കണ്ണുർ: പയ്യന്നൂരിനടുത്തെ രാമന്തളിയിൽ ഭർതൃമതിയായ യുവതി ആത്മഹത്യ ചെയ്ത സംഭവം ഭർതൃപീഡനമെന്ന് ബന്ധുക്കൾ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പയ്യന്നൂർ ഡിവൈ.എസ്‌പി കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി. ഇക്കഴിഞ്ഞ രണ്ടിന് ഉച്ചയോടെയാണ് രാമന്തളി വടക്കുമ്പാട് ഹാജി റോഡിലെ ചെമ്മരൻകീഴിൽ ഷമീല(26)യെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ബന്ധുക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് അസ്വഭാവിക മരണത്തിന് കേസെടുത്ത പയ്യന്നൂർ പൊലീസ് സംഭവ സ്ഥലത്ത് നിന്നും യുവതി എഴുതിയ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ഗൾഫിൽ ജോലി ചെയ്തുവന്ന ഭർത്താവ് റഷീദിന്റെ പീഡനമാണ് യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കാണിച്ച് ബന്ധു ഡിവൈ.എസ്‌പിക്ക് പരാതി നൽകുകയായിരുന്നു.

തുടർന്ന് ഗാർഹിക പീഡന നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി. മരണപ്പെട്ട ഷമീലക്ക് നാലും ഒന്നര വയസുമുള്ള രണ്ട് ആൺകുട്ടികളുണ്ട്. വിദേശത്തായിരുന്ന റഷീദ് കൊ വിഡ് പ്രതിസന്ധിയെ തുടർന്ന് നാട്ടിലെത്തിയതായിരുന്നു.