കോട്ടയം: ഷാനിനെ കണ്ണു കുത്തി പൊട്ടിച്ച ശേഷം അടിച്ചു കൊന്നത് വ്യക്തമായ ആസൂത്രണത്തോടെ. ഷാനിനെ കൊല്ലണമെന്ന ഉദ്ദേശം ജോമോൻ ഇല്ലായിരുന്നുവെന്ന കോട്ടയം എസ് പിയുടെ ആ പഴയ വെളിപ്പെടുത്തലിനെ തള്ളിക്കളയുന്നതാണ് അന്വേഷണത്തിൽ പുറത്തു വരുന്ന വിവരങ്ങൾ.

സംഭവത്തിൽ അഞ്ച് പ്രതികളും റിമാൻഡിലാണ്. ഒന്നുമുതൽ അഞ്ചുവരെ പ്രതികളായ ജോമോൻ, മണർകാട് ചിറയിൽ ലുതീഷ് (പുൽച്ചാടി ലുധീഷ്), അരീപ്പറമ്പ് കുന്നംപള്ളി സുധീഷ്, വെള്ളൂർ നെടുംകാലായിൽ കിരൺ, ഷാനിനെ തട്ടിക്കൊണ്ടുപോയ ഓട്ടോറിക്ഷ ഡ്രൈവർ മീനടം മലയിൽ ബിനു എന്നിവരെയാണ് കോട്ടയം ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-ഒന്ന് റിമാൻഡ് ചെയ്തത്. കോട്ടയം വിമലഗിരി ഉറുമ്പിയത്ത് ഷാൻ ബാബുവിനെയാണ് ഗുണ്ടാസംഘം കൊലപ്പെടുത്തിയത്.

ലുതീഷ്, ജോമോൻ, സുധീഷ്, കിരൺ എന്നിവർ ചേർന്നാണ് പദ്ധതി ആസൂത്രണം ചെയ്തത്. അതിന് ശേഷം ബിനുവിന്റെ ഓട്ടോറിക്ഷ വിളിച്ചു. രാത്രി എട്ടിനു ഷാനിനെ ഓട്ടോയിൽ പിടിച്ചുകയറ്റി. കയറിയ ഉടനെ ഷാനിന്റെ കണ്ണിൽ ജോമോൻ കുത്തി. കണ്ണു കുത്തിപ്പൊട്ടിക്കുന്നത് ജോമോന്റെ ശൈലിയാണ്. കണ്ണിൽ കുത്തുന്നതു കണ്ട് തങ്ങൾ പേടിച്ചു പോയെന്നു മറ്റു പ്രതികൾ സമ്മതിച്ചിട്ടുണ്ട്.

ആനത്താനത്തിനു സമീപമാണ് ജോമോന്റെ താമസം. വീടിനു സമീപം ഒഴിഞ്ഞ ചതുപ്പാണ് ഗുണ്ടാസംഘം മർദനത്തിനു പറ്റിയ സ്ഥലമായി കണ്ടുവച്ചത്. ഇവിടെ ആരും താമസമില്ല. നിലവിളിച്ചാലും പുറത്തു കേൾക്കില്ലെന്നതാണ് ഈ സ്ഥലത്തിന്റെ പ്രത്യേകത. റോഡിലൂടെ ഷാനിനെ വലിച്ചിഴച്ചാണ് ചതുപ്പിൽ എത്തിച്ചത്. വസ്ത്രങ്ങൾ അഴിച്ചു മാറ്റി. ഓടാതിരിക്കാൻ ട്രൗസർ കാലിൽ പകുതി അഴിച്ചുവച്ചു. തൃശൂരിൽ ലുതീഷിനെ തല്ലിയതു പോലെ തുണിപറിച്ച് അടിക്കുകയായിരുന്നു ലക്ഷ്യം. തുടർന്ന് ഷാനിനെ ക്രൂരമായി മർദ്ദിച്ചു. പശുവിനെ കെട്ടാൻ അവിടെയുണ്ടായിരുന്ന കാപ്പിവടി കൊണ്ടായിരുന്നു അടി.

