മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാൻ ബോളിവുഡ് താരം ഷാരൂഖ് ഖാൻ ശ്രമിക്കുന്നതായി നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. കേസിൽ എൻസിബി കസ്റ്റഡിയിലുള്ള ഷാരൂഖിന്റെ മകൻ ആര്യൻ ഖാൻ പുറത്തിറങ്ങിയാൽ തെളിവുകൾ ഇല്ലാതാക്കുമെന്നും ആര്യന്റെ ജാമ്യഹർജിയെ എതിർത്ത് എൻസിബി കോടതിയിൽ വാദിച്ചു.

കേസിലെ സാക്ഷിയുടെ വിവാദ വെളിപ്പെടുത്തലടക്കം ചൂണ്ടിക്കാട്ടി കേസ് അട്ടിമറിക്കാൻ ഷാരൂഖ് ഖാൻ ശ്രമിക്കുന്നുവെന്നാണ് എൻസിബി ആരോപണം. ലഹരിമരുന്ന് കേസിൽ ഷാരൂഖ് ഖാന്റെ മനേജർ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും എൻസിബി അറിയിച്ചു. ബോംബെ ഹൈക്കോടതിയിൽ നൽകിയ ജാമ്യ ഹർജിയിൽ വാദം കേൾക്കെ ആണ് എൻസിബിയുടെ വാദം. ഷാരൂഖിന്റെ മാനേജർ പൂജ ദാദ്ലാനിക്ക് എതിരെയാണ് എൻസിബി രംഗത്ത് വന്നത്.

ഷാരൂഖ് ഖാന്റെ സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കപ്പെടാനും അന്വേഷണത്തെ സ്വാധീനിക്കാനും സാധ്യത ഉണ്ടെന്ന് എൻസിബി പറഞ്ഞു. ഹൈക്കോടതിയിൽ സമർപ്പിച്ച രേഖാമൂലമുള്ള മറുപടിയിലാണ് എൻസിബി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

അന്താരാഷ്ട്ര ലഹരി മാഫിയകളുമായി ആര്യൻഖാന് ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനായി കൂടുതൽ സമയം ആവശ്യമായി വരുമെന്നും എൻസിബി പറഞ്ഞു. സ്വാധീനമുപയോഗിച്ച് തെളിവുകൾ നശിപ്പിക്കാനും അടുത്ത് അറിയാവുന്ന സാക്ഷികളെ വിലക്കെടുക്കാനും സാധിക്കുമെന്ന് എൻസിബി ഹൈക്കോടതിയിൽ പറഞ്ഞു. ആര്യൻ ഖാന്റെ ജാമ്യ ഹർജിയിൽ ഹൈക്കോടതി വാദം കേൾക്കുന്നതിന് തൊട്ടുമുമ്പാണ് എൻസിബി രേഖാമൂലമുള്ള മറുപടി നൽകിയത്. അതേസമയം ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ ബോംബെ ഹൈക്കോടതി ബുധനാഴ്ചയും വാദം തുടരും.

ആര്യൻ ഖാനു വേണ്ടി മുതിർന്ന അഭിഭാഷകനായ മുകുൾ റോത്തഗിയാണ് ഇന്ന് ഹാജരായത്. ആര്യനിൽ നിന്ന് ലഹരി മരുന്ന് പിടിച്ചിട്ടില്ലെന്നും ഉപയോഗിച്ചതിന് വൈദ്യ പരിശോധനാ ഫലം പോലും ഇല്ലെന്നും റോത്തഗി ചൂണ്ടിക്കാട്ടി. സുഹൃത്തായ അർബാസിൽ നിന്ന് പിടിച്ചെടുത്ത ചരസിന്റെ അളവ് പോലും ജയിൽവാസത്തിന് മതിയാവുന്നതല്ല.

കേസിലെ പ്രധാന തെളിവായ വാട്‌സ്ആപ്പ് ചാറ്റ് 2018കാലത്തേതാണെന്നും റോത്തഗി പറഞ്ഞു. അതേസമയം എൻസിബി സോണൽ ഡയറക്ടർ സമീർ വാംഖഡെയെ മുംബൈയിൽ ബുധനാഴ്ച ചോദ്യം ചെയ്യും. ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സാക്ഷിയുടെ വെളിപ്പെടുത്തലിലാണ് അന്വേഷണം. അഞ്ചംഗ എൻസിബി വിജിലൻസ് സംഘമാണ് സമീറ് വാംഖഡെയെ ചോദ്യം ചെയ്യുക.

മുംബൈയിലെ പ്രത്യക എൻഡിപിഎസ് സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ആര്യൻ ഖാൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ആരോപണങ്ങൾ നിഷേധിച്ച് ആര്യൻ ഖാൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. എൻസിബി സോണൽ ഡയറക്ടർ സമീർ വാംഖഡെ അടക്കം ചേർന്ന് ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നുവെന്ന് സാക്ഷിയായ പ്രഭാകർ സെയ്ൽ ആരോപിച്ചിരുന്നു.

ഒക്ടോബർ രണ്ടിനാണ് മുംബൈയിൽ ക്രൂയിസ് കപ്പലിൽ വെച്ച് നടന്ന ലഹരി പാർട്ടിക്കിടെ ആര്യൻഖാൻ ഉൾപ്പെടെ 20 പേരെ എൻസിബി അറസ്റ്റ് ചെയ്തത്. കേസിലെ പ്രാധാന സാക്ഷിയായ കിരൺ ഗോസാവിയുടെ സഹായിയായ പ്രഭാകർ സെയിൽ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഷാരൂഖിന്റെ മാനേജർക്ക് എതിരെ എൻസിബി രംഗത്ത് വന്നത്. സംഭവം നടന്ന ദിവസം ആര്യൻഖാനുമൊത്തുള്ള കെ പി ഗോസാവിയുടെ സെൽഫി വൈറലായിരുന്നു. കേസ് ഒതുക്കി തീർക്കാൻ ഷാരൂഖിന്റെ മാനേജർ പൂജ ദദ്ലാനിയുമായി കെപി ഗോസാവി 25 കോടി ആവശ്യപ്പെടാൻ ആസൂത്രണം ചെയ്തിരുന്നു എന്നാണ് ആരോപണം.