തിരുവനന്തപുരം: ബിജെപിയെ വിമർശിച്ച് പോസ്റ്റിട്ടതിന് കവിയും എഴുത്തുകാരനുമായ സച്ചിദാനന്ദന് വിലക്കേർപ്പെടുത്തിയ ഫേസ്‌ബുക്ക് നടപടിക്കെതിരേ തിരുവനന്തപുരം എംപി ശശി തരൂർ രംഗത്ത്. ഇത് നിന്ദ്യമായ നടപടിയാണെന്ന് സച്ചിദാനന്ദന് ഐക്യദാർഢ്യമർപ്പിച്ച് തരൂർ ട്വിറ്ററിൽ കുറിച്ചു.

നമ്മുടെ രാഷ്ട്രീയത്തിന് സെൻസെർഷിപ്പ് ഏർപ്പെടുത്താൻ അനുവദിക്കരുതെന്നും തരൂർ പറഞ്ഞു. അതേസമയം, കമ്യൂണിറ്റി സ്റ്റാൻഡേർഡ് ലംഘിച്ചതിനാണ് സച്ചിദാനന്ദിന്റെ അക്കൗണ്ട് വിലക്കിയതെന്നാണ് ഫേസ്‌ബുക്ക് അധികൃതർ നൽകുന്ന വിവരം.

വെള്ളിയാഴ്ചയാണ് വിലക്ക് വന്നത്. കേരളത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് പോസ്റ്റ് ചെയ്തതിനാണ് വിലക്കെന്ന് സച്ചിദാനന്ദൻ പ്രതികരിച്ചു.

വിദ്വേഷപരമായ ഉള്ളടക്കമുള്ളതല്ല വിഡിയോയെന്നും താൻ ഉൾപ്പടെയുള്ള ബിജെപിയുടെ വിമർശകർ നിരീക്ഷണത്തിലുണ്ടെന്ന് കരുതുന്നതായും സച്ചിദാനന്ദൻ പറഞ്ഞു. കേന്ദ്ര സർക്കാറും ഫേസ്‌ബുക്കും ധാരണയുണ്ടെന്ന് മനസിലാക്കുന്നുവെന്നും സച്ചിദാനന്ദൻ കൂട്ടിച്ചേർത്തു.