കൊച്ചി: നമുക്ക് ആവശ്യത്തിന് ഉള്ളത് ഇവിടെ ഉണ്ട്. അത്യാഗ്രഹത്തിന് ഇവിടെ ഇല്ല.....-ഗാന്ധിജി പകർന്ന സന്ദേശമാണ് ഇത്. ഇതാണ് ഷിനോദിനും ബിന്ദുവിനും പ്രചോദനം. ഇന്ന് മലയാളി മാതൃഭൂമിയിലൂടെ വായിച്ചത് ഈ കുടുംബത്തിന്റെ സമാനതകളില്ലാത്ത സേവന പ്രവർത്തനമാണ്. ഈ ചെറിയജീവിതത്തിന് ഇത്രമാത്രം മതി. ബാക്കിയുള്ളതെല്ലാം മറ്റുള്ളവരുടെ അവകാശമാണ്. ഏറ്റവും അർഹരായവരെ കണ്ടെത്തി അവർക്ക് പകുത്തുനൽകുകമാത്രമാണ് ഞങ്ങൾചെയ്യുന്നത് -ഷിനോദും ബിന്ദുവും ജീവിക്കുന്നത് ഈ വഴിയിലാണ്.

ലോകമലേശ്വരം തിരുവള്ളൂർ 'ഗീതാഞ്ജലി'യിൽ ഷിനോദും ഭാര്യ ബിന്ദുവും ശമ്പളത്തിൽനിന്നും പെൻഷനിൽനിന്നും കുറച്ച് തുക മാത്രമെടുത്ത് ബാക്കി പാവപ്പെട്ടവർക്ക് പങ്കുവെച്ച് നൽകുകയാണ്. ഇരുപതാണ്ടിലേറെയായി തുടരുന്ന ശീലം. എൽ.ഐ.സി.യിൽ അസി. അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു ഷിനോദ്. സ്വയംവിരമിച്ച ഷിനോദും ഭാരതീയവിദ്യാഭവനിൽ അദ്ധ്യാപികയായ ബിന്ദുവും വരുമാനത്തിൽനിന്ന് എല്ലാമാസവും പെൻഷൻപോലെ നൽകാൻ 69,000 രൂപ ഉപയോഗിച്ചിരുന്നു.

ഗാന്ധിജിയുടെ സന്ദേശമാണ് ഈ കുടുബത്തിന്റെ കരുതൽ. സാധാരണ ചുറ്റുപാടുകളിലായിരുന്നു ഷിനോദിന്റെ ജീവിതം. പത്താം വയസ്സിൽ പത്രമിട്ട് ജീവിത പ്രതിസന്ധികളോട് പോരാട്ടം തുടങ്ങി. പതിനാറാം വയസ്സിൽ അച്ഛൻ മരിച്ചപ്പോൾ കുടുംബത്തിന്റെ ചുമതല സ്വന്തം തോളിലുമേറ്റി. പക്ഷേ പഠിക്കുന്നതിന് മാത്രം ഷിനോദ് വിട്ടുവീഴ്ച ചെയ്തില്ല. ജീവിത പ്രശ്‌നങ്ങളോട് പൊരുതുമ്പോഴും നന്നായി പഠിച്ചു. പരീക്ഷകളെഴുതി ജോലി നേടി. ആദ്യം പൊലീസിലായിരുന്നു. പിന്നീട് ടീച്ചറായി. ഒടുവിൽ എൽഐസിയിലുമെത്തി.

മാതൃഭൂമിയിലെ വാർത്ത കണ്ടാണ് മറുനാടൻ ഷിനോദിനെ വിളിച്ചത്. വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം സഹായം വിതരണം ചെയ്യുന്ന ഫോട്ടോയും ചോദിച്ചു. എന്നാൽ അങ്ങനൊരു ഫോട്ടോ എടുത്തു സൂക്ഷിച്ചില്ലെന്നായിരുന്നു അവരുടെ മറുപടി. പരസ്യത്തിന് വേണ്ടി ചെയ്യുന്നതല്ല ഇതൊന്നും. മനഃശാന്തിക്കും സമൂഹ നന്മയ്ക്കും വേണ്ടിയാണ്. മാതൃഭൂമിയിൽ നിന്ന് വന്നയാൾ ചോദിച്ചപ്പോൾ കാര്യങ്ങൾ പറഞ്ഞുവെന്ന് മാത്രം-ഇതായിരുന്നു ഷിനോദിന്റെ മറുപടി. ചെറിയ സഹായങ്ങൾ നൽകി ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുന്ന ശതകോടീശ്വരന്മാരുടെ ലോകത്താണ് ഈ വ്യത്യസ്ത സ്വരവും.

കൊടുങ്ങല്ലൂരിന് അടുത്താണ് താമസം. അതുകൊണ്ട് തന്നെ ഈ മേഖലയിലാണ് ഷിനോദും ഭാര്യയും കൂടുതലായി സാമുഹിക പ്രവർത്തനം നടത്തുന്നത്. മൂത്ത് മകന് ജോലിയുണ്ട്. ഇളയവൻ എഞ്ചിനിയറിംഗിന് പഠിക്കുന്നു. മകന്റെ പഠിത്ത ചെലവിനും വീട്ടുകാര്യങ്ങൾ വേണ്ട തുകയൊഴിച്ച് തങ്ങൾക്ക് കിട്ടുന്ന അധിക തുക എത്രയാലും അശരണർക്ക് കൊടുക്കാനാണ് ഈ കുടുംബത്തിന്റെ തീരുമാനം. വിവാദങ്ങളിലൂടെ സഞ്ചരിച്ച് വാർത്തകളുണ്ടാക്കുന്നവരുടെ നാട്ടിൽ തീർത്തും വ്യത്യസ്തമാവുകായണ് ഷിനോദും ഭാര്യയും.

