തിരുവനന്തപുരം: വെള്ളിത്തിരയിൽ പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന ചില കൂട്ടുകെട്ടുകൾ ഉണ്ട്. ചിലപ്പോൾ സംവിധായകരും തിരക്കഥാകൃത്തുക്കളുമാകാം.. മറ്റു ചിലപ്പോൾ താരങ്ങളും സംവിധായകരുമാകാം. ഇങ്ങനെ പോകുന്നു ആരാധകരുടെ ഈ ഇഷ്ടങ്ങൾ. അത്തരമൊരു ചോദ്യവും ആകാംഷയും ഉയർത്തുകയാണ് സംവിധായകനും തിരക്കഥാകൃത്തും നടനുമായ ശങ്കർ രാമകൃഷ്ണൻ പങ്കുവെച്ച ഒരു ചിത്രം.

മോഹൻലാലിനെയും ഫഹദിനെയും ചേർത്തു പിടിച്ചുനിൽക്കുന്ന രഞ്ജിത്ത് ആയിരുന്നു ചിത്രത്തിൽ. 'ഒരു ഇതിഹാസവും മഹാ ഇതിഹാസവും, പ്രഗത്ഭ രചയിതാവിനാൽ ബന്ധിപ്പിക്കപ്പെട്ടപ്പോൾ.. മാന്ത്രികത എന്നത് സ്ഥായിയാണ്. കാലത്തിന് നന്ദി', എന്നായിരുന്നു ശങ്കർ രാമകൃഷ്ണൻ ചിത്രത്തിനൊപ്പം കുറിച്ചത്. സംവിധായകനും ഛായാഗ്രാഹകനുമായ സുജിത് വാസുദേവ് 'അതൊരു ഗംഭീര നിമിഷമായിരുന്നെ'ന്ന് പോസ്റ്റിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്.ഈ ചിത്രത്തിനു താഴെത്തന്നെ മൂവരും ഒന്നിച്ച് ഒരു സിനിമ സംഭവിക്കുമോയെന്ന് ആരാധകർ ചോദിക്കുന്നുണ്ട്.

 

അതേസമയം മോഹൻലാലും ഫഹദ് ഫാസിലും മുൻപ് ഒരു ചിത്രത്തിൽ ഒരുമിച്ചിട്ടുണ്ട്. സലാം ബാപ്പുവിന്റെ സംവിധാനത്തിൽ 2013ൽ പ്രദർശനത്തിനെത്തിയ 'റെഡ് വൈൻ' ആയിരുന്നു ആ ചിത്രം. അനൂപ് എന്ന കഥാപാത്രമായി ഫഹദ് എത്തിയപ്പോൾ എസിപി രതീഷ് വാസുദേവൻ എന്നായിരുന്നു മോഹൻലാൽ കഥാപാത്രത്തിന്റെ പേര്. അതേസമയം മോഹൻലാൽ നായകനായ 'ഡ്രാമ'യാണ് (2018) രഞ്ജിത്തിന്റെ സംവിധാനത്തിൽ അവസാനമെത്തിയ ചിത്രം. എന്നാൽ അതിനുശേഷവും നിർമ്മാതാവായും നടനായും സജീവമാണ് രഞ്ജിത്ത്.