കോഴിക്കോട് : കോവിഡിന് പിന്നാലെ കോഴിക്കോട് ഷിഗെല്ല ഭീതിയിൽ. കോഴിക്കോട് നാലുപേർക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുണ്ടിക്കൽത്താഴെ, ചെലവൂർ മേഖലയിൽ 25 പേർക്ക് രോഗലക്ഷണം കണ്ടതായി റിപ്പോർട്ടുണ്ട്. ഇതേത്തുടർന്ന് പ്രതിരോധപ്രവർത്തനം ശക്തമാക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. മലിനമായ ജലം, ഭക്ഷണം എന്നിവയിലൂടെയാണ് ഷിഗെല്ല രോഗം പടരുന്നത്. രോഗബാധിതരുമായുള്ള സമ്പർക്കം വഴിയും രോഗം പകരാം.കടുത്ത പനി, വയറുവേദന, മനംപുരട്ടൽ, ഛർദ്ദിൽ, വയറിളക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. രോഗബാധിതരുമായി സമ്പർക്കത്തിലായാൽ ഒന്നു മുതൽ ഏഴു ദിവസത്തിനകം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

എന്താണ് ഷിഗല്ല വയറിളക്കം?

സാധാരണയിലും അയഞ്ഞ് ദ്രാവകരൂപത്തിൽ മലവിസർജനം ഉണ്ടാവുകയാണെങ്കിൽ അതിനെ വയറിളക്കം എന്ന് പറയാം. വൈറസുകൾ, ബാക്ടീരിയകൾ, പരാദജീവികൾ തുടങ്ങിയ ജൈവാണുക്കൾ കുടിവെള്ളത്തിലൂടെയോ ആഹാരത്തിലൂടെയോ ശരീരത്തിനകത്ത് എത്തുന്നതിലൂടെയാണ് വയറിളക്കം ഉണ്ടാവുന്നത്. അത്തരത്തിലുള്ള വയറിളക്കത്തിന്റെ ഒരു കാരണമാണ് ഷിഗല്ല ബാക്ടീരിയ.

വയറിളക്കം മൂലം ശരീരത്തിൽ നിന്ന് ജീവൻ നിലനിൽക്കുന്നതിന് ആവശ്യമായ ജലവും ലവണങ്ങളും പോഷണങ്ങളും നഷ്ടപ്പെടുന്നു. ജലാംശനഷ്ടവും ലവണനഷ്ടവുമാണ് പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നത്. തുടർച്ചയായ വയറിളക്കം മൂലം രോഗികളുടെ ശരീരത്തിൽ നിന്ന് ധാരാളം ജലാംശം നഷ്ടപ്പെടുന്ന അവസ്ഥയെയാണ് നിർജലീകരണം എന്ന് പറയുന്നത്. ജലാംശത്തോടൊപ്പം സോഡിയം പൊട്ടാസിയം, ബൈകാർബണൈറ്റ് തുടങ്ങിയ ലവണഘടകങ്ങളും നഷ്ടപ്പെടുന്നു. ഷിഗല്ല ബാക്ടീരിയ ഉൽപ്പാദിപ്പിക്കുന്ന ഷിഗ ട്ടോക്സിൻ കുടലിനേയും മറ്റവയവങ്ങളേയും ബാധിക്കുകയും അത് മരണകാരമാവുകയും ചെയ്യുന്നു.

നിർജലീകരണത്തിന്റെ ലക്ഷണങ്ങൾ

കുഴിഞ്ഞുവരണ്ട കണ്ണുകൾ, ഒരു വയസിനു താഴെയുള്ള കുഞ്ഞുങ്ങളിൽ താഴ്ന്ന ഉച്ചി, ഉണങ്ങിവരണ്ട ചുണ്ടും നാവും തൊലി വലിച്ചു വിട്ടാൽ സാവധാനം മാത്രം പൂർവസ്ഥിതിയിലാകൽ, അധിക ദാഹം, അളവിൽ കുറഞ്ഞ് കടുത്ത നിറത്തോടുകൂടിയ മൂത്രം, ക്ഷീണം, അസ്വസ്ഥത, മയക്കം തുടങ്ങിയവയാണ് നിർജലീകരണത്തിന്റെ ലക്ഷണങ്ങൾ.

പാനീയ ചികിത്സ

എതു വയറിളക്കവും അപകടകാരിയായി മാറാം എന്നതുകൊണ്ട് വയറിളക്കത്തിന്റെ ആരംഭത്തിൽ തന്നെ പാനീയ ചികിത്സ തുടങ്ങേണ്ടത് അത്യാന്താപേഷിതമാണ്. ശരീരത്തിൽ നിന്ന് 10 ശതമാനത്തിൽ കൂടുതൽ ജലാംശം നഷ്ടം സംഭവിക്കുമ്പോഴേ പലപ്പോഴും നിർജലീകരണ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാറുള്ളൂ.