ജോലി കിട്ടിയ അന്നു മുതൽ സാമൂഹിക സേവനത്തെ കുറിച്ച് കാര്യമായി ചിന്തിച്ചിരുന്നു ഷിനോദ്. കുട്ടിക്കാലത്തെ ബുദ്ധിമുട്ടുകൾ അറിഞ്ഞായിരുന്നു ഇടപെടൽ. ശമ്പളത്തിലെ ഒരു ഭാഗം പാവങ്ങൾക്ക് നൽകി. വിവാഹം കഴിഞ്ഞതോടെ ഈ പ്രവർത്തി പുതിയ തലത്തിലെത്തി. ഭാര്യയ്ക്കും തനിക്കുമായി കിട്ടുന്ന ശമ്പളം അധികമാണെന്ന് ഷിനോദ് തിരിച്ചറിഞ്ഞു. ഓരോ മാസവും കിട്ടുന്നതെടുത്തിട്ട് ബാക്കിയുള്ളത് സാധാരണക്കാർക്ക് നൽകാൻ തീരുമാനിച്ചു. 2008 വരെ കഴിയുന്നത്ര നൽകി. അതിന് ശേഷം കൂടുതൽ ഇടപെടൽ.

ഇടയ്ക്കിടയ്ക്ക് ശമ്പളം കൂടും. ശമ്പള കമ്മീഷൻ റിപ്പോർട്ടുകൾ വരും. അങ്ങനെ 2008ൽ കുറച്ചധികമായി വരുമാനം വന്നു. ഇതോടെയാണ് സാമൂഹിക ഇടപെടലിന് പുതിയ മാനം വന്നത്. മാനദണ്ഡങ്ങളുണ്ടാക്കി ചുറ്റുമുള്ളവരെ സഹായിക്കാൻ തീരുമാനിച്ചു. അങ്ങനെ പെൻഷൻ നൽകാനുള്ള തീരുമാനമുണ്ടായി. ആവുന്നത് സമൂഹത്തിനായി ചെയ്യുകയെന്നതാണ് ഈ കുടുംബത്തിന്റെ 2008ലെ തീരുമാനം. തുടക്കത്തിൽ പണം സ്വീകരിച്ചവരുടെ സാമ്പത്തികനില മെച്ചപ്പെട്ടപ്പോൾ പെൻഷൻകാരുടെ എണ്ണം കുറഞ്ഞു. അതനുസരിച്ച് സഹായധനത്തിൽ ചെറിയ വർധന വരുത്തി.

2008-ൽ ശമ്പളക്കുടിശ്ശികയായി മൂന്നുലക്ഷത്തോളം രൂപ ലഭിച്ചപ്പോൾ അതുമുഴുവൻ വീതിച്ചു നൽകുകയായിരുന്നു. വ്യക്തമായ മാനദണ്ഡങ്ങളുണ്ടാക്കി ആശാവർക്കർമാരുടെ സഹായത്തോടെയാണ് അർഹരെ കണ്ടെത്തിയത്. മദ്യപിക്കുന്നവരുടെ കുടുംബത്തിന് നൽകില്ലെന്നത് ഇതിലൊന്നുമാത്രം. 300 മുതൽ 2000 വരെ രൂപ തരംതിരിച്ചാണ് 'പെൻഷൻ' വിതരണത്തിന് തുടക്കമിട്ടത്. മദ്യപിച്ചവർക്കൊപ്പം ജോലി ചെയ്യാൻ ആരോഗ്യ ശേഷിയുള്ള പുരുഷൻ കുടുംബത്തിലുണ്ടെങ്കിലും സഹായം നൽകില്ല.

വീട്ടിൽ നാലു ചക്രവാഹനമുള്ളവർക്കും ഷിനോദിന്റേയും ഭാര്യയുടേയും പെൻഷൻ കിട്ടില്ല. തുടക്കത്തിൽ ടിവിയുള്ള വീട്ടുകാരേയും പരിഗണിച്ചിരുന്നില്ല. എന്നാൽ ദുരിത ജീവിതുമായി ബെഡിൽ കഴിയുന്നവരുടെ ആശ്വാസമാണ് ടിവി. ഇത് മനസ്സിലാക്കി ടിവിയെ ഒഴിവാക്കി. എല്ലാമാസവും ആദ്യ ശനിയാഴ്ച രാവിലെ 8.30 മുതൽ വിവിധ കേന്ദ്രങ്ങളിലെത്തിയാണ് വിതരണം. ഇവരുടെ വീട് അക്ഷയകേന്ദ്രത്തിനുതുല്യമായ സൗജന്യ സേവനകേന്ദ്രം കൂടിയാണ്.

രാവിലെമുതൽ ധാരാളംപേർ സഹായം തേടിയെത്തും. മൂത്തമകൻ ഹരികൃഷ്ണ ബെംഗളൂരുവിൽ നെറ്റ്‌വർക്ക് കമ്പനിയിൽ എൻജിനിയറാണ്. ഇളയമകൻ മനുകൃഷ്ണ തിരുവനന്തപുരം എൻജിനിയറിങ് കോളേജ് വിദ്യാർത്ഥിയും.