തിരുവനന്തപുരം: കെപിസിസി സംസ്ഥാന അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ വിവാദ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ. വാക്കുകൾ ശ്രദ്ധിച്ചു തന്നെ ഉപയോഗപ്പെടുത്തണമെന്നും സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഒരു കാരണവശാലും ഉണ്ടാകാൻ പാടില്ലെന്നും ഷാനിമോൾ ഉസ്മാൻ വ്യക്തമാക്കി.

' ഒരു കാരണവശാലും അത്തരം വാക്കുകളോട് എനിക്ക് യോജിക്കാൻ കഴിയില്ല. വധശിക്ഷ പ്രതീക്ഷിച്ച് കഴിയുന്ന ഒരു സ്ത്രീയാണെങ്കിൽകൂടി അവളുടെ ആത്മാഭിമാനത്തിന് കോട്ടം തട്ടുന്ന രീതിയിലുള്ള ഒരു പ്രസ്താവനയും വാക്കും ആരുടെ ഭാഗത്തു നിന്നും ഉണ്ടാകാൻ പാടില്ല, എന്നതാണ് എന്റെ പക്ഷം. ഷാനിമോൾ ഉസ്മാൻ പറഞ്ഞു. വിഷയത്തിൽ അദ്ദേഹം കൂടുതൽ ശ്രദ്ധിക്കണമെന്നും ഷാനിമോൾ ഉസ്മാൻ കൂട്ടിച്ചേർത്തു.

മുല്ലപ്പള്ളിയുടെ പ്രസ്താവനക്കെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. സ്ത്രീവിരുദ്ധ പരാമർശത്തിൽ മുല്ലപ്പള്ളിക്കെതിരെ നിയമനടപടിക്കുൾപ്പെടെ പോകുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ പറഞ്ഞിരുന്നു. സോളാർ കേസിൽ ലൈംഗിക പീഡന പരാതി നൽകിയ സ്ത്രീക്കെതിരെയായിരുന്നു മുല്ലപ്പള്ളിയുടെ സ്ത്രീവിരുദ്ധ പരാമർശം. ബലാത്സംഗത്തിനിരയായ സ്ത്രീ ആത്മാഭിമാനമുള്ളയാളാണെങ്കിൽ ഒന്നുകിൽ ആത്മഹത്യ ചെയ്യുമെന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്.

കേരളപ്പിറവി ദിനത്തിൽ സർക്കാരിനെതിരെ കോൺഗ്രസ് വഞ്ചനാദിനം ആചരിക്കുന്നതിന്റെ ഭാഗമായി നടത്തിയ സമരപ്പന്തലിലായിരുന്നു മുല്ലപ്പള്ളിയുടെ പരാമർശം. സോളാർ കേസ് മുൻനിർത്തി സർക്കാർ യു.ഡി.എഫിനെതിരെ നീങ്ങുന്നു എന്നാരോപിച്ചായിരുന്നു മുല്ലപ്പള്ളി വിവാദ പരാമർശം നടത്തിയത്.

സോളാർ കേസ് പരാതിക്കാരിയെ യു.ഡി.എഫിനെതിരെ രാഷ്ട്രീയ ആവശ്യത്തിനായി ഉപയോഗിക്കരുതെന്ന് പറഞ്ഞതിന് ശേഷമായിരുന്നു മുല്ലപ്പള്ളി സോളാർ കേസിൽ പരാതി നൽകിയ സ്ത്രീയെ കടന്നാക്രമിച്ചത്.

'ആരെയാണിവർ കൊണ്ടു വരാൻ പോകുന്നത്. ഓരോ ദിവസവും ഉറങ്ങിയെണീക്കുമ്പോൾ എന്നെയിതാ ബലാത്സംഗം ചെയ്തിരിക്കുന്നു എന്ന് പറയുകയാണ്. ബലാത്സംഗത്തിന് ഇരയായെന്ന് പറയുന്ന ഒരു സ്ത്രീയെ അണിയിച്ചൊരുക്കിക്കൊണ്ട് തിരശ്ശീലക്ക് പിന്നിൽ നിർത്തിയിരിക്കുകയാണ്. എപ്പോഴാണ് ഞാൻ രംഗത്ത് വരേണ്ടതെന്ന് അവർ ചോദിച്ച് കൊണ്ടിരിക്കുന്നു. മുഖ്യമന്ത്രീ, ഈ കളി ഇവിടെ നടപ്പില്ല. മുങ്ങിച്ചാവാൻ പോകുമ്പോൾ ഒരു അഭിസാരികയെ കൊണ്ട് വന്നിരിക്കുകയാണ് അദ്ദേഹം. അവരെ കൊണ്ട് വന്നതു കൊണ്ട് രക്ഷപ്പെടാമെന്ന് അങ്ങ് കരുതണ്ട,' മുല്ലപ്പള്ളി പറഞ്ഞു.

ഒരു സ്ത്രീ ഒരു തവണ ബലാത്സംഗം ചെയ്യപ്പെട്ടാൽ ആത്മാഭിമാനമുള്ളവളാണെങ്കിൽ ഒന്നുകിൽ അവർ മരിക്കും അല്ലെങ്കിൽ അത് പിന്നീട് ഒരിക്കലും ആവർത്തിക്കില്ല, അത്തരമൊരു സാഹചര്യമാണ് നമ്മുടെ സമൂഹത്തിലുള്ളത്,'എന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്. മുല്ലപ്പള്ളിയുടെ വാക്കുകൾ വിവാദമായതോടെ സ്ത്രീവരുദ്ധ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു. താൻ പറഞ്ഞത് സ്ത്രീ വിരുദ്ധ പരാമർശമാണെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.