കോതമംഗലം: മൂന്നുലക്ഷം രൂപ കവരാൻ ലക്ഷ്യമിട്ട് ഹണിട്രാപ്പ്. യുവതിയടക്കം 5 പേർ അറസ്റ്റിൽ. 4 പേരെ തിരയുന്നു. പ്രതികളിൽ ഒരാൾക്ക് കോവിഡ്. എസ് ഐ അടക്കം രണ്ട് പൊലീസുകാർ ക്വാറന്റയിനിൽ. കോതമംഗലം ഇഞ്ചത്തൊട്ടി സ്വദേശിയും നെല്ലിക്കുഴി ഇരുമലപ്പടിയിൽ വാടകയ്ക്ക് താമസക്കാരിയുമായ മൈലാംകോട്ടിൽ ആര്യ(25),കുറ്റിലഞ്ഞി കപ്പക്കാട്ട് അശ്വിൻ (25) നെല്ലിക്കുഴി സ്വദേശികളായ കാപ്പുചാൽ മുഹമ്മത് യാസിൻ (22), പറമ്പിൽ റിസ്വാൻ (21 ) കാഞ്ഞിരകുഴി ആസിഫ് (19) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് കോതമംഗലം പൊലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.ഇവരിൽ മുഹമ്മദ് യാസീനാണ് ആന്റിജൻ ടെസ്റ്റിൽ പോസിറ്റീവ് ആയിട്ടുള്ളത്. ഇയാളെ പിടികൂടിയ എസ് ഐയോടും പൊലീസുകാരനോടും ക്വാറന്റയിലിരിക്കാൻ നിർദ്ദേശിച്ചതായി സി ഐ അറിയിച്ചു.

മുഹമ്മദ് യാസീനാണ് ഈ സംഭവത്തിന്റെ സൂത്രധാരനെന്നും ഇയാളും ആര്യയുമായി അടുത്തബന്ധമുണ്ടായിരുന്നെന്നുമാണ് പൊലീസ് വെളിപ്പെടുത്തിയിട്ടുള്ളത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ...

മൂവാറ്റുപുഴയിൽ ഫോട്ടോസ്റ്റാറ്റ് കേന്ദ്രം നടത്തിവരുന്ന 56 -കാരനാണ് സംഘത്തിന്റെ കെണിയിൽ അകപ്പെട്ടത്. ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു ആര്യ. കോവിഡ് വ്യാപിച്ചപ്പോൾ പണികുറയുകയും ആര്യ ജോലി നിർത്തിപോരുകയുമായിരുന്നു. തനിക്ക് നെടുമ്പാശേരിയിൽ ജോലി ആയിട്ടുണ്ടെന്നും അവിടേയ്ക്ക് പോകുന്നതിന് മുമ്പ് നേരിൽ കാണാൻ താൽപര്യമുണ്ടെന്നും പറഞ്ഞാണ് മൂവാറ്റുപുഴ സ്വദേശിയെ ആര്യ കോതമംഗലത്തേയ്ക്ക് വിളിച്ചുവരുത്തിയത്.

ചൊവ്വാഴ്ച രാത്രി 8 മണിയോടെ കോതമംഗലത്തെത്തിയ ഇയാളുടെ കാറിൽ ആര്യയും യാസിനും കയറി സമീപത്തെ ലോഡ്ജിലെത്തി മുറിയെടുത്തു. ഈസമയമായപ്പോഴേയ്ക്കും അറസ്റ്റിലായവരും ഇവിടേയ്ക്കെത്തി. തുടർന്ന് യാസിനും സംഘവും ഭീഷണിപ്പെടുത്തി കടയുടമയെ വിവസ്ത്രനാക്കി.

പിന്നാലെ ആര്യയെ ഇയാളോടൊപ്പം നിർത്തി യാസിൻ ഫോട്ടോ എടുത്തുവെന്നും ഇത് പുറത്തുവിടാതിരിക്കാൻ 3 ലക്ഷം രുപ ആവശ്യപ്പെട്ടു എന്നുമാണ്് പ്രാഥമിക തെളിവെടുപ്പിൽ വ്യക്തമായിട്ടുള്ളത്. ഫോട്ടോയെടുത്തയുടൻ ആര്യ വീട്ടിലേയ്ക്ക് തിരിച്ചു. പണം കയ്യിൽ ഇല്ലെന്നുപറഞ്ഞപ്പോൾ മുഹമ്മദ് യാസിനും കൂട്ടരും സ്ഥാപന ഉടമയെ കാറിൽക്കയറ്റി ബന്ദിയാക്കി.

രാത്രി മുഴുവനും ഇന്നലെയും കാറിൽ കറങ്ങവേ പലപ്പോഴായി 35000 രൂപ എ.ടി.എമ്മിൽ നിന്നും ഇവർ പിൻവലിച്ചു.കൂടുതൽ പണം പിൻവലിക്കാനുള്ള ശ്രമത്തിനിടെ എ.ടി.എം.കാർഡ് ബ്ലോക്കായി. ഈ സമയം ഇവരുടെ സുഹ്യത്തായ അശ്വിനെ വിളിക്കുകയും കോട്ടപ്പടിയിൽ എത്തുകയും ചെയ്തു. ഇതിനിടെ ഇന്നലെ ഉച്ചയോടെ കോട്ടപ്പടിയിലെ കോളജിനു സമീപം എത്തിയപ്പോൾ മൂത്രം ഒഴിക്കാനെന്ന വ്യാജേന വാഹനത്തിൽ നിന്നും പുറത്തുകടന്ന സ്ഥാപന ഉടമ ഇവരുടെ പിടിയിൽ നിന്നും രക്ഷപെട്ടു.

സംഭവമറിഞ്ഞ കോട്ടപ്പടി പൊലീസ് സ്ഥലത്തെത്തുകയും അശ്വിനെ കസ്റ്റഡിയിലെടുത്തു. താമസിയാതെ രക്ഷപ്പെടാനായി നീക്കം നടത്തിയ ആര്യയെ വീട്ടിലെത്തി പൊലീസ് പിടികൂടി. ആര്യയെ സ്‌കൂട്ടറിൽ കൊണ്ടുപോകാനായി വന്ന സുഹൃത്ത് പൊലീസിനെ കണ്ടതോടെ സ്ഥലം വിട്ടു. സംഭവത്തിൽ നേരിട്ടിടപെട്ട് ഒരാളെയും സഹായികളെന്ന് സംശയിക്കുന്ന മൂന്നുപേരെയുമാണ് പൊലീസ് തിരയുന്നത്.

ആര്യ കേസ്സിൽപ്പെടുന്നത് ആദ്യമാണെന്നും അറസ്റ്റിലായവർ മുമ്പ് പലകേസ്സുകളിലും പ്രതികളായിട്ടുള്ളവരാണെന്നും ഹണിട്രാപ്പിൽ ഇത് ഇവരുടെ ആദ്യഇടപെടലായിരുന്നെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്.