ന്യൂഡൽഹി: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാനും പിതാവ് ഷാരൂഖ് ഖാനും പിന്തുണയുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. ചിലർ ഷാരൂഖിനും മകനുമെതിരെ വേട്ടയാടൽ നടത്തുകയാണ്. ഷാരൂഖിനോട് കുറച്ച് സഹാനുഭൂതി വേണം. സൂപ്പർ സ്റ്റാറിനും മകനും സംഭവിച്ച ദൗർഭാഗ്യത്തിൽ ജനം സന്തോഷിക്കുന്നതിനെ അദ്ദേഹം ട്വീറ്റിലൂടെ വിമർശിച്ചു.

ഇത്തരം ലഹരിമരുന്നുകൾ ഞാൻ ഇഷ്ടപ്പെടുന്നില്ല. ഇതുവരെ ഉപയോഗിക്കാനും ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗൂലിഷ് എപികരിക്കസി എന്ന വാക്കുപയോഗിച്ചാണ് തരൂർ ഇരുവർക്കുമെതിരെയുള്ള വിമർശനത്തെ വിശേഷിപ്പിച്ചത്. ഒരു 23കാരന്റെ മുഖം നിരാശയോടെ താഴേണ്ടതല്ല-അദ്ദേഹം ട്വീറ്റ് ചെയ്തു.

ശവശരീരം ഭക്ഷിക്കുന്ന ദുഷ്ടൻ എന്നാണ് ഗൗലിഷ് എന്ന വാക്കിന്റെ അർത്ഥം. എപികരിക്കസി എന്നാൽ മറ്റുള്ളവരുടെ വീഴ്ചയിൽ സന്തോഷം കണ്ടെത്തുന്നവർ എന്നും. കഴിഞ്ഞ ദിവസമാണ് മുംബൈയിൽ ആഡംബര കപ്പലിൽ ലഹരിപ്പാർട്ടിക്കിടെ ആര്യൻ ഖാനുൾപ്പെടെ എട്ട് പേരെ എൻസിബി അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയിൽ ഹാജരാക്കിയ ഇവരെ ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.