ന്യൂഡൽഹി: കോൺഗ്രസിന് ശക്തമായ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് കത്തെഴുതിയതിന്റെ പേരിൽ കോൺഗ്രസ് നേതാവ് ശശി തരൂരിനെതിരെ കടുത്ത ആക്രമണമാണ് നടക്കുന്നത്. കൊടിക്കുന്നിൽ സുരേഷും മുല്ലപ്പള്ളിയും കെ മുരളീധരനും തരൂരിന് എതിരായി രംഗത്തെത്തിയപ്പോൾ ശക്തമായ പിന്തുണച്ചു കൊണ്ട യുവനേതാക്കളും രംഗത്തെത്തിയിരുന്നു. അതേസമയം കേരള നേതാക്കളുടെ പ്രസ്താവനാ വിവാദം കൊഴുക്കുമ്പോഴും മൗനം പാലിക്കുകയാണ് തരൂർ. ദേശീയ രാഷ്ട്രീയത്തിൽ കേന്ദ്രസർക്കാറിനെ വിമർശിക്കാനുള്ള ഒരു അവസരവും അദ്ദേഹം പാഴാക്കാറില്ല. തരൂരിന്റെ ഒരു ഫേസ്‌ബുക്ക് പോസ്റ്റു പോലും ലോകം മുഴുവൻ ശ്രദ്ദിക്കും. അതുകൊണ്ടു തന്നെയാണ് ഇപ്പോൾ തരൂരിന്റെ ഫേസ്‌ബുക്ക് പോസ്റ്റും ഏറെ ശ്രദ്ധ നേടുന്നത്.

കോവിഡ് ദൈവനിശ്ചയമാണെന്നും അത് സാമ്പത്തിക ഞെരുക്കത്തിന് കാരണം ആകുന്നുമെന്നുമുള്ള ധനമന്ത്രി നിർമല സീതാരാമന്റെ പരാമർശത്തെ പരിഹസിച്ചാണ് ശശി തരൂർ എംപി ഇക്കുറി രംഗത്തെത്തിയത്. 'ഇത്തവണ നെഹ്റുവിനെ ഒഴിവാക്കിയതിന് നന്ദി' എന്ന കുറിപ്പോടെ ഒരു കാർട്ടൂൺ ഫേസ്‌ബുക്കിലൂടെ പങ്കുവച്ചാണ് തരൂർ ധനമന്ത്രിയെ പരിഹസിക്കുന്നത്.

നോട്ട് അസാധുവാക്കൽ, ജിഎസ്ടി നടപ്പിലാക്കൽ എന്നിവയ്ക്കുപുറമെ കോവിഡ് വ്യാപനം കൂടി സംഭവിച്ചതിലൂടെ സമ്പദ്വ്യവസ്ഥയ്ക്കുണ്ടായ തകർച്ചയും നിർമല സീതാരാമന്റെ പരാമർശവുമാണ് കാർട്ടൂണിന്റെ വിഷയം. രാജ്യത്തിന്റെ പല പ്രശ്നങ്ങൾക്കും കാരണം ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ നടപടികളാണെന്ന ബിജെപി നേതാക്കളുടെ ആരോപണങ്ങളെ പരിഹസിക്കുകാണ് തരൂർ ചെയ്തിരിക്കുന്നത്. കത്ത് വിവാദത്തിന്റെ പേരിൽ തരൂരിനെതിരെ കേരളത്തിൽ കോൺഗ്രസ് നേതാക്കൾ പരസ്യപ്രതികരണങ്ങളുമായി രംഗത്ത് വന്നിരുന്നു. ഈ വിവാദങ്ങൾക്കിടയിലും കേന്ദ്രസർക്കാരിനെ തന്റേതായ രീതിയിൽ വിമർശിക്കുകയാണ് അദ്ദേഹം.

എന്തുകൊണ്ടാണ് തരൂർ ശ്രദ്ധിക്കപ്പെടുന്നത് എന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണ് ഈ സംഭവം. കേന്ദ്രത്തെ ശക്തമായി വിമർശിക്കുന്നതിൽ മറ്റ് നേതാക്കൾ മടിക്കുമ്പോഴാണ് കിട്ടിയ അവസരത്തിൽ തരൂർ കേന്ദ്രസർക്കാറിനെതിരെ ആഞ്ഞടിക്കുന്നത്. അതിനിടെ കത്ത് വിവാദത്തിൽ പരസ്യപ്രസ്താവന വിലക്കി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തുവന്നു. സ്ഥിരം പ്രസിഡന്റ് വേണമെന്ന് ആവശ്യപ്പെട്ട കത്തിൽ ഒപ്പുവച്ച ശശി തരൂരിന് എതിരെ കൊടിക്കുന്നിൽ സുരേഷ് ഉൾപ്പെടെയുള്ള നേതാക്കൾ പരസ്യമായി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെ കെ എസ് ശബരിനാഥൻ ഉൾപ്പെടെയുള്ള ചില നേതാക്കൾ തരൂരിനെ പിന്തുണച്ചും രംഗത്തെത്തി. ഇതിന് പിന്നാലെയാണ് സംഘടനാ കാര്യങ്ങളിൽ പരസ്യ പ്രസ്താവന വേണ്ടെന്ന് വ്യക്തമാക്കി മുല്ലപ്പള്ളി രംഗത്തെത്തിയത്.

'സംഘടനാപരമായ കാര്യങ്ങളിൽ പരസ്യപ്രസ്താവന നടത്തരുതെന്ന എഐസിസിയുടെ നിർദ്ദേശം എല്ലാവരും പാലിക്കണം.ഉൾപ്പാർട്ടി ജനാധിപത്യം പൂർണ്ണമായും അനുവദിക്കുന്ന പ്രസ്ഥാനം എന്ന നിലയിൽ പാർട്ടി വേദികളിൽ അഭിപ്രായം രേഖപ്പെടുത്താൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. പാർട്ടിയെ സ്നേഹിക്കുന്നവരാരും പരസ്യപ്രസ്താവന നടത്തരുത്' മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

ശശി തരൂർ പാർലമെന്റംഗം എന്ന നിലയിൽ പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കണം. അല്ലാതെ വിശ്വപൗരനായതുകൊണ്ട് എന്തും പറയാം എന്ന് ചിന്തിക്കുന്നത് ശരിയല്ല എന്നായിരുന്നു കൊടിക്കുന്നിൽ സുരേഷിന്റെ പ്രതികരണം. ശശി തരൂർ ഗസ്റ്റ് ആർട്ടിസ്റ്റാണെന്നും കൊടിക്കുന്നിൽ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിയുടെ അതിർവരമ്പുകൾക്കുള്ളിൽ നിന്ന് പാർട്ടി പ്രവർത്തനമോ പാർലമെന്ററി പ്രവർത്തനമോ മനസിലാക്കാൻ ശശി തരൂരിന് സാധിച്ചിട്ടില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന് ഒരു എടുത്തുചാട്ടം. അദ്ദേഹം വിശ്വപൗരനായിരിക്കാം. വലിയ അറിവും പാണ്ഡിത്യവുമുള്ള ആളുമായിരിക്കാം. എന്നാൽ രാഷ്ട്രീയമായ പക്വത അദ്ദേഹത്തിന് ഇല്ലെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.