തലയിൽ നിരന്തരമായി അടിച്ചു. അതോടെ തല ചതഞ്ഞ് രക്തസ്രാവമുണ്ടായി. ഷാൻ ബോധം കെട്ടു വീണു. സൂര്യനെ കാണിച്ചു തരാൻ ആവശ്യപ്പെട്ടായിരുന്നു അടി. ഷാൻ മരിച്ചതോടെ ഗുണ്ടാസംഘത്തിൽ തർക്കമായി. ഷാനിന്റെ മൃതദേഹവുമായി ജോമോനും കൂട്ടരും നഗരത്തിലെത്തി. കൂടെയുണ്ടായിരുന്നവർ ജോമോനുമായി തെറ്റി. ഇതോടെ ഷാനെ തോളിൽ ചുമന്ന് ജോമോൻ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.

മാങ്ങാനത്തിനു സമീപത്തെ ഒഴിഞ്ഞ പറമ്പിലെ തെളിവെടുപ്പിൽ രണ്ടു ചെരിപ്പുകൾ, ഷാനിന്റെ വസ്ത്രം, കൊന്ത എന്നിവ പലയിടത്തായി കിടന്നതായി പൊലീസ് കണ്ടെത്തി. 100 മീറ്റർ അകലെ നിന്ന് ബെൽറ്റ് കണ്ടെത്തി. ജോമോന്റെ കയ്യിലും നീരുണ്ട്. ഷാനിനെ ഇടിച്ചപ്പോഴാണ് നീരു വന്നതെന്ന് പൊലീസ് പറഞ്ഞു.

ലുതീഷ്, അരീപ്പറമ്പ് കുന്നംപള്ളി സുധീഷ് എന്നിവരെ ബുധനാഴ്ച കൊലപാതകം നടന്ന മാങ്ങാനം ആനത്താനത്തെ ചതുപ്പ് നിലത്തിലെത്തിച്ച് തെളിവെടുപ്പും നടത്തി. കോട്ടയം ഡിവൈ.എസ്‌പി ജെ. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളുമായി എത്തിയത്. ആദ്യം ലുതീഷുമായി തെളിവെടുത്തു. ചതുപ്പിലേക്ക് എത്തിച്ചതും മർദിച്ചതും ലുതീഷ് വിശദീകരിച്ചു. ഷാനിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് തങ്ങൾ പറഞ്ഞെങ്കിലും ജോമോൻ അംഗീകരിച്ചില്ലെന്ന് തെളിവെടുപ്പിനിടെ ലുതീഷ് പൊലീസിനോട് പറഞ്ഞു. ഓട്ടോയിൽ ഷാനുമായി മടങ്ങുന്നതിനിടെ ജോമോനുമായി ഇതേച്ചൊല്ലി വാക്തർക്കമുണ്ടായി എന്നും സമ്മതിച്ചു.

എല്ലാവരും ചേർന്നാണ് ഷാനിനെ ഓട്ടോയിൽനിന്ന് വലിച്ച് പുറത്തേക്കിട്ടത്. തുടർന്ന് വലിച്ചിഴച്ചാണ് ആനത്താനത്തെ വിജനസ്ഥലത്ത് എത്തിച്ചതും ക്രൂരമായി മർദിച്ചതും. ചതുപ്പിലിരുന്ന് പ്രതികൾ മദ്യപിക്കുകയും കഞ്ചാവ് ഉപയോഗിക്കുകയുംചെയ്തു. കഞ്ഞിക്കുഴിയിൽനിന്ന് ഇറഞ്ഞാൽ വഴിയായിരുന്നു ഷാനുമായി സംഘം മടങ്ങിയത്. തുടർന്ന് സബ് ജയിലിന് സമീപം ഓട്ടോറിക്ഷ നിർത്തി. ഇതിനിടെ ഷാൻ മരിച്ചതിനാൽ ജോമോൻ മൃതദേഹം ചുമന്ന് പൊലീസ് സ്റ്റേഷനിൽ ഇടുകയായിരുന്നു. ഈ സമയം മറ്റുള്ളവർ കടന്നുകളഞ്ഞു. പ്രതികൾക്കെല്ലാം ഷാൻ മരണപ്പെടുമെന്ന് അറിയാമായിരുന്നെന്നും പൊലീസ് പറഞ്ഞു.

