കൊച്ചി: റിമാൻഡ് തടവുകാരൻ കാഞ്ഞിരപ്പള്ളി സ്വദേശി ടി.എച്ച്. ഷെഫീക്കിന്റെ (36) മരണത്തിൽ നിറയുന്നത് അസ്വാഭവികതകൾ. മുഖത്തും തലയുടെ പിന്നിലുമെല്ലാം വലിയ മുറിവുകളുണ്ട്. വീണു പരുക്കേറ്റു എന്നു പറയുന്നതു വിശ്വസിക്കാൻ സാധിക്കില്ല. തലയുടെ പിന്നിലെ മുറിവിൽ പത്തിൽ കൂടുതൽ തുന്നലുണ്ട്. വയറിലും നടുവിലുമെല്ലാം ചതഞ്ഞ പാടുകളും രക്തം കട്ട പിടിച്ച പോലെയുള്ള അടയാളങ്ങളുമുണ്ട്. ആരോ കഴുത്തിൽ വിരലുകൾ അമർത്തിപ്പിടിച്ച് ചവിട്ടിയ പോലെയുണ്ട് അടയാളങ്ങൾ. ഈ പാടുകൾ പ്രതിക്കൂട്ടിൽ നിർത്തുന്നത് പൊലീസിനെയാണ്. നെടുങ്കണ്ടത്തെ കസ്റ്റഡി കൊലയും പൊലീസിനെ നേരയാക്കുന്നില്ലെന്ന സംശയമാണ് ഉയരുന്നത്.

മരണത്തിനിടയാക്കിയത് തലയ്ക്ക് ക്ഷതമേറ്റതിനെത്തുടർന്നുണ്ടായ രക്തസ്രാവമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇത് കസ്റ്റഡി കൊലപാതകത്തിന്റെസൂചനകൾ നൽകുന്നു. ഇടതു പുരികത്തിനു മുകളിലാണ് ക്ഷതം. വീഴ്ചയിലോ തല എവിടെയെങ്കിലും ഇടിച്ചപ്പോഴോ ക്ഷതം ഉണ്ടാവാം. നട്ടെല്ലിനു ചതവുണ്ട്. ശരീരത്തിൽ മറ്റു പരുക്കുകൾ കാര്യമായില്ല. തലയിലെ പരുക്ക് എങ്ങനെ സംഭവിച്ചുവെന്നതിനെപ്പറ്റി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായ സൂചനയില്ല. നാക്കു കടിച്ച നിലയിലാണ് ഷെഫീക്ക് മരിച്ചത്.

ഷെഫീക്കിനെ അറസ്റ്റ് ചെയ്ത ഉദയംപേരൂർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർെ സംശയ നിഴലിലാണ്. മൃതദേഹം വീട്ടിലെ പൊതുദർശനത്തിനു ശേഷം കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഖബർസ്ഥാനിൽ കബറടക്കം നടത്തി. ഷെഫീക്കിന്റെ മരണത്തെപ്പറ്റി മധ്യമേഖലാ ജയിൽ ഡിഐജി സാം തങ്കയ്യൻ അന്വേഷണം ആരംഭിച്ചു. ഡിഐജി കാക്കനാട് ജയിലിൽ പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. മനുഷ്യാവകാശ കമ്മിഷനും കേസെടുത്തു. ജയിൽ ഡിജിപിയും ജില്ലാ പൊലീസ് മേധാവിയും അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശം നൽകി.

തട്ടിപ്പുകേസിൽ ഉദയംപേരൂർ പൊലീസ് അറസ്റ്റ് ചെയ്ത കാഞ്ഞിരപ്പള്ളി തൈപ്പറമ്പിൽ വീട്ടിൽ ടി.എച്ച്. ഷെഫീക്ക് എറണാകുളം ജില്ലാ ജയിലിനോടനുബന്ധിച്ചുള്ള ബോസ്റ്റൽ സ്‌കൂൾ ക്വാറന്റൈൻ സെന്ററിൽ റിമാൻഡിൽ കഴിയുകയായിരുന്നു. അപസ്മാര ബാധയെത്തുടർന്നു ചൊവ്വാഴ്ച എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ബുധനാഴ്ച ഉച്ചയ്ക്ക് മരിച്ചു. എന്നാൽ ശരിരത്തിലെ മർദ്ദനത്തിന്റെ പാടുകൾ പൊലീസിനേയും ജയിൽ അധികൃതരേയും വെട്ടിലാക്കുന്നു.

