സുള്ള്യ: മോഷണ മുതൽ വിഴുങ്ങിയ കള്ളനെ മലയാളികൾ അത്ര പെട്ടെന്ന് ഒന്നും മറന്നുകാണാൻ വഴിയില്ല. 'തൊണ്ടി മുതലും ദൃക്സാക്ഷിയും' എന്ന മലയാള സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവമാണ് കാസർകോടിന്റെ അതിർത്തിപ്രദേശമായ കർണാടകയിലെ സുള്ള്യയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത് .

ഇവിടെ ജൂവലറി മോഷണ കേസിലെ പ്രതിയായ തൃശൂർ മുകുന്താപുരം താലൂക്കിലെ ആമ്പല്ലൂർ സ്വദേശി ഷിബു (48) വിനെ സുള്ള്യ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. പക്ഷെ മോഷ്ടിച്ച് സ്വർണ്ണ മാത്രം കണ്ടെത്താൻ സാധിച്ചിരുന്നില്ല. താൻ മോഷ്ടിച്ചിട്ടില്ലെന്നും അന്യായമായി തന്നെ തടവിൽ വച്ചിരിക്കുകയാണെന്ന നിലപാടിലായിരുന്നു പ്രതി. ഇതിനിടയിലാണ് ഷിബുവിനെ കടുത്ത വയറുവേദന ഉടലെടുത്തത്.

അല്പം പൊലീസ് മുറ പുറത്തെടുത്തിരുനാതിനാൽ ചെറിയൊരു പരിഭ്രമം പൊലീസുകാർക്ക് ഉണ്ടായിരുന്നു. ഉടനെ ആശുപത്രിയിലേക്ക് പ്രതിയെ മാറ്റി. ഡോക്ടറുടെ നിർദ്ദേശപ്രകാരം എക്‌സറേ എടുത്തപ്പോഴാണ് പൊലീസുകാർ ശരിക്കും ഞെട്ടിയത്. എക്‌സ്‌റേയിൽ വയറ്റിൽനിന്നു കണ്ടെത്തിയത് 35 ഗ്രാം സ്വർണ്ണമാണ്. നിരവധി മോതിരങ്ങളും കാത്തിൽ അണിയുന്ന ആഭരണങ്ങളുമാണ് വയറ്റിൽ ഉണ്ടായിരുന്നത്.

സുള്ള്യ, പുത്തൂർ എന്നിവിടങ്ങളിൽ നടന്ന മോഷണ കേസുമായി പ്രതിക്ക് ബന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇയാൾക്കൊപ്പം കണ്ണൂർ തളിപ്പറമ്പ് താലൂക്കിലെ ആലക്കോട് പാതമ്പാറ സ്വദേശി തങ്കച്ചൻ (50) എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത ഇയാളെ റിമാൻഡ് ചെയ്തു.

ഇതിനിടയിൽ സ്വർണം വിഴുങ്ങാൻ പ്രചോദനമായ തൊണ്ടിമുതൽ ദൃക്‌സാക്ഷിയും സിനിമ യൂട്യൂബിൽ കാണുന്ന തിരക്കിലും ആയിരുന്നു മറ്റു പൊലീസുകാർ.