കൊലപാതകം, കൊല്ലാൻവേണ്ടിയുള്ള തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, അന്യായമായി സംഘംചേരൽ വകുപ്പുകൾ പ്രകാരമാണ് കേസ്. പ്രതികളെ ജില്ല ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധയും നടത്തി. നാലാംപ്രതി വെള്ളൂർ നെടുംകാലായിൽ കിരൺ, അഞ്ചാംപ്രതി ഓട്ടോ ഡ്രൈവർ മീനടം മലയിൽ ബിനു എന്നിവരെ കസ്റ്റഡിയിൽ വാങ്ങിയശേഷം തെളിവെടുപ്പ് നടത്തും. അടുത്ത ദിവസം പ്രതികളെ കൂടുതൽ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകും. 10 ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് പൊലീസ് തീരുമാനം

ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ഷാൻ എന്ന പത്തൊമ്പതുകാരന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. ജോമോന്റെ സംഘാംഗമായ ലുതീഷിനെ മർദിക്കുന്ന ദൃശ്യം എതിർസംഘം സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചിരുന്നു. കൊലയ്ക്ക് വഴിയൊരുക്കിയത് സമൂഹ മാധ്യമത്തിൽ വന്ന ചിത്രമോയെന്നു സംശയം ഉണ്ട്. ഈ ചിത്രത്തിന്റെ പേരിലാണു ഷാനിനെ പ്രതി ജോമോൻ തട്ടിക്കൊണ്ടു പോയതെന്നു ഷാനിന്റെ സഹോദരി ഷാരോൺ പറയുന്നു. സൂര്യൻ എന്നു വിളിക്കുന്ന ശരത് പി. രാജിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഷാനിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച ഷാനും സുഹൃത്തുക്കളും കൊടൈക്കനാലിൽ വിനോദയാത്ര പോയിരുന്നു. ഇവിടെ നിന്നുള്ള ഫോട്ടോയാണ് ശരത് തന്റെ ലൈസർബജിക് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്.

ഈ ചിത്രമാണു ജോമോനെ പ്രകോപിപ്പിച്ചതെന്നു കരുതുന്നു. തന്റെ പേരിൽ കാപ്പ ചുമത്തിയതിനു പിന്നിൽ ശരത്തിന് പങ്കുണ്ടെന്നു ജോമോൻ കരുതി. ഇയാൾ പക വീട്ടാൻ ശരത്തിനെ തേടിയിറങ്ങിയതാണെന്നു പൊലീസ് കരുതുന്നു. ശരത്ത് എവിടെയുണ്ടെന്ന് വിനോദ യാത്രയ്ക്ക് ഒരുമിച്ചുപോയ ഷാനിന് അറിയാനാകുമെന്നു കരുതിയാവാം പിടിച്ചു കൊണ്ടുപോയതെന്നും പൊലീസ് സംശയിക്കുന്നു. ഇൻസ്റ്റഗ്രാമിൽ ശരത്തിന്റെ ലൈസർബജിക് എന്ന അക്കൗണ്ടും ഷാൻ ഉപയോഗിക്കുന്ന നൊട്ടോറിയസ് അച്ചായൻ എന്ന അക്കൗണ്ടും പ്രൈവറ്റാണ്. ഇൻസ്റ്റഗ്രാം സുഹൃത്തുക്കൾക്കു മാത്രമാണ് ഇതിലെ വിവരങ്ങൾ കാണാനാവുക.