തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്നും തന്നെ ഒഴിവാക്കിയ പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന് കെകെ ശൈലജ. തീരുമാനം പാർട്ടിയുടേതാണെന്നും അത് പൂർണ്ണമായും അംഗീകരിക്കുന്നുവെന്നും കെകെ ശൈലജ പറഞ്ഞു. ഈ വിഷയത്തിൽ തനിക്ക് മറ്റൊന്നും പറയാനില്ലെന്നും മുൻ ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

കെകെ ശൈലജയ്ക്ക് പാർട്ടി വിപ്പ് സ്ഥാനമാണ് നിലവിൽ നൽകിയിരിക്കുന്നത്. കെകെ ശൈലജക്ക് മാത്രമായി ഇളവ് വേണ്ടെന്ന് സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ അഭിപ്രായം ഉയർത്തുകയായിരുന്നു. ഇതിനെ 88 അംഗ സമിതിയിൽ ഭൂരിഭാഗവും പിന്തുണക്കുകയായിരുന്നുവെന്നാണ് വിവരം. കെകെ ശൈലജക്ക് ഏഴ് പേരുടെ പിന്തുണ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

എംവി ജയരാജൻ കെകെ ശൈലജയെ പിന്തുണച്ചു. പിണറായി വിജയൻ മാറുകയാണെങ്കിൽ കെകെ ശൈലജയുടെ പേര് മുഖ്യമന്ത്രിസ്ഥാനത്തേക്ക് സ്ഥാനത്ത് വരെ പരിഗണിച്ചിരുന്നു. എന്നാൽ രണ്ടാം പിണറായി സർക്കാരിൽ മന്ത്രിമാരുടെ പട്ടിക പുറത്ത് വന്നപ്പോൾ കെകെ ശൈലജ പട്ടികക്ക് പുറത്താണ്. നിലവിൽ പാർട്ടി വിപ്പ് സ്ഥാനത്തേക്കാണ് കെകെ ശൈലജയെ പരിഗണിച്ചിട്ടുള്ളത്.

ആരോഗ്യ രംഗത്തെ പ്രവർത്തനത്തിന് അന്തർദേശീയ തലത്തിൽ പോലും ശ്രദ്ധ നേടിയ പ്രവർത്തനമായിരുന്നു കെകെ ശൈലജയുടേത്. അതിനാൽ മന്ത്രിസ്ഥാനത്തേക്ക് ശൈലജയെ പരിഗണിക്കാത്തത് വലിയ പ്രതിഷേധത്തിന് കാരണമായേക്കാം. 60963 ന്റെ ചരിത്ര ഭൂരിപക്ഷവുമായാണ് മട്ടന്നൂരിൽ നിന്നും ഇത്തവണ കെക ശൈലജ വിജയിച്ചത്. കെകെ ശൈലജ രണ്ടാം ഘട്ടത്തിൽ സ്ഥാനാർത്ഥിയാവണോയെന്ന കാര്യത്തിൽ പോലും ചർച്ച നടന്നിരുന്നു. ഒടുവിൽ വലിയ പ്രതിഷേധം ഉയർന്നതോടെ മട്ടന്നൂരിൽ മത്സരിപ്പിക്കുകയായിരുന്നു. കെകെ ശൈലജയെ മാറ്റി നിർത്തിയതിൽ സിപിഐഎം ദേശീയ നേതൃത്വത്തിനും അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്.

ഒന്നാം പിണറായി മന്ത്രിസഭയിൽ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച കെകെ ശൈലജയെ മാറ്റിനിർത്തുന്നത് ഉചിതമായ തീരുമാനമല്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. എന്നാൽ സംസ്ഥാന നേതൃത്വമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് എന്നതിനാൽ ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ ഇക്കാര്യത്തിൽ വിലപോവില്ല.

കണ്ണൂരിൽ നിന്ന് ശൈലജയ്ക്കെതിരെ ചരടുവലികൾ നടക്കുന്നതായി നേരത്തെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. പാർട്ടിയിലെ പ്രബലരായ നേതാക്കളെക്കാൾ വലിയ ജനപിന്തുണയാണ് സമീപകാലത്ത് ആരോഗ്യമന്ത്രിയെന്ന നിലയിൽ ശൈലജയ്ക്ക് ലഭിച്ചത്.

പാർട്ടിയിലെ ഗ്രൂപ്പുകളിൽ വലിയ സ്വാധീനമില്ലാതിരുന്ന ശൈലജയെ എളുപ്പത്തിൽ മാറ്റിനിർത്താൻ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞു. അതേസമയം ദേശീയ നേതൃത്വം ഇക്കാര്യത്തിൽ പരസ്യ പ്രസ്താവനയുമായി രംഗത്തുവന്നാൽ കാര്യങ്ങൾ കൂടുതൽ തലവേദനയാകും. അണികൾക്കിടയിൽ നിന്ന് പരസ്യ പ്രതികരണം ഉണ്ടായാൽ സംസ്ഥാന നേതൃത്വത്തിന് തീരുമാനത്തിൽ പിന്നോക്കം പോകേണ്ടി വന്നേക്കും. മുൻപ് വി എസ് അച്യൂതാനന്ദന് വേണ്ടി അത്തരത്തിലൊരു പ്രതിഷേധം നടന്നിരുന്നു.