മലപ്പുറം: മലപ്പുറം ജില്ല കോൺഗ്രസ് കമ്മറ്റിയുടെ അദ്ധ്യക്ഷനും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന വിവി പ്രകാശ് ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്. മരണപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് അതായത് ഇന്നലെ വിവി പ്രകാശ് നാട്ടിലെ ഒരു പ്രാദേശിക മാധ്യമപ്രവർത്തകനും ഫോട്ടോഗ്രാഫറുമായ ഒരാളെ വിളിച്ച് ഭാര്യക്കും മക്കൾക്കുമൊപ്പം ഇരുന്ന് കുടുംബ ഫോട്ടോ എടുപ്പിക്കുകയും ചെയ്തിരുന്നു. ഷാജി എടക്കര എന്ന ഫോട്ടോഗ്രാഫറെ വിളിച്ചാണ് വി വി പ്രകാശ് ഇന്നലെ ഫോട്ടെയെടുപ്പിച്ചത്.

വിവി പ്രകാശ് തന്റെ ജീവിതത്തിൽ കുടുംബത്തിനൊപ്പം അവസാനമായി ക്യാമറക്ക് മുന്നിൽ ഇരുന്നതും ഇന്നലെ ഇതേ ഫോട്ടോക്ക് വേണ്ടിയാണ്. ഫോട്ടോഗ്രാഫറായ ഷാജി എടക്കര തന്നെയാണ് ഈ ചിത്രം ഇന്ന് ഫേസ്‌ബുക്കിൽ പങ്കുവെച്ചത്. ഇന്നലെ എന്നെ വിളിപ്പിച്ച് എടുത്ത കുടുംബചിത്രമാണിത്. ജേഷ്ഠ സഹോദരന് തുല്യമായിരുന്നു. ഒരിക്കലും നികത്താനാകാത്ത വിടവാണ്. താൻ ഇന്നലെയെടുത്ത വിവി പ്രകാശിന്റെ അവസാനത്തെ കുടുംബ ചിത്രം ഫേസ്‌ബുക്കിൽ പങ്കുവെച്ച് കൊണ്ട് ഷാജി എഴുതിയ വരികളാണിത്. ചിത്രത്തിൽ വിവി പ്രകാശിന്റെ ഭാര്യ സ്മിതയും മക്കളായ നന്ദന, നിള എന്നിവരും ഈ ചിത്രത്തിലുണ്ട്.

അതേ സമയം നിലമ്പൂരിലെ വിവി പ്രകാശിന്റെ മരണം നാടിനെയൊന്നാകെ ഞെട്ടിച്ചിരിക്കുകാണ്. അപ്രതീക്ഷിതമായാണ് വിവി പ്രകാശിന്റെ മരണം സംഭവിച്ചത്. ഇന്ന് പുലർച്ചെയാണ് അഡ്വ വിവി പ്രകാശ് മരണത്തിന് കീഴടങ്ങിയത്. 56 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. പുലർച്ചെ 3.30ഓടെ നെഞ്ചുവേദന അനുഭവപ്പെട്ട വിവി പ്രകാശിനെ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏതാനും മാസങ്ങൾക്ക് മുൻപ് ആഞ്ചിയോ പ്ലാസ്റ്റിക്ക് വിധേയനായിരുന്നു. കറകളഞ്ഞ സംശുദ്ധ രാഷ്ട്രീയ പ്രവർത്തകനും സൗമ്യശീലനുമായിരുന്നു വിവി പ്രകാശ്.

കർഷകനായിരുന്ന കുന്നുമ്മൽ കൃഷ്ണൻ നായർ-സരോജിനിയമ്മ ദമ്പതികളുടെ മകനായി എടക്കരയിലാണ് വിവി പ്രകാശ് ജനിച്ചത്. എടക്കര ഗവൺമെന്റ് ഹൈസ്‌കൂളിലും ചുങ്കത്തറ എംപി.എം ഹൈസ്‌കൂളിലുമായി സ്‌കൂൾ പഠനം.മമ്പാട് എം.ഇ.എസ് കോളേജിലും മഞ്ചേരി എൻ.എസ്.എസ് കോളേജിലുമായി കോളേജ് വിദ്യഭ്യാസം.കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ നിന്ന് നിയമ ബിരുദം നേടി. കോഴിക്കോട് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. മലപ്പുറം കോൺഗ്രസിലെ ആദർശരാഷ്ട്രീയത്തിന്റെ മുഖമായിരുന്നു അന്തരിച്ച വിവി പ്രകാശ്.

ഇടതു സ്വതന്ത്രൻ പിവി അൻവർ അട്ടിമറി ജയത്തിലൂടെ പിടിച്ചെടുത്ത നിലമ്പൂർ മണ്ഡലം തിരിച്ചുപിടിക്കാൻ പാർട്ടി ഏൽപിച്ച ദൗത്യം പൂർത്തിയാക്കി ഫലമറിയാൻ കാത്തുനിൽക്കാതെയാണ് മലപ്പുറം കോൺഗ്രസിലെ ജനകീയൻ വിവി പ്രകാശ് മടങ്ങുന്നത്.വിവിയുടെ അപ്രതീക്ഷിതമായ വിയോഗം നേതാക്കളെയും പ്രവർത്തരെയും ഒരുപോലെ ഞെട്ടിക്കുന്നതാണ്. പ്രകാശിനു പകരം പ്രകാശ് മാത്രമെന്നതു തന്നെയാണ് ഇതിനു കാരണവും. തെരഞ്ഞെടുപ്പ് ഫലം വരാൻ രണ്ടുദിവസം മാത്രം ബാക്കിനിൽക്കെയാണ് മരണം.ഹൈസ്‌കൂൾ പഠന കാലത്ത് തന്നെ കെ.എസ്.യു പ്രവർത്തകനായ വി.വി പ്രകാശ് ഏറനാട് താലൂക്ക് ജനറൽ സെക്രട്ടറി,മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി,ജില്ലാ പ്രസിഡണ്ട്,സംസ്ഥാന ജനറൽ സെക്രട്ടറി പദവികൾ വഹിച്ചു.

പിന്നീട് കെ.സി.വേണുഗോപാൽ പ്രസിഡണ്ടായ സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ ജനറൽ സെക്രട്ടറിയായി.കെ മുരളീധരനും രമേശ് ചെന്നിത്തലയും പ്രസിഡണ്ടായ കെപിസിസി കമ്മിറ്റികളിൽ സെക്രട്ടറിയായ വി.വി പ്രകാശ് നാലു വർഷം മുമ്പ് മലപ്പുറം ജില്ലാ കോൺഗ്രസ് പ്രസിഡണ്ടായി നിയമിതനായി. സംഘടനാ പദവികൾക്കിടെ കോഴിക്കോട് സർവകലാശാല സെനറ്റ് അംഗം, കെ.എസ്.ആർ.ടി.സി ഡയറക്ടർ,എഫ്‌സിഐ അഡൈ്വസറി ബോർഡ് അംഗം.ഫിലിം സെൻസർ ബോർഡ് അംഗം,എടക്കര ഗ്രാമ പഞ്ചായത്ത് അംഗം,എടക്കര ഈസ്റ്റ് ഏറനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഉച്ചക്ക് ഒരു മണി മുതൽ മൃതദേഹം എടക്കര ബസ് സ്റ്റാന്റിൽ പൊതു ദർശനത്തിന് വെക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ച് പാർട്ടി പ്രവർത്തകർക്കും നാട്ടുകാർക്കും അന്തിമോപചാരം അർപ്പിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.