയാണ്. കുത്തേറ്റ മറ്റൊരു പ്രവർത്തകന്റെ നില ഗുരുതരമായി തുടരുകയാണ്.