പലപ്പോഴും തൊണ്ണൂറ് ശതമാനം വയറിളക്ക രോഗങ്ങളും വീട്ടിൽ വെച്ചുള്ള പാനീയ ചികിത്സ കൊണ്ട് ചികിത്സിക്കാവുന്നതും അതു വഴി കൂടുതൽ നിർജലീകരണ അവസ്ഥയിലേക്കും അതിലൂടെയുള്ള മരണത്തിലേക്കും നീങ്ങുന്നത് തടയുന്നതിനും കഴിയുന്നതാണ്. ചെറിയൊരു ശതമാനത്തിന് മാത്രമേ വിദഗ്ദ ചികിത്സയോ ആശുപത്രിയിൽ നിന്നുള്ള ചികിത്സയോ ആവശ്യമായി വരികയുള്ളൂ. അതുകൊണ്ട് ഒ ആർ എസ് മിശ്രിതമോ അത് ലഭ്യമല്ലെങ്കിൽ വീട്ടിൽ തയ്യാറാക്കുന്ന താഴെ പറയുന്ന ഗൃഹപാനിയങ്ങളോ വയറിളക്കത്തിന്റെ ആരംഭം മുതൽ തന്നെ കൊടുക്കേണ്ടതാണ്.

ഗൃഹപാനീയങ്ങൾ

ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങവെള്ളം, ഉപ്പിട്ട മോരിൻ വെള്ളം തുടങ്ങിയവയെല്ലാം കൊടുക്കാവുന്നതാണ്. ഇതിൽ നമ്മുടെ സാഹചര്യത്തിൽ ഉപ്പിട്ട കഞ്ഞിവെള്ളത്തെ ഒീാല ഞലരീാാലിറലറ എഹൗശറ എന്ന രീതിയിൽ ഉൾപ്പെടുത്തിരിയിരിക്കുകയാണ്. കാലാകാലങ്ങളായി ഉപയോഗിച്ചുവരുന്നതും ശാസ്ത്രീയമായി ഫലസിദ്ധി തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്. ഉപ്പിട്ട കഞ്ഞിവെള്ളത്തിന്റെ പങ്ക്, ഉപ്പ് സോഡിയത്തിന്റെ നഷ്ടം പരിഹരിക്കുന്നു. കരിക്കിൻ വെള്ളം, ചെറുനാരങ്ങ, ഏത്തപ്പഴം തുടങ്ങിയവയിൽ കൂടുതൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.

നിർജലീകരണ ലക്ഷണങ്ങൾ ഇല്ലാതെ ഒരാൾ ഓരോ പ്രാവശ്യവും വയറിളകി കഴിയുമ്പോൾ കൊടുക്കേണ്ട പാനീയത്തിന്റെ അളവ് ചുവടെ ചേർക്കുന്നു.

ആറു മാസത്തിൽ താഴെയുള്ള കുഞ്ഞിന് (കാൽ ഗ്ലാസ് 5ാഹ

ആറു മാസം മുതൽ 2 വയസു വരെ (കാൽ ഗ്ലാസ് മുതൽ അര ഗ്ലാസ് വരെ)

2 വയസു മുതൽ 5 വയസു വരെ ( അര ഗ്ലാസ് മുതൽ ഒരു ഗ്ലാസ് വരെ)

വലിയ കുട്ടികളും മുതിർന്നവർക്കും (ഒരു ഗ്ലാസിന് മുകളിൽ)

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. കുഞ്ഞിന് ഛർദ്ദിയുണ്ടെങ്കിൽ പാനീയം കൊടുക്കുന്നത് നിർത്തിവെച്ച് പത്തുമിനിറ്റ് കഴിഞ്ഞ് കൊടുക്കണം.

2. ചെറിയ കുട്ടികളെ പ്രത്യേകിച്ചും മടിയിൽ ഇരുത്തിയാണ് പാനീയം കൊടുക്കേണ്ടത്.

3. മുലപ്പാൽ കുടിക്കുന്ന കുട്ടികൾക്ക് അത് തുടർന്നു കൊടുത്തു കൊണ്ടിരിക്കണം.

4. വയറിളക്കമുള്ളപ്പോൾ പാനീയ ചികിത്സയോടൊപ്പം ആഹാരം തുടർന്നും നൽകണം.

