വാഷിങ്ടൺ: മിഷിഗണിൽ ഹൈസ്‌കൂളിൽ 15 വയസ്സുള്ള വിദ്യാർത്ഥി വെടിയുതിർത്തതിനെ തുടർന്ന് മൂന്ന് കുട്ടികൾ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ചയാണ് സംഭവം. സംഭവത്തിന് ശേഷം അക്രമി പൊലീസിൽ കീഴടങ്ങി.

സ്‌കൂളിൽ ക്ലാസുകൾ നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ ഒരു അദ്ധ്യാപകൻ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. 16 വയസുള്ള ആൺകുട്ടിയും 14ഉം 17ഉം വയസുള്ള പെൺകുട്ടികളുമാണ് മരിച്ചത്. വെടിയുതിർത്ത പതിനഞ്ചുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളിൽ നിന്ന് ഒരു സെമി-ഓട്ടോമാറ്റിക് കൈത്തോക്ക് പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. ആക്രമണത്തിന് പ്രേരിപ്പിച്ചതെന്താണെന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

1,800-ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം നൂറിലധികം എമർജൻസി കോളുകൾ പൊലീസിന് ലഭിച്ചതായും അഞ്ച് മിനിറ്റിനുള്ളിൽ 15-20 തവണ അക്രമി വെടിയുതിർത്തതായും പൊലീസ് പറഞ്ഞു. ആദ്യ എമർജൻസി കോൾ ലഭിച്ച് അഞ്ച് മിനിറ്റിനുള്ളിൽ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തെന്നും അദ്ദേഹം പറഞ്ഞു.

അക്രമിയുടെ മാതാപിതാക്കളുമായി പൊലീസ് ബന്ധപ്പെട്ടിരുന്നതായും അവരുടെ വീട്ടിൽ പരിശോധന നടത്തിയതായും മക്കേബ് പറഞ്ഞു. ഇരകളെ പ്രത്യേകമായി ലക്ഷ്യംവെച്ച് വെടിയുതിർത്തതാണോ അതോ ക്രമരഹിതമായി വെടിവച്ചതാണോ എന്നത് കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകുള്ളൂ.

2021-ൽ മാത്രം അമേരിക്കയിലുടനീളമുള്ള സ്‌കൂളുകളിൽ 138 വെടിവെപ്പുകൾ നടന്നതായാണ് പൊലീസിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. 26 പേരാണ് വിവിധ സംഭവങ്ങളിൽ കൊല്ലപ്പെട്ടത്. രാജ്യത്ത് തോക്കുകളുടെ ഉപയോഗം നിയന്ത്രിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. രാജ്യത്തുടനീളം സാധാരണക്കാരുടെ ഉടമസ്ഥതയിൽ 400 ദശലക്ഷം തോക്കുകൾ ഉണ്ടെന്നാണ് കണക്ക്.