' പൊലീസ് അവനെ തല്ലിക്കൊന്നതാണ്' ഷെഫീക്കിന്റെ പിതാവ് മുഹമ്മദ് ഇസ്മായിൽ പൊട്ടിക്കരഞ്ഞുകൊണ്ടു പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ വട്ടകപ്പാറയ്ക്കു സമീപത്തെ വീട്ടിൽ നിന്നാണു ഷെഫീക് മുഹമ്മദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കൊണ്ടുപോയ സമയത്തും അതിനു ശേഷവും ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അറിയിച്ചില്ലെന്ന് ഇസ്മായിൽ പറഞ്ഞു.കാഞ്ഞിരപ്പള്ളി പൊലീസിനോടു ചോദിച്ചെങ്കിലും കൃത്യമായ മറുപടി കിട്ടിയില്ല. ഏതു കേസിനാണെന്നു പോലും പറയാതെയാണു കൊണ്ടുപോയത്. ജയിലിൽ നിന്ന് ആശുപത്രിയിലേക്കു കൊണ്ടുവന്നതും വൈകിയാണ് അറിയിച്ചത്-അച്ഛൻ പറയുന്നു. ആർക്കും ഈ മരണത്തെ കുറിച്ച് ഒരു വ്യക്തമായ സൂചനകളുമില്ല.

തങ്ങൾ കാഞ്ഞിരപ്പള്ളിയിൽ നിന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്നതിനു മുൻപു തന്നെ ഷെഫീക് മരിച്ചെന്നു ബന്ധുക്കൾ പറഞ്ഞു. മരണം സംബന്ധിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. നെറുകയിൽ വലിയ മുറിവുണ്ട്. അടിവയറ്റിലും നടുവിന്റെ പിന്നിലും നീല നിറത്തിലുള്ള പാടുമുണ്ട്. നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരനായിരുന്നു അവൻ. സഹിക്കാൻ പറ്റുന്നതിലേറെ തല്ലിയതു കൊണ്ടാണു മരിച്ചത്. നിത്യരോഗിയാണ് അവന്റെ ഭാര്യ. ഇൻസ്റ്റാൾമെന്റ് വ്യാപാരം നടത്തിയായിരുന്നു ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്-ബന്ധുക്കൾ പറയുന്നു.

ഷെഫീക്കുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പൊലീസ് അറിയിച്ചില്ലെന്നു ഷെഫീക്കിന്റെ ഭാര്യ സെറീനയും പറയുന്നു. ഷെഫീക്ക് കോട്ടയം മെഡിക്കൽകോളജ് ആശുപത്രിയിൽ മരിച്ച വിവരം അറിയുന്നത് പാലക്കാട്ടുനിന്നു കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെയാണെന്നും സെറീന പറഞ്ഞു. ഷെഫീക്കും രണ്ടു കുട്ടികൾക്കുമൊപ്പം വാടകയ്ക്കാണു താമസിക്കുന്നത്. ഞാൻ ഹൃദ്രോഗത്തിനു ചികിത്സയിലാണ്. ഞായറാഴ്ച എരുമേലിയിലെ സ്വന്തം വീട്ടിലായിരുന്ന സമയത്താണു കാഞ്ഞിരപ്പള്ളി പൊലീസ് ഫോൺ ചെയ്തത്. ഷെഫീക്ക് വീട്ടിലുണ്ടോ എന്നു ചോദിച്ചു. മറ്റുകാര്യങ്ങളൊന്നും പറഞ്ഞില്ല. പിറ്റേന്നു രാവിലെ ആറു മണിയോടെ കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിലാണെന്നു ഷെഫീക്ക് ഫോണിൽ അറിയിച്ചു. ഇതറിഞ്ഞു സ്റ്റേഷനിൽ എത്തിയപ്പോഴേക്കും എറണാകുളം ഉദയംപേരൂരിൽ നിന്നു പൊലീസെത്തി അവിടെ നിന്നു കൂട്ടിക്കൊണ്ടുപോയെന്നും തട്ടിപ്പു കേസുണ്ടെന്നും അറിയാൻ കഴിഞ്ഞു.

കോടതി റിമാൻഡ് ചെയ്ത വിവരവും പൊലീസ് ഫോണിൽ അറിയിച്ചു. ഇന്നലെ രാവിലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണെന്ന വിവരം എറണാകുളം പൊലീസ് സ്റ്റേഷനിൽ നിന്നാണ് അറിയിച്ചത്. ഈ സമയം എന്റെ ഉപ്പയുടെ ഒരാവശ്യവുമായി ബന്ധപ്പെട്ടു പാലക്കാട്ടായിരുന്നു. മുട്ടക്കോഴി കച്ചവടവമായിരുന്നു ഭർത്താവിന്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ എനിക്കും വീട്ടുകാർക്കും അറിയില്ല. മകനെ പിടിച്ചുകൊണ്ടു പോയത് എന്തിനാണെന്ന് അറിയില്ലെന്നും പൊലീസ് കൊല്ലുകയായിരുന്നുവെന്നാണു മനസ്സിലാക്കാൻ കഴിഞ്ഞതെന്നു ഷെഫീക്കിന്റെ ഉമ്മ റഷീദ പ്രതികരിച്ചു.