ഡൽഹി: ജോലിക്കിടെ സമയം കൊല്ലിയായി ഒരു വീഡിയോ എടുത്ത് പോസ്റ്റ് ചെയ്ത പൊലീസുകാർക്ക് കിട്ടിയത് മുട്ടൻപണി. സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോക്കു പിന്നിലുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കാണ് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചിരിക്കുന്നത്. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മോഡൽ ടൗൺ പൊലീസ് സ്റ്റേഷനിലുള്ള വനിതാ ഹെഡ് കോൺസ്റ്റബിളും കോൺസ്റ്റബിളും ചേർന്നാണ് ലോക്ക്ഡൗണിനിടെ ഔദ്യോഗിക യൂനിഫോമിൽ ബോളിവുഡ് ഗാനങ്ങൾക്കൊത്ത് അഭിനയിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.

അഭിനന്ദനങ്ങളും ആശംസകളും പ്രതീക്ഷിച്ചിരുന്നു പൊലീസ് ഉദ്യോഗസ്ഥരെ തേടിയെത്തിയത് വ്യാപക വിമർശനവും മേലധികാരികളുടെ വക കാരണംകാണിക്കൽ നോട്ടീസുമാണ്. വടക്കുപടിഞ്ഞാറൻ ഡൽഹിക്കു കീഴിലുള്ള മോഡൽ ടൗൺ പൊലീസ് സ്റ്റേഷനിലെ വനിതാ ഹെഡ് കോൺസ്റ്റബിൾ ശശിയും കോൺസ്റ്റബിളായ വിവേക് മാത്തൂറുമാണ് ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ലോക്ക്ഡൗണിനിടെയാണ് ഔദ്യോഗിക യൂനിഫോമിൽ ബോളിവുഡ് ഗാനങ്ങൾക്കൊത്ത് അഭിനയിക്കുന്ന വിഡിയോ ഇവർ പോസ്റ്റ് ചെയ്തത്. ഈ വിഡിയോ സമൂഹമാധ്യമങ്ങൾ വ്യാപകമായി ഏറ്റെടുക്കുകയും ചെയ്തിരുന്നു.


വടക്കുപടിഞ്ഞാറൻ ഡിസിപി ഉഷ രംഗ്‌നാനിയാണ് ഇരുവർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. വിഡിയോയിൽ വിവേക് മാസ്‌ക് ധരിച്ചിട്ടില്ലെന്നും ഇരുവരും സാമൂഹിക അകലം പാലിക്കുന്നില്ലെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. ഔദ്യോഗിക ചുമതലയിലെ വീഴ്ചയ്ക്കു പുറമെ കടുത്ത അശ്രദ്ധയും നിരുത്തരവാദ സമീപനവുമാണ് ഇരുവരുടേതുമെന്നും നോട്ടീസിൽ പറയുന്നു.