പേരാവൂർ: കാമുകിയെ കൊലപ്പെടുത്തിയതിന്റെ പത്താം നാൾ മറ്റൊരു യുവതിയെ വിവാഹം ചെയ്ത യുവാവ് വിവാഹപ്പിറ്റേന്ന് അറസ്റ്റിലായതിന് പിന്നിൽ പൊലീസിന്റെ അന്വേഷണ മികവ്. കോളയാട് പെരുവയിലെ പാലുമി വിപിൻ (24) ആണ് അറസ്റ്റിലായത്. കൊട്ടിയൂർ മന്ദംചേരി ആദിവാസി കോളനിയിലെ ശോഭ(34) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്.

കഴിഞ്ഞ 28ന് ആണ് പുരളിമലയിൽ ശോഭയുടെ മൃതദേഹം കശുമാവിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വിവാഹിതയായിരുന്ന ശോഭ ഏറെക്കാലമായി ഭർത്താവുമായി വേർപിരിഞ്ഞു കഴിയുകയായിരുന്നു. സമൂഹമാധ്യമത്തിലൂടെയാണ് വിപിനും ശോഭയും പരിചയപ്പെട്ടത്. ശോഭയുമായി പ്രണയത്തിലാകും മുൻപ് കേളകം വെള്ളൂന്നി സ്വദേശിയായ പെൺകുട്ടിയുമായി വിപിൻ അടുപ്പത്തിലായിരുന്നു.

24ന് ശോഭയെ കൊലപ്പെടുത്തിയ ശേഷം 2ന് ആണ് വിപിൻ ആദ്യ കാമുകിയെ വിവാഹം ചെയ്തത്. 24ന് വീട്ടിൽ നിന്ന് ശോഭയെയും കൂട്ടി വിവിധ സ്ഥലങ്ങളിൽ കറങ്ങിയ ശേഷം പുരളിമലയിലെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ചു കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

കാൽ നിലത്തിഴയുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അതിനാൽത്തന്നെ കൊലപാതകമാണെന്ന് പൊലീസിന് ആദ്യമേ സംശയമുണ്ടായിരുന്നു. വിപിൻ യുവതിയെ കൊലപ്പെടുത്തിയത് ആദ്യ കാമുകിയെ സ്വന്തമാക്കാനായിരുന്നു. ഇതിന് വേണ്ടി പണമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഇതിന് വേണ്ടിയാണ് സ്വർണംതട്ടിയെടുത്തത്. ശോഭയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലായിരുന്നു. ഓഗസ്റ്റ് 24 മുതലാണ് ഇവരെ കാണാതായത്.

26-ന് യുവതിയുടെ മകൻ കേളകം പൊലീസിൽ പരാതി നൽകിയിരുന്നു. കാണാതായ ദിവസം മുതൽ യുവതിയുടെ ഫോൺ സ്വിച്ച് ഓഫായിരുന്നെന്ന് പരാതിയിൽ പറഞ്ഞിരുന്നു. 28-നാണ് ഇവരുടെ മൃതദേഹം കൈതച്ചാലിലെ ഒഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. എന്നാൽ, മൃതദേഹപരിശോധനയിൽ അസ്വാഭാവികതയൊന്നും കണ്ടെത്താനായില്ല. പിന്നീട് ഇവരുടെ കോൾലിസ്റ്റ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതിയായ വിപിൻ ഇവരുമായി സംഭവദിവസവും മുൻപ് പലതവണയും ഫോൺ വിളിച്ചതായി കണ്ടെത്തി.

ഇയാളെ വ്യാഴാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. യുവതിയുടെ മൊബൈൽ ഫോൺ പ്രതിയുടെ പെരുവയിലെ വീട്ടിൽനിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശോഭയുടെ ആഭരണങ്ങളിൽ മാല സംഭവസ്ഥലത്ത് കുഴിച്ചിട്ടനിലയിലും കണ്ടെത്തി. കമ്മൽ കോളയാട്ടെ സ്വകാര്യ സ്ഥാപനത്തിൽ പണയംവെച്ചിരുന്നു. ഇത് ഇവിടെനിന്നും കണ്ടെടുത്തു. ബാഗും കുടയും പ്രതി വീട്ടിലേക്ക് പോകുംവഴി ഇടുമ്പ പുഴയിൽ വലിച്ചെറിഞ്ഞിരുന്നു.

കൊല്ലപ്പെട്ട യുവതിയും പ്രതിയും ഫേസ്‌ബുക്ക് വഴി മൂന്നുമാസം മുൻപാണ് ബന്ധം തുടങ്ങുന്നത്. പ്രതി പിന്നീട് മറ്റൊരാളെ കല്യാണം കഴിക്കാൻ തീരുമാനിച്ചു. ശോഭ ഇതറിഞ്ഞതിനെത്തുടർന്ന് ഇവർ തമ്മിൽ പലതവണ വാക്കുതർക്കമുണ്ടായി. സംഭവദിവസം വിപിൻ രാവിലെ 9.30-ന് പേരാവൂരിൽനിന്ന് ശോഭയെ ബൈക്കിൽ കയറ്റി വിപിന്റെ അമ്മമ്മയുടെ കൈതച്ചാലിലെ ആളില്ലാത്ത വീടിന് സമീപത്തെ പറമ്പിൽ കൊണ്ടുപോയി. ശോഭ അവിടെനിന്നും മടങ്ങിപ്പോകാൻ വിസമ്മതിച്ചതിനാൽ വഴക്കാവുകയും ചെയ്തു. തുടർന്ന് ശോഭ മരിക്കാൻ തയ്യാറാകുകയും വിപിൻ ശോഭയുടെ ഷാൾ സമീപത്തെ മരക്കൊമ്പിൽ കെട്ടിക്കൊടുത്ത് മരിക്കാൻ പ്രേരിപ്പിക്കുകയും ശേഷം വലിച്ചുമുറുക്കി കൊലചെയ്യുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

24-ന് പേരാവൂർ ഗവ. ആശുപത്രിയിൽ പോകുന്നു എന്നു പറഞ്ഞാണ് ശോഭ വീട്ടിൽ നിന്നിറങ്ങിയത്. വിവിധ ആദിവാസി സംഘടനകൾ, രാഷ്ട്രീയപ്പാർട്ടികളുടെയും നേതൃത്വത്തിൽ സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മോധാവിക്കും പരാതി നൽകിയിരുന്നു. കേളകം പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.