വയറിളക്ക സമയത്ത് ജലാംശ ലവണനഷ്ടത്തോടൊപ്പം പോഷണവും നഷ്ടപ്പെടുന്ന കാര്യം നാം മുമ്പ് പറഞ്ഞതാണല്ലോ. പോഷണകുറവ് മൂലം കുഞ്ഞിന്റെ തൂക്കവും ആരോഗ്യവും കുറയുന്നതിന് ഇടയാക്കും. രോഗപ്രതിരോധശക്തി കുറയാനും അതുവഴി വയറിളക്കവും മറ്റ് രോഗങ്ങളും പിടിക്കാനുള്ള സാധ്യത കൂടുന്നു.

ദഹിക്കാനെളുപ്പമുള്ള ആഹാരം, ആവശ്യത്തിന് 5-7 പ്രാവശ്യം കുട്ടിക്ക് നൽകേണ്ടതാണ്. നന്നായി വേവിച്ച ചോറ്, കഞ്ഞി, ഇഡ്ലി, ദോശ്, റോട്ടി, ബണ്ണ് എന്നീ ആഹാരങ്ങൾക്കു പുറമേ പൊട്ടാസ്യം അടങ്ങിയിട്ടുള്ള ഏത്തപ്പഴം, കൈതച്ചക്ക തുടങ്ങിയവയും നൽകാവുന്നതാണ്.

ഒ ആർ എസ് ലായനി തയ്യാറാക്കുന്ന രീതിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

1. കൈകൾ വൃത്തിയായി കഴുകുക

2. ശുചിയായ ഒരു പാത്രത്തിൽ ഒരു ലിറ്റർ ശുദ്ധജല എടുക്കുക.

3. ഒ ആർ എസ് പായ്ക്കറ്റിന്റെ അരികുവശം മുറിച്ച് മുഴുവനായും വെള്ളത്തിൽ ഇടുക.

4. പൊടി മുഴുവൻ ലയിച്ചുചേരുന്നതുവരെ വൃത്തിയുള്ള സ്പൂൺ കൊണ്ട് ഇളക്കുക.

5. അല്പാല്പമായിട്ട് 50 മുതൽ 100 മില്ലി വരെ ലായനി കുഞ്ഞിനെ മടിയിൽ ഇരുത്തി തല ഉയർത്തിപിടിച്ച് ഇടവിട്ട് നൽകുക. ചെറിയ കുട്ടികൾക്ക് സ്പൂണിൽ കൊടുക്കുക.

6. ഛർദ്ദിയുണ്ടെങ്കിൽ 5-10 മിനിട്ട് കഴിഞ്ഞ് വീണ്ടും ലായനി അല്പാല്പമായി നൽകുക.

7. നാലു മണിക്കൂറിനുശേഷം നിർജ്ജലീകരണം പരിഹരിക്കപ്പെട്ടില്ലെങ്കിൽ ഇതേ അളവിൽ തന്നെ വീണ്ടും കൊടുക്കേണ്ടതാണ്.

8. ഒരിക്കൽ തയ്യാറാക്കിയ ലായനി 24 മണിക്കൂറിനുള്ളിൽ ഉപയോഗിക്കണം. ലായനി എപ്പോഴും മൂടിവെക്കണം.

9. ഒ ആർ എസ് ലായനി കൊടുക്കുന്നതൊടൊപ്പം മറ്റ് പാനീയങ്ങളും മുലപ്പാലും കൊടുക്കേണ്ടതാണ്.

എപ്പോഴാണ് ഡോക്ടറെ സമീപിക്കേണ്ടത്?

അമിതമായ വയറിളക്കം, കുട്ടിക്ക് വളരെ കൂടുതലായ ദാഹം, നിർജലീകരണലക്ഷണങ്ങൾ കാണുക, പാനീയം കുടിക്കാൻ പോലും കഴിയാത്ത അവസ്ഥ, മയക്കം, കഴിഞ്ഞ ആറു മണിക്കൂറിൽ മൂത്രം ഒഴിക്കാതിരിക്കുക, കുഴിഞ്ഞുതാണ കണ്ണുകൾ, വളരെ വരണ്ട വായും നാക്കും, താഴ്ന്ന ഉച്ചി തുടങ്ങിയ ലക്ഷണങ്ങൾ കാണപ്പെടുന്നുണ്ടെങ്കിൽ കുഞ്ഞിനെ അതിവേഗം ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടതാണ്. അതുപോലെ വയറിളക്കത്തോടൊപ്പം രക്തം പോകുന്നുണ്ടെങ്കിലും പനിയോ മറ്റ് അസ്വസ്ഥകളോ ഉണ്ടെങ്കിലും ഡോക്ടറെ കാണിക്കേണ്ടതാണ്. രോഗിക്ക് കുടിക്കാൻ കഴിയുമെങ്കിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും ഒ ആർ എസ് ലായനി കൊടുത്തുകൊണ്ടിരിക്കണം.