മയ്യിൽ: മനഃശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി അഗതികൾക്കും അനാഥർക്കും വഴികാട്ടിയായി ജീവിക്കാനായിരുന്നു ഷഹാന ഷെറിൻ എന്ന യുവ അദ്ധ്യാപികയുടെ ആഗ്രഹം. തങ്ങൾക്ക് ആത്രയേറെ പ്രിയപ്പെട്ട ടീച്ചർ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച വാർത്തയുടെ ഞെട്ടലിൽ നിന്ന് കൊളച്ചേരി പഞ്ചായത്തിലെ ചേലേരി കാരയാപ്പ് ഗ്രാമം ഇനിയും മുക്തമായിട്ടില്ല.പുതിയതെരുവിൽ താമസിക്കുന്ന കാലത്തും ചേലേരിയിലെ കാരയാപ്പിൽ ആഴ്ചതോറും എത്താറുള്ള ഷഹാന കൊറോണക്കാലത്ത് ഗ്രാമീണരുമായി നല്ല ബന്ധം സ്ഥാപിച്ച് കൗൺസലിങ് നടത്തുകയും ചെയ്തിരുന്നതായി നാട്ടുകാർ പറയുന്നു.

രണ്ടുവർഷം മുൻപാണ് കോഴിക്കോട് പേരാമ്പ്രയിലെ ദാറുന്നുജൂം അഗതി മന്ദിരത്തിന്റെ ഭാഗമായുള്ള ആർട്‌സ് ആൻഡ് സയൻസ് കോളജിന്റെ മനഃശാസ്ത്ര വിഭാഗം മേധാവിയായി ഷഹാന ചുമതലയേറ്റെടുക്കുന്നത്. കോഴിക്കോട് ഫാറൂഖ് കോളജിലും സേവനംചെയ്തിരുന്നു . പേരാമ്പ്രയിലെ ദാറുന്നുജൂം കോളേജിന്ന് മനഃശാസ്ത്രവിഭാഗത്തിൽ നൂറുശതമാനം വിജയവും വാർഷിക വിലയിരുത്തലിൽ സംസ്ഥാനത്തുതന്നെ ഒന്നാംസ്ഥാനവും നേടാനായത് ഷഹാനയുടെ മിടുക്കിലാണെന്ന് കോളേജ് ഭാരവാഹികൾ പറയുന്നു. കോളേജിലെ മികച്ച പ്രവർത്തനത്തിനുള്ള പുരസ്‌കാരത്തിനും അർഹത നേടിയിരുന്നു.മധ്യപ്രദേശ് യൂണിവേഴ്‌സിറ്റിയിലെ പിഎച്ച്. ഡി. വിദ്യാർത്ഥിനിയായ ഷഹാന ഗവേഷണത്തിന്റെ ഭാഗമായാണ് വയനാട്ടിലെ മേപ്പാടി എലിമ്പിലേരിയിൽ വനാതിർത്തിയിലെ റിസോർട്ടിലെത്തിയിരുന്നത്. ഷഹാനയുടെ മാതാവിന്റെ അനുജത്തിയുടെ മകനെയും കൂടെകൂട്ടിയിരുന്നു.

കൊടുംവനത്തിനുള്ളിൽ മൊബൈൽ റേഞ്ചില്ലാത്തിടത്താണ് റിസോർട്ട്. റിസോർട്ടിൽ താമസിക്കുന്ന മൂപ്പതോളംപേരെ വനത്തിന്റെ ഉൾഭാഗത്തായി തയ്യാറാക്കിയ ടെന്റിലേക്ക് റിസോർട്ടിലെ ജീവനക്കാർതന്നെ എത്തിച്ചതായിരുന്നു.രാത്രി എട്ടിനാണ് കാട്ടാനക്കൂട്ടത്തിലൊന്ന് ഇവരുടെ ടെന്റിനുനേരെ തിരിഞ്ഞതും ഷഹാനയെ തുമ്പിക്കൈ കൊണ്ട് വീശിയടിച്ചതും. ഉടൻ മേപ്പാടിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ഷഹാനയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗത്തിൽ വൈകീട്ട് അഞ്ചുമണിയോടെയാണ് പോസ്റ്റ്മോർട്ടം പൂർത്തിയായത്.ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കുണ്ട്. തലയുടെ പിൻഭാഗത്തും ശരീരത്തിന്റെ പലഭാഗത്തും ചതവുകളുണ്ട്. വലതുകാലിനും പരിക്കുണ്ട്. ആന്തരികാവയവങ്ങളുടെ ഗുരുതര പരിക്കാവാം മരണകാരണമെന്ന് കരുതുന്നു. വയനാട്ടിൽനിന്ന് ഫോറസ്റ്റ് വകുപ്പിലെ ഉദ്യോഗസ്ഥരും മെഡിക്കൽകോളേജ് മോർച്ചറിയിലെത്തിയിരുന്നു. പുതിയതെരുവിൽനിന്ന് പത്തുവർഷം മുൻപാണ് കാരയാപ്പിലേക്ക് ഇവർ കുടംബസമേതം താമസം മാറ്റിയത്. കാരയാപ്പ്-പയൻ കുളം റോഡിലെ കല്ലറപ്പുരയിൽ പരേതനായ സത്താറിന്റെയും ആയിഷയുടെ മകളാണ്.