കൊണ്ടോട്ടി: കരിപ്പൂരിൽ ഒരുവർഷത്തിനിടെ സ്വർണക്കടത്തിന് പിടിയിലായത് മൂന്നാമത്തെ കാബിൻ ക്രൂ. ഷാർജ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ സീനിയർ എയർ ഹോസ്റ്റസായ നിലമ്പൂർ ചുങ്കത്തറ സ്വദേശി പി. ഷഹാന(30)യെയാണ് ചൊവ്വാഴ്ച 99 ലക്ഷം രൂപയുടെ സ്വർണവുമായി പിടികൂടിയത്. ഇതോടെ ആ പഴയ സംഘം വീണ്ടും കരിപ്പൂരിൽ സജീവമായെന്ന സംശയമാണ് ശക്തമാകുന്നത്. നബീലിന്റെ നേതൃത്വത്തിലെ സംഘം വീണ്ടും സജീവമാകുന്നതായാണ് സൂചന.

കോഴിക്കോട് ഡി.ആർ.ഐ. യൂണിറ്റും കരിപ്പൂരിലെ എയർ കസ്റ്റംസ് ഇന്റലിജൻസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഷഹാന പിടിയിലായത്. കള്ളക്കടത്ത് സംഘത്തിനുവേണ്ടി സ്വർണം വിമാനത്തിൽനിന്ന് പുറത്തെത്തിക്കുന്ന ദൗത്യമാണ് ഷഹാന ഏറ്റെടുത്തത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് ഇവർ 2.4 കിലോഗ്രാം സ്വർണമിശ്രിതം കടത്തിയത്. നാപ്കിനുള്ളിലായിരുന്നു ഈ സ്വർണ്ണ മിശ്രിതം. എന്നിട്ടും അവർക്ക് ജാമ്യം നൽകി വിട്ടയയ്ക്കുകയും ചെയ്തു.

ഐ എക്‌സ് 354 വിമാനത്തിലെ ജീവനക്കാരി സ്വർണം കടത്തുന്നുണ്ടെന്ന് ഡിആർഐ നൽകിയ വിവരത്തെ തുടർന്ന് കസ്റ്റംസ് ഇന്റലിജന്റ്‌സ് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. 2. 4 കിലോ സ്വർണ മിശ്രിതത്തിൽ നിന്നാണ് 2054 ഗ്രാം സ്വർണം ലഭിച്ചത്. ഒരു കോടിയിൽ താഴെ മൂല്യം വരുന്ന സ്വർണമായതുകൊണ്ട് എയർ ഹോസ്റ്റസ് ഷഹാനയെ ജാമ്യത്തിൽ വിട്ടയച്ചെന്ന് കസ്റ്റംസ് അറിയിച്ചു. അതായത് ഷഹാനയുടെ കൈയിൽ നിന്ന് 99 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയതു കൊണ്ട് മാത്രം അവർ രക്ഷപ്പെട്ടു. ഇതാണ് മറ്റൊരു വിചിത്രത.

ഈ കടത്തിന് പിന്നിൽ കസ്റ്റംസിലെ ചിലർക്കും പങ്കുണ്ടത്രേ. അതുകൊണ്ടാണ് നിയമപരമായി ജാമ്യം നൽകാൻ ഒരു കോടിയിൽ ഒരു ലക്ഷം കുറച്ചു കാണിച്ചതെന്ന സൂചനയാണ് പുറത്തു വരുന്നത്. പിടിച്ചെടുത്ത സ്വർണ്ണത്തിന്റെ മൂല്യം ഒരു കോടി ആയിരുന്നുവെങ്കിൽ ഈ എയർ ഹോസ്റ്റസിന് ജയിൽ വാസം ഉറപ്പാകുമായിരുന്നു. നിയമത്തിലെ ഈ പഴുതാണ് സ്വർണ്ണ കടത്തിന് ജീവനക്കാരേയും പ്രേരിപ്പിക്കുന്നതും പ്രാപ്തരാക്കുന്നതും. സ്വർണ്ണ കടത്തിൽ അറസ്റ്റിലാകുന്നവരുടെ പേര് പുറത്തു വിടുമെങ്കിലും ഫോട്ടോ പോലും കസ്റ്റംസ് മാധ്യമങ്ങൾക്ക് നൽകാറില്ല. ഇതും പിടിക്കപ്പെട്ടാലും സമൂഹത്തിലെ മാന്യത നിലനിർത്താൻ കടത്തുകാരെ സഹായിക്കുന്നുണ്ട്.

ഷഹാന പുറത്തിറങ്ങി സുരക്ഷിത സ്ഥാനത്ത് എത്തിയ ശേഷം കടത്തു സംഘങ്ങൾക്ക് സ്വർണം കൈമാറുകയാണ് പതിവു രീതിയെന്നാണ് നിഗമനം. എയർ ഹോസ്റ്റസിനെ ഉപയോഗപ്പെടുത്തി സ്വർണം കടത്തുന്നതിന് പിന്നിൽ വൻ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് നിഗമനം. മുൻപും എയർ ഹോസ്റ്റസുമാരെ ദുരൂപയോഗപ്പെടുത്തി സ്വർണം കടത്തിയിരുന്നു. ഇടവേളയ്ക്കു ശേഷമാണ് സമാന രീതിയിലുള്ള നീക്കം. ഷഹാനയ്ക്കു പിന്നിൽ പ്രവർത്തിച്ച സംഘത്തെ കണ്ടെത്താൻ കസ്റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ കസ്റ്റംസിന്റെ അന്വേഷണമെല്ലാം പ്രഹസനമാണ്.

കരിപ്പൂരിൽ സ്വർണക്കടത്തിന് വിമാനജീവനക്കാരെ ഉപയോഗിക്കുന്നത് കൂടുന്നുണ്ട്. ഒരു വർഷത്തിനിടെ പിടിയിലായ മൂന്നുപേരും എയർഇന്ത്യ എക്സ്‌പ്രസ് ജീവനക്കാരാണ്. കഴിഞ്ഞ നവംബറിൽ കൊല്ലം സ്വദേശി അൻസാർ സുബൈർ അഹമ്മദും (22) ഒക്ടോബർ 19-പെരിന്തൽമണ്ണ സ്വദേശി അൻസാറിനെയും പിടികൂടിയിരുന്നു.